കോഴിക്കോട്: ലോക്ക് ഡൗൺ ഇളവിന് ശേഷം അനക്കം വച്ചു തുടങ്ങിയ ഓട്ടോ-ടാക്സി മേഖല ഇന്ധനവിലക്കയറ്റത്തിൽ താളം തെറ്റുന്നു. ഓടിക്കിട്ടുന്ന പണം ഇന്ധനം നിറയ്‌ക്കാൻ പോലും തികയുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. വില ഇനിയും കൂടിയാൽ വാഹനം നിരത്തിലിറക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നു.
ലോക്ക് ഡൗണിന് മുമ്പ് തന്നെ ടാക്സി മേഖല കനത്ത നഷ്ടത്തിലായിരുന്നു. രണ്ടു മാസത്തിന് ശേഷം സർവീസ് ആരംഭിച്ചെങ്കിലും തിരക്ക് കുറഞ്ഞതോടെ ക്രമേണ ഓട്ടവുമില്ലാതായി. ഇതോടെ വാഹനങ്ങൾ ഓട്ടമില്ലാതെ സ്റ്റാൻഡുകളിൽ കിടക്കുകയാണ്. പൊതുഗതാഗതം സജീവമാകുമ്പോൾ യാത്രക്കാർ വർദ്ധിക്കുമെന്ന് കരുതിയെങ്കിലും വിനോദ സഞ്ചാര കേന്ദ്രങ്ങളും പാർക്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞതോടെ ആ പ്രതീക്ഷയും ഇല്ലാതായി. ജോലിയ്‌ക്കും, ആശുപത്രിയിലേക്കുമുള്ളവർ മാത്രമാണ് നഗരങ്ങളിലേക്കെത്തുന്നത്. ഇതിൽ ഭൂരിഭാഗവും സ്വന്തം വാഹനങ്ങളിലാണ് വരുന്നത്. മറ്റുള്ളവർ കാൽനടയായും.
റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമെത്തുന്നവരുടെ എണ്ണം കുറഞ്ഞതും ടാക്സി തൊഴിലാളികളെ ആശങ്കയിലാക്കുന്നുണ്ട്. യാത്രക്കാരെ കാത്ത് മണിക്കൂറുകളോളം സ്റ്റാൻഡിൽ കിടക്കേണ്ട അവസ്ഥയാണുള്ളത്. ദിവസവും 300 രൂപയ്‌ക്ക് താഴെയാണ് വരുമാനം.
മിക്കവരും വായ്പയെടുത്താണ് വാഹനങ്ങൾ വാങ്ങിയത്. എന്നാൽ ഓട്ടമില്ലാതായതോടെ തിരിച്ചടവ് മുടങ്ങി. ലോക്ക് ഡൗണ്‍ ചെലവുകൾക്കും വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കും പലരും കടം വാങ്ങിയിട്ടുമുണ്ട്. ലോക്ക് ഡൗണിന് ശേഷം ജീവിതം തിരിച്ചു പിടിക്കാമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാൽ ഇടയ്‌ക്കിടെയുള്ള ഇന്ധന വില വർദ്ധനവിൽ ഓട്ടോ-ടാക്സി മേഖല അസ്വസ്ഥരാണ്.
പ്രതിസന്ധികൾ പലത്
ഇപ്പോൾ ദിവസവും കിട്ടുന്ന ശരാശരി വരുമാനം- 300 രൂപ
യാത്രക്കാർ കുറഞ്ഞതോടെ വരുമാനം കുറഞ്ഞു
ഓട്ടം നിലച്ചതോടെ വായ്‌പ തിരിച്ചടവ് മുടങ്ങി
ഭൂരിഭാഗം പേരും നഗരങ്ങളിലെത്തുന്നത് സ്വന്തം വാഹനത്തിൽ
റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും തിരക്ക് കുറഞ്ഞു
യാത്രക്കാരെ കാത്ത് സ്റ്റാൻഡുകളിൽ കിടക്കുന്നത് മണിക്കൂറുകൾ
ഇന്ധ വില കൂടിയാൽ വാഹനം നിരത്തിലിറക്കാനാകില്ലെന്ന് തൊഴിലാളികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |