കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് അന്താരാഷ്‌ട്ര സ്വർണക്കടത്ത് സംഘവുമായും സിനിമയിലെ പ്രമുഖരുമായും ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ കസ്‌റ്റംസും സമാന്തര അന്വേഷണം തുടങ്ങി.
പ്രതികൾ ബന്ധം പുലർത്തിയ നടൻ ധർമ്മജൻ ബോൾഗാട്ടിയെ അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴിയെടുത്തു. സ്വർണം കടത്താൻ പ്രതികൾ നിർബന്ധിച്ചെന്ന ധർമ്മജന്റെ വെളിപ്പെടുത്തൽ നിർണായകമാണ്. പ്രതികളുമായി പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയ്ക്ക് ബന്ധമുണ്ടെന്നും മൊഴി നൽകി. ഇതോടെ പ്രതികളുടെ മൊബൈൽ കോൾ ലിസ്‌റ്റിലുള്ള സിനിമാരംഗത്തെ പ്രമുഖരെയും വരും ദിവസങ്ങളിൽ വിളിച്ചുവരുത്തി മൊഴിയെടുക്കും.
അതിനിടെ, കേസിലെ പ്രതിയായ റെഫീഖും ഷംന കാസിമും തമ്മിലുള്ള വിവാഹാലോചനയിൽ ഇടനിലക്കാരനായ മേയ്ക്കപ്പ് ആർട്ടിസ്റ്റ് തൃശൂർ വാടാനപ്പള്ളി സ്വദേശി ഹാരിസ് അറസ്റ്റിലായി. ഇയാളുടെ ബന്ധുവാണ് റെഫീഖ്. നടിയുടെ കുടുംബത്തിന് റെഫീഖിനെ പരിചയപ്പെടുത്തിയത് ഹാരീസാണ്.
സംഘം തട്ടിപ്പിനിരയാക്കിയ 18 യുവതികളെ തിരിച്ചറിയാനായെങ്കിലും ഷംന ഉൾപ്പെടെ പത്തു പേരുടെ പരാതിയിൽ മാത്രമാണ് കേസെടുക്കാനായത്. നാണക്കേടും ഭയവും മൂലം പലരും മുന്നോട്ടു വരാത്തതാണ് തടസം. ഷംന കാസിം കേസിൽ എട്ടു പേർ അറസ്റ്റിലായി. ഇനിയും മൂന്നു പേർ കൂടി പിടിയിലാകാനുണ്ട്. ലൈംഗികാതിക്രമത്തിന് ഇരയായതായി ഒരു പെൺകുട്ടി പരാതി നൽകി.
അറസ്റ്റിലായ നാലു പ്രതികൾക്ക് അന്താരാഷ്‌ട്ര സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ തേടി കസ്റ്റംസ് പൊലീസിന് കത്തു നൽകി. ഷംനയിൽ നിന്ന് പണം തട്ടിയെടുക്കുന്നതിനൊപ്പം സ്വർണക്കടത്തും ലക്ഷ്യമിട്ടിരുന്നതായി കസ്റ്റംസ് സംശയിക്കുന്നു.
ഷംനയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
ഹൈദരാബാദിൽ നിന്ന് ഇന്നലെ രാവിലെ കൊച്ചിയിലെത്തിയ നടി ഷംന കാസിമിൽ നിന്ന് ഇന്ന് മൊഴിയെടുക്കും. ക്വാറന്റയിനിൽ കഴിയുന്ന ഇവരുമായി വീഡിയോ കോൺഫറൻസിലൂടെ വിവരങ്ങൾ തേടും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള അന്വേഷണം നടക്കേണ്ടതിനാൽ ക്വാറന്റയിൻ കാലാവധി തീരുന്നതു വരെ കാത്തിരിക്കേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
പ്രതികളെ അറിയില്ലെന്ന് മീര
പ്രതികളെ തനിക്കറിയില്ലെന്ന് മോഡലായ മീര പറഞ്ഞു. പരസ്യ മോഡലുകളെ ഏകോപിപ്പിക്കുന്നയാളാണ് തന്നെ ബന്ധപ്പെട്ടത്. തനിക്ക് പോകാൻ കഴിയാത്തതിനാൽ മറ്റൊരു പെൺകുട്ടിയെ പരിചയപ്പെടുത്തി. പാലക്കാട്ട് ട്രാപ്പിലായെന്ന് അവർ വിളിച്ചറിയിക്കുമ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്. ഉടൻ തന്നെ ഹോട്ടലിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടിയോട് പറഞ്ഞതായും മീര വ്യക്തമാക്കി. പ്രതികൾ അറസ്റ്റിലായതോടെ ആലപ്പുഴ സ്വദേശിയായ മോഡലാണ് തന്നെ സ്വർണക്കടത്തിന് പ്രേരിപ്പിച്ചതായി പരാതി നൽകിയത്. പ്രതികളുമായി പരിചയപ്പെടുത്തിയത് മീരയാണെന്നും പറഞ്ഞിരുന്നു.
ഷംന കാസിം കേസ്:
അറസ്റ്റിലായവർ സ്വർണക്കടത്തിന്
പ്രേരിപ്പിച്ചെന്ന് ധർമ്മജൻ
സ്വന്തംലേഖകൻ
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻശ്രമിച്ച കേസിൽ അറസ്റ്റിലായവർ സ്വർണക്കടത്തിന് നിർബന്ധിച്ചതായി നടൻ ധർമ്മജൻ ബോൾഗാട്ടി അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. അറസ്റ്റിലായ പ്രതികളുടെ മൊബൈലുകളിൽ ധർമ്മജന്റെ നമ്പർ ശ്രദ്ധയിൽപ്പെട്ടതോടെ മൊഴി രേഖപ്പെടുത്താനായി വിളിച്ചുവരുത്തുകയായിരുന്നു. പ്രതികൾക്ക് സിനിമാമേഖലയുമായുള്ള ബന്ധവും സ്വർണക്കടത്തും പ്രത്യേകമായി അന്വേഷിക്കും.
ആദ്യം വിളിച്ചപ്പോൾ നടി ഷംനയുടെയും മിയയുടെയും മൊബൈൽനമ്പരാണ് പ്രതികൾ ചോദിച്ചത്. അഷ്കർ അലി എന്ന് പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വർണം കടത്തുന്നവരാണെന്നും വ്യക്തമാക്കി. കോടികളുടെ കണക്കും പറഞ്ഞു. ലോക്ക് ഡൗൺ കാലത്തെ ഫോൺവിളി തമാശയായാണ് തോന്നിയത്. എന്നാൽ പിന്നീട് രണ്ടുതവണകൂടി വിളിച്ചതോടെ പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞു. അതോടെ ആ മൊബൈൽ നമ്പർ സ്വിച്ച് ഒാഫായി. പിന്നീട് വിളിച്ചിട്ടുമില്ല. പ്രൊഡക്ഷൻ കൺട്രോളറായ ഷാജി പട്ടിക്കരയാണ് പ്രതികൾക്ക് തന്റെ മൊബൈൽ നമ്പർ നൽകിയത്. എന്തിന് കൊടുത്തുവെന്ന് വ്യക്തമല്ല. പ്രതികൾക്ക് ഒരു സിനിമാ നടിയെയും പരിചയപ്പെടുത്തിയിട്ടില്ല. ഷംന കാസിമിന്റെ നമ്പർ കൈമാറിയത് ഷാജി പട്ടിക്കരയാണെന്നും ധർമ്മജൻ മൊഴിനൽകി.
എറണാകുളം വെസ്റ്റ് ട്രാഫിക് പൊലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടി കമ്മിഷണർ ജി. പൂങ്കുഴലി, തൃക്കാക്കര അസി.കമ്മിഷണർ ജിജിമോൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന മൊഴിയെടുപ്പ് രണ്ടു മണിക്കൂർ നീണ്ടു. അടുത്തദിവസം സിനിമാരംഗത്തുനിന്നുള്ള കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. പ്രതികൾ സിനിമാരംഗത്തുള്ള നിരവധിയാളുകളുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതയായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |