കൊച്ചി: കൊവിഡ് പ്രതിസന്ധിമൂലം 2020ന്റെ ആദ്യ ആറുമാസക്കാലയളവിൽ ഇന്ത്യയിലെ സ്‌റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപ ഇടപാടുകളിലുണ്ടായ ഇടിവ് 31 ശതമാനം. വെറും 272 ഇടപാടുകളാണ് ജനുവരി-ജൂൺ കാലയളവിൽ നടന്നത്. മൂലധന നിക്ഷേപം 11 ശതമാനം ഇടിഞ്ഞ് 410 കോടി ഡോളറിലും (ഏകദേശം 31,000 കോടി രൂപ) ഒതുങ്ങി.
ചൈനയിൽ നിന്നുള്ള നിക്ഷേപത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും സ്‌റ്രാർട്ടപ്പുകളെ വലച്ചിട്ടുണ്ട്. 2019ൽ മാത്രം 390 കോടി ഡോളർ (29,500 കോടി രൂപ) നിക്ഷേപം ഇന്ത്യൻ സ്‌റ്റാർട്ടപ്പുകളിൽ എത്തിയിരുന്നു. 2018ൽ എത്തിയത് 202 കോടി ഡോളറായിരുന്നു (15,300 കോടി രൂപ). തുടക്കക്കാരായതും നിലവിൽ 'ആശയഘട്ടത്തിൽ" മാത്രം എത്തിനിൽക്കുന്നതുമായ സ്‌റ്രാർട്ടപ്പുകളാണ് ഈവർഷം ഇതുവരെ ഏറ്രവും വലിയ തിരിച്ചടി നേരിട്ടത്.
20 ലക്ഷം ഡോളർ വരെ മൂല്യമുള്ള നിക്ഷേപ ഇടപാടുകൾ 43 ശതമാനം ഇടിഞ്ഞ് 98 എണ്ണത്തിലൊതുങ്ങി. അതിനുമുകളിൽ 2.50 കോടി ഡോളർ വരെ മൂല്യമുള്ള ഇടപാടുകൾ 26 ശതമാനം ഇടിവും നേരിട്ടു. 2.50 കോടി ഡോളറിനുമേൽ വരുന്ന ഇടപാടുകളിൽ കാര്യമായ ഇടിവില്ല; ഈ വിഭാഗത്തിൽ ജനുവരി-ജൂണിൽ ഉണ്ടായത് 37 ഇടപാടുകളാണ്. 2020ൽ ഇതുവരെ ഏറ്റവും വലിയ നിക്ഷേപം സ്വന്തമാക്കിയ സ്‌റ്രാർട്ടപ്പുകളിലൊന്ന്, മലയാളി സംരംഭമായ ബൈജൂസ് ആപ്പാണ്.
ഇരട്ടിപ്രഹരം
കൊവിഡ് മാത്രമല്ല, ചൈനീസ് നിക്ഷേപങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്ര തീരുമാനവും സ്‌റ്രാർട്ടപ്പുകളിലേക്കുള്ള പണമൊഴുക്കിന് തടസമായി. വിപണിയിലെ സാമ്പത്തിക ഞെരുക്കം മുതലെടുത്ത് ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ ചൈനീസ് സർക്കാരിന് നേരിട്ട് നിയന്ത്രണമുള്ള കമ്പനികൾ വൻതോതിൽ വാങ്ങിക്കൂട്ടുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവന്നത്.
$390 കോടി
കഴിഞ്ഞവർഷം ഇന്ത്യൻ സ്‌റ്റാർട്ടപ്പുകളിൽ എത്തിയ ചൈനീസ് നിക്ഷേപം.
$202 കോടി
2018ൽ ഇന്ത്യൻ സ്‌റ്റാർട്ടപ്പുകൾ നേടിയ ചൈനീസ് നിക്ഷേപം.
ചീനിപ്പണക്കാർ
(ചൈനീസ് നിക്ഷേപം നേടിയ പ്രമുഖ ഇന്ത്യൻ സ്‌റ്റാർട്ടപ്പുകൾ)
സ്‌നാപ്ഡീൽ, സ്വിഗ്ഗി, ഓല, പേടിഎം, ഫ്ലിപ്കാർട്ട്, സൊമാറ്റോ, ബൈജൂസ്, ഡ്രീം11, മേക്ക് മൈ ട്രിപ്പ്, പോളിസി ബസാർ, ഡൽഹിവെറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |