പിലിക്കോട്: കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന താഴക്കാട്ട്മന സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ (ടി.എസ് തിരുമുമ്പ് ) ഭവനം കാർഷിക സാംസ്കാരിക പഠന കേന്ദ്രമാക്കുന്നു. കൃഷിയെയും കാർഷിക സംസ്കാരത്തെക്കുറിച്ചും പഠിക്കാനും അടുത്തറിയാനുമാണ് കാർഷിക സംസ്കൃതി പoന കേന്ദ്രം - തിരുമുമ്പ് സെന്റർ ഫോർ ഫാമിംഗ് കൾച്ചർ സ്റ്റഡീസ് സെന്ററായി ഉയർത്തുന്നത്.
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 1.97 കോടി രൂപ ചെലവിലാണ് സ്ഥാപനം നവീകരിക്കുക. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തോടനുബന്ധിച്ച് കിടക്കുന്ന ഈ കവി ഭവനം 1980 ൽ കേരള കാർഷിക സർവ്വകലാശാല ഏറ്റെടുത്തിരുന്നു. അന്നു മുതലുള്ള ആവശ്യമാണ് നടപ്പിലാക്കാൻ പോകുന്നത്.
പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ടി. വനജയാണ് ഇതിന്റെ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. യുവാക്കളടക്കമുള്ള പുതുതലമുറയെ കാർഷിക മേഖലയുമായി ബന്ധപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് സ്ഥാപനത്തെ ഒരുക്കുന്നത്. നേരത്തെ 25 ലക്ഷം രൂപ ചെലവിൽ പണിത കവി ഭവനത്തെ പരമ്പരാഗത രീതിയിലാണ് നവീകരിച്ച് വികസിപ്പിക്കുക.
ഈ വർഷം ഒരുക്കുന്നത്
പരമ്പരാഗത, ആധുനിക കാർഷിക ഉത്പന്നങ്ങളുടെ മ്യൂസിയം, ഹരിതവനം, കുട്ടികളുടെ പാർക്ക്, ധാന്യ പാർക്ക്, നെല്ല് സംഭരിക്കാനും പ്രദർശിപ്പിക്കാനുമുള്ള സൗകര്യം, കാർഷിക സെമിനാറുകൾക്ക് തുറന്ന ഓഡിറ്റോറിയം, ഔഷധസസ്യ പാർക്ക്, സ്വദേശ-വിദേശ സഞ്ചാരികളെ ആകർഷിക്കാനായി ഏറുമാടത്തിന്റെ സ്റ്റൈലിൽ ഹോം സ്റ്റേകൾ, 30 മീറ്റർ നീളത്തിലും 8.8 മീറ്റർ വീതിയുള്ള പരമ്പരാഗത രീതിയിൽ പണിയുന്ന ഓഡിറ്റോറിയം, മഴമറ നടപ്പാത,10,505 ചതുരശ്ര അടിയിൽ പണിയുന്ന പരമ്പരാഗത ഇരിപ്പിടമടങ്ങിയ ഹരിതവനം തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുക. വരും വർഷങ്ങളിൽ കൂടുതൽ നവീകരണം നടത്താനും ജില്ലാ ഭരണകൂടവും കാർഷിക സർവ്വകലാശാലയും ആലോചിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |