@ ചൈനയുടെ കടന്നുകയറ്റം ഉപഗ്രഹങ്ങൾ കണ്ടെത്തി
@ കാർട്ടോസാറ്റ് 3 ലോകത്തെ ഏറ്റവും ശക്തിയുള്ള നിരീക്ഷണ ഉപഗ്രഹം
തിരുവനന്തപുരം:സംഘർഷം രൂക്ഷമായ വടക്കൻ അതിർത്തികളിൽ ഉപഗ്രഹ കാവലിൽ ഇന്ത്യ ചൈനയെക്കാൾ ഉയരെ. ചൈനയ്‌ക്ക് ഉപഗ്രഹങ്ങൾ കൂടുതലുണ്ടെങ്കിലും നിരീക്ഷണ ഉപഗ്രഹങ്ങളുടെ കാര്യത്തിൽ മേഖലയിൽ മേൽക്കെെയില്ല.
ലോകത്തെ ഏറ്റവും ശക്തിയേറിയ നിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് 3, റിസാറ്റ് 2 ബി.ആർ.1 എന്നിവയെ ഇന്ത്യ നിയോഗിച്ചിരിക്കുന്നത് വടക്കൻ അതിർത്തി മേഖലയിലാണ്. 509 കിലോമീറ്റർ ഉയരത്തിലെ ഭ്രമണപഥത്തിൽ നിന്ന് ഇവ ഇരുപത്തിനാല് മണിക്കൂറും ചെെനയുടെയും പാകിസ്ഥാന്റെയും അതിർത്തികൾ നിരീക്ഷിക്കുന്നു. ലഡാക്കിലെ ചെെനീസ് സാന്നിദ്ധ്യം മാർച്ചിൽത്തന്നെ കണ്ടെത്തിയതും ഒത്തുതീർപ്പിനു ശേഷവും അവർ പിന്നാക്കം പോയിട്ടില്ലെന്ന് കണ്ടെത്തിയതും ഇൗ ഉപഗ്രഹങ്ങളാണ്.
@ 25 സെന്റീമിറ്റർ വരെ കൃത്യത
കാർട്ടോസാറ്റ് 3-യിലെ കാമറ ഭൂമിയിലെ 25 സെന്റിമീറ്റർ മാത്രം വലുപ്പമുള്ള വസ്തുക്കൾ മുതൽ 16 കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശങ്ങളുടെ വരെ ആകാശചിത്രം പകർത്തി സെക്കൻഡുകൾക്കകം ഭൂമിയിലെത്തിക്കും. അമേരിക്കയുടെ വേൾഡ് വ്യൂ 4 ഉപഗ്രഹത്തെക്കാൾ ശേഷിയുണ്ട്. വേൾഡ് വ്യൂവിന് 31 സെന്റിമീറ്റർ വരെ വലുപ്പമുള്ള വസ്തുക്കളെയാണ് പകർത്താനാകുക. ഇരുട്ടിലും പ്രതികൂല കാലാവസ്ഥയിലും നിരീക്ഷിക്കാൻ റിസാറ്റ് 2ബി.ആർ.1 ഉപഗ്രഹത്തിന് റഡാർ ഇമേജിംഗ് സംവിധാനമുണ്ട്.
@ചൈനീസ് നിരീക്ഷണം അഞ്ച് ദിവസത്തിലൊരിക്കൽ
ഇന്ത്യ 118ഉം ചെെന 363ഉം ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചിട്ടുള്ളത്. ചെെന അമേരിക്കൻ ആക്രമണത്തെ എപ്പോഴും ഭയപ്പെടുന്നതിനാൽ രാജ്യാന്തര തർക്കസ്ഥലമായ തെക്കൻ ചെെനാ കടലിലാണ് നിരീക്ഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. അഞ്ചു ദിവസം ഇടവിട്ടാണ് ഇന്ത്യൻ അതിർത്തിക്കു മീതേ ചെെനീസ് ഉപഗ്രഹങ്ങൾ നിരീക്ഷണത്തിനെത്തുക. ഇന്ത്യയുമായി സംഘർഷമുണ്ടായതോടെ ജൂൺ 17 ന് ചെെന ജിയോഫെൻ 9 എന്ന നിരീക്ഷണ ഉപഗ്രഹം കൂടി വിക്ഷേപിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആകാശക്കണ്ണുകൾ
കാർട്ടോസാറ്റ് 2-ഇ.
കാർട്ടോസാറ്റ് 2-എഫ്
കാർട്ടോ സാറ്റ് 2-ഡി
കാർട്ടോസാറ്റ് -3
റിസാറ്റ് 2 ബി.ആർ-1
ജി സാറ്റ് - 29
റിസാറ്റ് 2 ബി.ആർ - 2
ആഗസ്റ്റിൽ
അതിർത്തിയിലെ കാവൽ കൂടുതൽ ശക്തമാക്കാൻ റഡാർ ഇമേജിംഗ് സാങ്കേതിക വിദ്യയോടുകൂടിയ റിസാറ്റ് 2 ബി.ആർ.2 ഐ.എസ്.ആർ.ഒ ആഗസ്റ്റിൽ വിക്ഷേപിക്കും. മറ്റ് ഉപകരണങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പൂർണമായും സൈനിക ഉപഗ്രഹമാണ്.
സൈനിക ഉപഗ്രഹങ്ങൾ നിയന്ത്രിക്കുന്നതിലും വിവരങ്ങൾ വിശകലനം ചെയ്യുന്നതിലും ഐ.എസ്.ആർ.ഒയ്ക്കോ മറ്റ് ശാസ്ത്ര വിഭാഗങ്ങൾക്കോ ബന്ധമില്ല. സൈന്യത്തിലെ സാങ്കേതിക വിദഗ്ദ്ധർ മാത്രമുള്ള നാഷണൽ ടെക്നിക്കൽ റിസർച്ച് ഒാർഗനൈസേഷനാണ് ഇത് നിർവഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |