SignIn
Kerala Kaumudi Online
Monday, 07 July 2025 9.06 PM IST

"ചാരുകസേരയിലിരുന്ന് അനുകൂലിക്കുന്നവർ സ്വന്തം വീട്ടിൽ ഈ പരീക്ഷണം നടത്തുമോ? ആക്ടിവിസം ചമഞ്ഞ് കല്ലെറിയും മുമ്പെ ആലോചിക്കുക": ഡോക്‌ടറുടെ കുറിപ്പ്

Increase Font Size Decrease Font Size Print Page
rehana-fathima

കഴിഞ്ഞ രണ്ട് ദിവസമായി സാമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായതും വിവാദമായതും രഹ‌്ന ഫാത്തിമയുടെ ഫേസ്‌ബുക്ക് പോസ്റ്റാണ്. സ്വന്തം കുട്ടിയെ കൊണ്ട് നഗ്‌ന ശരീരത്തിൽ ചിത്രകല നടത്തിയ രഹ്‌നയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.ഒടുവിൽ രഹ്നയുടെ പേരിൽ പൊലീസും ബാലാവകാശ കമ്മിഷനും കേസ് വരെ രജിസ്‌റ്റർ ചെയ്യുന്ന സാഹചര്യവുമുണ്ടായി.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡോ.സി.ജെ ജോൺ. ഒരു സ്വകാര്യ ഗവേഷണമായി ഒതുക്കാമായിരുന്നുവെന്നും കാമറയിൽ പകർത്തി പൊതു സമൂഹത്തിന്റെ മുമ്പിലേക്ക് ഇപ്പോഴേ എറിഞ്ഞു കൊടുക്കണമായിരുന്നോവെന്നും അദ്ദേഹം ചോദിക്കുന്നു.

അമ്മയുടെ അർദ്ധ നഗ്‌ന മേനിയിൽ സ്വന്തം കുട്ടികളെ കൊണ്ട് ചിത്രകല നടത്തിയാൽ അവർ സ്ത്രീ ശരീരത്തോട് ആദരവുള്ളവരായിരിക്കുമെന്ന് പറയാൻ കഴിയുമോയെന്നും സി.ജെ ജോൺ ചോദിക്കുന്നുണ്ട്. കുട്ടികൾ വളർന്നു വരുമ്പോൾ മാത്രമേ ഇക്കാര്യത്തിൽ തീർപ്പുപറയാൻ സാധിക്കൂ. കുട്ടികൾ ലൈംഗിക അരാജകത്വത്തിന്റെ വഴിയിൽ പോകാമെന്ന അപകടവും ഇതിൽ പതിയിരിക്കുന്നതായി സി.ജെ.ജോൺ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അമ്മയുടെ അർദ്ധ നഗ്‌ന മേനിയിൽ സ്വന്തം കുട്ടികളെ കൊണ്ട് ചിത്രകല നടത്തിയാൽ അവർ സ്ത്രീ ശരീരത്തോട് ആദരവുള്ളവരായിരിക്കുമെന്നും കപട ലൈംഗിക സങ്കൽപ്പങ്ങളുടെ പിടിയിൽ പെടാതിരിക്കുമെന്ന ആശയമാണ് ഒരു വനിത ബോഡി ആർട്സ് ആൻഡ് പൊളിറ്റിക്സ് എന്ന ലേബലിൽ മുന്നോട്ടു വയ്ക്കുന്നത്. ആ ഗവേഷണത്തിലെ പരീക്ഷണ വസ്തുക്കളായി അവരുടെ കുട്ടികളെ ഉപയോഗിച്ച് ചിത്രം വരപ്പിക്കുന്ന ഒരു യുട്യൂബ് വിഡിയോയും ഇട്ടിട്ടുണ്ട്. ആ ധീരത കൊണ്ട് ഈ വാദഗതി ശരിയെന്ന് പറയാൻ പറ്റില്ലല്ലോ ?

ഈ കുട്ടികൾ വളർന്ന് വരുമ്പോഴല്ലേ ഈ പരീക്ഷണത്തിന് ഫലമുണ്ടായിയെന്ന് പറയാൻ പറ്റുകയുള്ളൂ. അതിനു മുമ്പുള്ള അവകാശ വാദങ്ങൾ ഒരു കപട വിപ്ലവത്തിന്റെ കാഹളം മാത്രമാകില്ലേ? ഈ പരീക്ഷണത്തിന്റെ പാർശ്വ ഫലവും വിപരീത ഫലവും കൂടി ഗവേഷക പരിഗണിക്കണ്ടേ? ഗവേഷക പറയുന്നത് പോലെയുള്ള ഒരു കപട ധാർമികതയുടെയും ലൈംഗികതയുടെയും സംസ്കാരവുമായി ഇടപഴകി ജീവിക്കാൻ പോകുന്ന ഈ കുട്ടികൾ ഈ അനുഭവത്തെ എങ്ങനെയാവും ഭാവിയിൽ ഉൾക്കൊള്ളുകയെന്ന് പ്രവചിക്കാൻ പറ്റുമോ? ഈ കുട്ടികളുടെ സ്‌കൂളിലെ മറ്റു കുട്ടികളുടെയും അധ്യാപകരുടെയും പ്രതികരണങ്ങളെ കൈകാര്യം ചെയ്യുവാനുള്ള പ്രാപ്തി ഈ പ്രായത്തിൽ അവർക്കുണ്ടോ?

ആ കാറ്റിൽ പെട്ട് അവർ ഒരു ലൈംഗിക അരാജകത്വത്തിന്റെ വഴിയിൽ പോകാമെന്ന അപകടവും ഇല്ലേ? കുട്ടികളുടെ വ്യക്തിത്വവും ലൈംഗികതയുമൊക്കെ രൂപപ്പെട്ട് വരുന്ന ക്യാൻവാസ് ഇതിലും വലുതല്ലേ? സ്ത്രീയോടുള്ള ആദരവ് വളർത്താനുള്ള പാഠങ്ങൾ വീട്ടിൽ തുടങ്ങണമെന്ന ആശയത്തോട് പൂർണ്ണ യോജിപ്പ്. പക്ഷെ അതിൽ ഇങ്ങനെയൊരു പാഠത്തിനുള്ള പ്രസക്തി എന്താണെന്ന് വ്യക്തമല്ല.

അമ്മയും കുട്ടികളും ഉൾപ്പെടുന്ന കലാപരമായ ഈ അന്യോന്യത്തിൽ അശ്ലീലം കാണുന്നില്ല. അത് ഒരു സ്വകാര്യ ഗവേഷണമായി ഒതുക്കാമായിരുന്നു. അത് ക്യാമറയിൽ പകർത്തി പൊതു സമൂഹത്തിന്റെ മുമ്പിലേക്ക് ഇപ്പോഴേ എറിഞ്ഞു കൊടുക്കണമായിരുന്നോ? ചെയ്യുന്നത് എന്തെന്നും എന്തിന് വേണ്ടിയെന്നും കൃത്യമായി അറിയാത്ത പ്രായത്തിൽ മുതിർന്ന ഒരാളുടെ ആദർശ പ്രഖ്യാപനത്തിനുള്ള ഉപകരണമായി കുട്ടികളെ മാറ്റുന്നതിൽ ഒരു അബ്യുസ് നിഴലിക്കുന്നില്ലേ? കുട്ടികൾ വളർന്ന് കൗമാരത്തിലും യുവത്വത്തിലുമൊക്കെ എത്തുമ്പോഴല്ലേ അവർ സ്ത്രീകളോട് എങ്ങനെ പെരുമാറുമെന്ന് അറിയാനാകൂ. ഈ വിപ്ലവത്തെ ചാരു കസേരയിൽ ഇരുന്നു അനുകൂലിക്കുന്നവർ സ്വന്തം വീട്ടിൽ ഈ പരീക്ഷണം നടത്തുമോ ആവോ ? ആക്ടിവിസം ചമഞ്ഞു കല്ലെറിയും മുമ്പേ അത് കൂടി ആലോചിക്കുക. ആ കുട്ടികളെ ഓർത്തു വിഡിയോ ഇടുന്നില്ല.

TAGS: REHANA FATHIMA, SOCIAL MEDIA, VIRAL VIDEO, ISSUE, CJ JOHN, FACEBOOK POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.