കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് നടക്കും. യു.ഡി.എഫ് പുറത്താക്കിയ സാഹചര്യത്തിൽ മുന്നണി മാറ്റമായിരിക്കും പ്രധാന അജണ്ട. രാവിലെ പത്തരയ്ക്ക് കോട്ടയത്താണ് യോഗം. യു.ഡി.എഫുമായി ഇനി ചർച്ച വേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ പ്രധാന നേതാക്കൾ. അപമാനിച്ച് ഇറക്കിവിട്ടിടത്തേക്ക് ഇനിയൊരു തിരിച്ച് പോക്ക് വേണ്ടെന്നാണ് നേതാക്കളുടെ നിലപാട്.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കും വരെ ഒരു മുന്നണിയിലേക്കും പോകേണ്ടയെന്നാണ് ജോസ് വിഭാഗം സ്വീകരിച്ചിരിക്കുന്ന നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയ സാദ്ധ്യത നോക്കി പ്രാദേശിക സഹകരണം മാത്രമായിരിക്കും ഉണ്ടാകുക. യു.ഡി.എഫിനോടും കോൺഗ്രസുനോടും മൃദുസമീപനം വേണ്ടെന്ന നിലപാടിലാണ് ജോസ് പക്ഷം. ഇന്നലെ പുറത്താക്കിയപ്പോൾ യു.ഡി.എഫിന് അനകൂലമായി ചില നേതാക്കൾ സംസാരിച്ചതിൽ ജോസ് കെ മാണി അതൃപ്‍തി പ്രകടിപ്പിച്ചിരുന്നു.
കോട്ടയം ജില്ല പഞ്ചായത്ത് അദ്ധ്യക്ഷനെതിരെ ജോസഫിന്റെ പിന്തുണയോടെ കോൺഗ്രസ് കൊണ്ടുവരുന്ന അവിശ്വസമായിരിക്കും പാർട്ടിക്ക് മുന്നിലെ അടുത്ത പ്രധാന കടമ്പ. എൽ.ഡി.എഫ് പിന്തുണയുണ്ടെങ്കിൽ ഈ പ്രതിസന്ധി തരണം ചെയ്യാം. ഇതിനുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുന്നുവെന്നാണ് വിവരം. ഇടത് മുന്നണിയുമായുള്ള പുതിയ സഖ്യത്തിന്റെ നാന്ദിയായിരിക്കും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
എൻ.ഡി.എയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന ബി.ജെ.പിയുടെ നിലപാട് മാനിക്കണമെന്ന അഭിപ്രായവും പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. എൻ.ഡി.എയുമായി കൂട്ടുകൂടിയാൽ കേന്ദ്രമന്ത്രിസ്ഥാനം അടക്കമുള്ള വമ്പൻ ഓഫറുകൾ ജോസ് കെ മാണിക്ക് ലഭിക്കുമെങ്കിലും നിയമസഭ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ കാര്യങ്ങൾ അത്ര പന്തിയായിരിക്കില്ല എന്ന ചിന്ത ജോസ് വിഭാഗത്തിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |