മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന് ഭരണ കാലവധി നീട്ടി നൽകുന്ന ഭരണഘടന ഭേദഗതിക്ക് അംഗീകാരം
പുടിൻ 2036 വരെ ഭരണത്തിൽ തുടരാമെന്നാണ് ജനവിധി. ഭരണഘടനാ ഭേദഗതി ഹിതപരിശോധനയ്ക്ക് വിട്ടതിൽ 21 ശതമാനം പേർ മാത്രമാണ് പ്രതികൂലിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. 67കാരനായ പുടിൻ 20 വർഷമായി പ്രധാനമന്ത്രി, പ്രസിഡന്റ് എന്നീ പദവികൾ വഹിക്കുന്നുണ്ട്. നിലവിലെ പ്രസിഡന്റ് സ്ഥാനം 2024 വരെയാണുള്ളത്. ആറു വർഷമാണ് റഷ്യൻ പ്രസിഡന്റിന്റെ കാലാവധി. തുടർച്ചയായി രണ്ടു വട്ടം മാത്രമേ പ്രസിഡന്റാകാൻ കഴിയൂ എന്നാണ് നിലവിലെ നിയമം. ഭേദഗതി പ്രകാരം, 16 വർഷം കൂടി പുടിന് ഭരണത്തിലിരിക്കാം. ആദ്യഘട്ടത്തിൽ 55 ശതമാനം വോട്ടുകൾ എണ്ണി തീർത്തപ്പോൾ 77 ശതമാനംപേർ അനുകൂലിച്ച് വോട്ടുചെയ്തു.
കൊവിഡ് മൂലം തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരാഴ്ച നീണ്ടുനിന്ന വോട്ടെടുപ്പ് പ്രക്രിയയാണ് നടന്നത്. പ്രതിപക്ഷത്ത് ഏകോപനമില്ലാത്തതും അവരുടെ പ്രചാരണത്തിലെ പാളിച്ചകളും പുടിന്റെ വിജയം ഉറപ്പാക്കി. ഭരണഘടനാമാറ്റങ്ങൾ പാർലമെന്റിന്റെ ഇരുസഭകളും കോടതിയും നേരത്തെ അംഗീകരിച്ചിരുന്നു. ജനങ്ങളുടെ അംഗീകാരത്തിനായി വോട്ടെടുപ്പ് ആവശ്യമില്ലെങ്കിലും ജനം തീരുമാനിക്കട്ടേയെന്ന് പുടിൻ തന്നെയാണ് നിർദ്ദേശിച്ചത്. ഹിതപരിശോധനയിൽ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി ഫ്ലാറ്റുകളും മറ്റും സമ്മാനമായി നൽകുക, നറുക്കെടുപ്പ് അടക്കം വോട്ടു ചെയ്യുന്നവർക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ, കുട്ടികളുള്ള ഓരോ കുടുംബത്തിനും 10,000 റൂബിൾ (റഷ്യൻ കറൻസി) പണം തുടങ്ങി നിരവധി കാര്യങ്ങൾ പുടിൻ ചെയ്തിരുന്നു. ഇതൊക്കെ പിന്നീട് ചോദ്യം ചെയ്യപ്പെടുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. സ്റ്റാലിനു ശേഷം ഏറ്റവുമധികം കാലം റഷ്യയിൽ ഭരണം നടത്തുന്ന നേതാവാണ് പുടിൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |