പാലക്കാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ക്ഷീര വിപ്ലവത്തിന് തയ്യാറായി പാലക്കാട്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 11.16 കോടിയുടെ മിൽക്ക് ഇൻസെന്റീവ്, തീറ്റപ്പുല്ല് കൃഷി വ്യാപനം, കറവപ്പശു വിതരണം, എലിവേറ്റഡ് കാലിത്തൊഴുത്ത് ധനസഹായം, ഡയറി യൂണിറ്റ് ധനസഹായം എന്നീ പദ്ധതികളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക.
209 കറവപ്പശു
ഏഴ് ബ്ലോക്കുകളിലായി 209 കറവപ്പശുക്കളെ വിതരണം ചെയ്യും. സ്ത്രീകൾക്കും യുവജനങ്ങൾക്കും മുൻഗണന. കൂടുതൽ പശുക്കളെ വിതരണം ചെയ്യുക വഴി പാലുല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക ലക്ഷ്യം. കിഴക്കൻ മേഖലയിലാണ് കൂടുതൽ ക്ഷീര കർഷകരുള്ളത്.
ഇൻസെന്റീവ്
ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത് സംഘങ്ങളിൽ പാലളക്കുന്ന ചെറുകിട- ഇടത്തരം കർഷകർക്ക് ഇൻസെന്റീവ് നൽകുന്നതിനാണ്. ജില്ലാ പഞ്ചായത്ത് ഒരുകോടി പദ്ധതിക്കായി മാറ്റിവച്ചു. 83 പഞ്ചായത്തുകൾ 6.82 കോടിയും കണ്ടെത്തും. ഒരു ലിറ്ററിന് മൂന്നുരൂപയാണ് ഇൻസെന്റീവ്. 28,000 കർഷകർക്ക് ഗുണം.
കാറ്റിൽ ഫീഡ്
തിരഞ്ഞെടുത്ത ഏഴ് പഞ്ചായത്തുകളിലെ 3000 കർഷകർക്ക് കാറ്റിൽ ഫീഡ് നിർമ്മിക്കാൻ ധനസഹായം നൽകും. കൂടാതെ എട്ട് ബ്ലോക്ക് വഴി 8000 പേർക്കും സബ്സിഡി.
തീറ്റപ്പുല്ല്
കാലിത്തീറ്റ വില വർദ്ധനവും വേനൽക്കാലത്തെ പച്ചപ്പുല്ല് ക്ഷാമവും കാരണം പലരും മേഖലയിൽ നിന്ന് പിന്തിരിയുന്നത് ഒഴിവാക്കാനും ഉല്പാദനം വർദ്ധിപ്പിക്കാനും 100 പേർക്ക് തീറ്റപ്പുല്ല് കൃഷിക്ക് ധനസഹായം.
സംഘങ്ങൾക്ക് പൊന്ന് വിളയിക്കാം
ജില്ലയിൽ 325 ക്ഷീര സഹകരണ സംഘങ്ങളാണുള്ളത്. 75% സംഘങ്ങൾക്കും ഓഫീസ് കെട്ടിടത്തിന് പുറമേ അധിക സ്ഥലമുണ്ട്. പലതും വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇവിടെ കൃഷിയിറക്കി വിജയം കൈവരിക്കുകയാണ് പാലക്കാട്. പദ്ധതി പ്രഖ്യാപനത്തിന് മുമ്പേ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. ഏപ്രിൽ 22ന് ഭൗമദിനത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥലമുള്ളത് മുതലമട ക്ഷീര സഹകരണ സംഘത്തിനാണ്. 32 ഏക്കർ. ഇതിൽ 2.5 ഏക്കറിൽ പച്ചക്കറി കൃഷി ചെയ്ത് നൂറുമേനി വിളവെടുപ്പ് നടത്തി. പത്തേക്കറിൽ തീറ്റപ്പുല്ലും കൃഷി ചെയ്യുന്നുണ്ട്. മഞ്ഞളും ഉള്ളിയും വിളവിറക്കി. മൂലത്തറ ക്ഷീര സഹകരണ സംഘം 83 സെന്റിൽ പച്ചക്കറിയും മത്സ്യകൃഷിയും നടത്തി.
-ജെ.എസ്.ജയസുജീഷ്, ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീര വികസന വകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |