തുടക്കമിട്ടത് മൂന്ന് ഉപജില്ലകളിൽ മാത്രം
തൃശൂർ: ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട സൗകര്യം ഒരുക്കുമ്പോഴും പാഠപുസ്തക വിതരണത്തിൽ മെല്ലെപ്പോക്ക്. 12 ഉപജില്ലകളുള്ള റവന്യൂ വിദ്യാഭ്യാസ ജില്ലയിൽ മൂന്നെണ്ണത്തിൽ മാത്രമാണ് വിതരണം നടക്കുന്നത്. പൂർണ്ണമായ രീതിയിൽ വിതരണം എങ്ങും നടന്നിട്ടില്ല. ഒമ്പത് ഉപജില്ലകളിൽ എന്ന് വിതരണം തുടങ്ങുമെന്ന കാര്യത്തിൽ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിനും യാതൊരു വിവരവുമില്ല. ഈ മാസം അവസാനത്തോടെ പുസ്തക വിതരണം പൂർത്തിയാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് ജില്ലാ ബുക്ക് ഡിപ്പോയിൽ നിന്നാണ് പുസ്തകം വേർതിരിച്ച് ഉപജില്ലകളിലേക്ക് എത്തിക്കുന്നത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ പുസ്തകം ഗവ. എൻജിനീയറിംഗ് കോളജിലുമാണ് ഒരുക്കുന്നത്. നേരത്തെ ജനുവരിയിൽ പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവേദിയായി നിശ്ചയിച്ചത് തൃശൂരിനെയായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഉദ്ഘാടനം മാറ്റിയത്. മാർച്ചോടെ പുസ്തകം ജില്ലാ ഡിപ്പോയിൽ എത്തിയിട്ടുണ്ട്.
ചുമതല
കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്കാണ് പാഠപുസ്തക വിതരണ ചുമതല. ഡി.ഡി.ഇ ഓഫീസിന് വിതരണത്തിന് മേൽനോട്ടം വഹിക്കുക മാത്രമാണ് ചെയ്യാനുള്ളത്. കാര്യമായ ഇടപെടൽ ജില്ലാ വിദ്യഭ്യാസ ഉപ ഡയറക്ടറുടെ ഭാഗത്ത് നിന്നും ഇനിയും ഉണ്ടായില്ലെങ്കിൽ കുട്ടികൾക്ക് പാഠപുസ്തകം ലഭിക്കാൻ ഇനിയുമേറെ കാത്തിരിക്കണം.
വിതരണത്തിനുള്ള തടസം
പുസ്തകങ്ങൾ വേർതിരിക്കുന്ന പ്രവൃത്തി ഇഴയുന്നതാണ് പ്രധാന പ്രശ്‌നം. കുടുംബശ്രീ പ്രവർത്തകർക്കാണ് ചുമതല. എന്നാൽ ആവശ്യമായ അംഗബലം ഇല്ലാത്തതും കുടുംബശ്രീ അംഗങ്ങൾക്കുള്ള പരിചയക്കുറവുമാണ് പ്രശ്നം.
വിതരണം നടക്കുന്ന ഉപജില്ലകൾ
തൃശൂർ ഈസ്റ്റ്,
തൃശൂർ വെസ്റ്റ്
ചേർപ്പ്
വിതരണം നടക്കാനുള്ളത്
വലപ്പാട്
ഗുരുവായൂർ
കൊടുങ്ങല്ലൂർ
മാള
വടക്കാഞ്ചേരി
ചാവക്കാട്
മുല്ലശേരി
കുന്നംകുളം
ഇരിങ്ങാലക്കുട
ചാലക്കുടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |