പാലക്കാട്: ജില്ലയിൽ ഇന്നലെ പത്തുപേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 14 പേർ രോഗമുക്തരായി. ഇതോടെ നിലവിൽ ചികിത്സയിലുള്ളവർ 122 ആയി. ഇതിനുപുറമെ ജില്ലക്കാരായ അഞ്ചുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്നുപേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരത്തും ചികിത്സയിലുണ്ട്.
അബുദാബിയിൽ നിന്നെത്തിയ തെങ്കര സ്വദേശി (31, പുരുഷൻ), ചൂലന്നൂർ സ്വദേശി (34, പുരുഷൻ), മഹാരാഷ്ട്രയിൽ നിന്നെത്തിയ പട്ടഞ്ചേരി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർ (13പെൺകുട്ടി, 40സ്ത്രീ, 47പുരുഷൻ), മുംബൈയിൽ നിന്നെത്തിയ തെങ്കര സ്വദേശി (22 സ്ത്രീ, കോഴിക്കോട് മെഡിക്കൽ കോളേജിൽ), ദുബായിൽ നിന്നുള്ള പെരുമാട്ടി സ്വദേശി (26, പുരുഷൻ), മധുരയിൽ നിന്നുള്ള പെരുമാട്ടി സ്വദേശികൾ (51, സ്ത്രീ, 53, പുരുഷൻ), ഡൽഹിയിൽ നിന്നുള്ള പിരായിരി സ്വദേശി (55, സ്ത്രീ) എന്നിവർക്കാണ് രോഗബാധ.
പെരിങ്ങോട് സ്വദേശി (58, സ്ത്രീ), എലവഞ്ചേരി സ്വദേശി (52, പുരുഷൻ), മലപ്പുറം സ്വദേശി (44, പുരുഷൻ), പട്ടാമ്പി സ്വദേശികൾ (26, 64 പുരുഷന്മാർ), ചെർപ്പുളശേരി (45, സ്ത്രീ), അമ്പലപ്പാറ സ്വദേശി (34, സ്ത്രീ), കടമ്പഴിപ്പുറം സ്വദേശി (33, 38 പുരുഷന്മാർ), കുഴൽമന്ദം സ്വദേശി (25, പുരുഷൻ), കൊപ്പം സ്വദേശി (35, പുരുഷൻ), തൃക്കടീരി സ്വദേശി (50, പുരുഷൻ), തൃശൂർ സ്വദേശി (31, പുരുഷൻ), കരിമ്പ സ്വദേശി (24, പുരുഷൻ) എന്നിവരാണ് രോഗമുക്തി നേടിയത്.
26 പ്രവാസികൾ കൂടി മടങ്ങിയെത്തി
ദോഹ, ദുബായ്, ഷാർജ, കുവൈറ്റ്, മസ്‌കറ്റ് എന്നിവിടങ്ങളിൽ നിന്ന് 26 പേർ കൂടി ജില്ലയിൽ മടങ്ങിയെത്തി. ഇതിൽ 12 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ പ്രവേശിച്ചു. ഒരാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബാക്കി 13 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
ജില്ലയിൽ വീടുകളിലും കൊവിഡ് കെയർ സെന്ററുകളിലുമായി 1522 പ്രവാസികളാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 410 പേരാണ് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിനുള്ളത്. 1112 പ്രവാസികൾ വീടുകളിൽ നിരീക്ഷണത്തിലാണ്.
നിരീക്ഷണത്തിലിരിക്കെ കറങ്ങാനിറങ്ങിയ ആളെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി
തമിഴ്നാട്ടിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ തുടരവേ കറങ്ങാനിറങ്ങിയ ലോറി ഡ്രൈവർ വടക്കഞ്ചേരി കമ്മാന്തറ രാജനെ (37) പൊലീസ് പിടികൂടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിൽ നിന്ന് വ്യാഴാഴ്ച എത്തിയ ഇയാളെ ആരോഗ്യ വകുപ്പ് അധികൃതർ വീട്ടിൽ നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ വെള്ളിയാഴ്ച ഇയാൾ പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആരോഗ്യ വകുപ്പ് അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. സംഭവമറിഞ്ഞ് പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലതെത്തി ഇയാളെ ആംബുലൻസിൽ ഡയാന ഹോട്ടലിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ ശ്രമിച്ചു. എന്നാൽ ഹോട്ടലിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് പോകാൻ വിസമ്മതിച്ച ഇയാൾ ഓടിപ്പോകാനും ശ്രമിച്ചു. ഇയാളെ പിടിക്കുന്നതിനിടെ പൊലീസിനെ കൈയേറ്റം ചെയ്തു. പിന്നീട് ഇയാളെ ജില്ലാ ആശുപത്രിയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പൊലീസിനെ കൈയേറ്റം ചെയ്ത ഇയാൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന്റെ പേരിൽ കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |