തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒക്ടോബർ അവസാന വാരം നടക്കും.കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രകടനമോ സമ്മേളനങ്ങളോ കുടുംബ യോഗങ്ങളോ ഇല്ലാതെയാവും തിരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് സുരക്ഷ ഉറപ്പാക്കാൻ സാമൂഹിക അകലം പാലിച്ചായിരിക്കും വോട്ടെടുപ്പ്. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ ദീർഘിപ്പിക്കും. രാവിലെ 7ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറു വരെയാക്കും.
സർക്കാർ തലത്തിൽ തിരഞ്ഞെടുപ്പിനുള്ല ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കരട് വോട്ടർ പട്ടിക ഇന്നലെ പ്രസിദ്ധപ്പെടുത്തി. പഞ്ചായത്ത്, വില്ലേജ്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഓഫീസുകളിലാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്. പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടായിരിക്കും. അന്തിമ വോട്ടർപട്ടിക ആഗസ്റ്റിൽ പ്രസിദ്ധീകരിക്കും. വാർഡ്, ഡിവിഷൻ വർദ്ധനവില്ല ഇക്കുറി. എന്നാൽ സംവരണ വാർഡുകൾ മാറും.
തിരഞ്ഞെടുപ്പ് വിജ്ഞാപനം ആഗസ്റ്റിൽ പുറപ്പെടുവിക്കുവാനാണ് ധാരണ. സെപ്തംബർ അവസാന വാരം മുതൽ പത്രിക സ്വീകരിച്ചുതുടങ്ങും. പ്രചരണത്തിന് ഒരു മാസക്കാലം ലഭിക്കും. ഒക്ടോബർ അവസാനവാരം രണ്ടു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുവാനാണ് പരിപാടി. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും രണ്ടു ദിവസങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യം. നവംബർ 12ന് നിലവിലുള്ള ഭരണസമിതിയുടെ കാലാവധി അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |