വനിതാ പങ്കാളിക്കൊപ്പം ജീവിക്കാനുള്ള
തന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ലെന്ന്
ദ്യുതി ചന്ദ്
ഭുവനേശ്വർ : ആരൊക്കെ എതിർത്താലും വനിതാ പങ്കാളിക്കൊപ്പം ജീവിക്കാനുള്ള തന്റെ തീരുമാനത്തിൽ ഒരുമാറ്റവുമില്ലെന്ന് ഇന്ത്യൻ വനിതാ അത്‌ലറ്റ് ദ്യുതിചന്ദങ്ങ. കഴിഞ്ഞദിവസം ഇന്ത്യയിലെ അമേരിക്കൻ കോൺസൽ ജനറൽ ജോയൽ റീഫ്‌മാനുമായി നടത്തിയ ഒാൺലൈൻ സംവാദത്തിലാണ് ദ്യുതി തന്റെ നയം വ്യക്തമാക്കിയത്.
കഴിഞ്ഞമാസം മേയിലാണ് തനിക്കൊരു വനിതാ പങ്കാളിയുള്ള കാര്യം ദ്യുതി പരസ്യമാക്കിയത്. ഇൗവാർത്ത പുറത്തുവിട്ടതുമുതൽ തന്നെ പലരും അത്ഭുത ജീവിയെപ്പോലെയാണ് നോക്കുന്നതെന്ന് ദ്യുതി പറയുന്നു. കുടുംബത്തിൽ നിന്നാണ് ഏറ്റവുമധികം എതിർപ്പുണ്ടായത്. ദ്യുതിയെ വീട്ടിൽനിന്ന് പുറത്താക്കുമെന്ന് സഹോദരി ഭീഷണിപ്പെടുത്തിയിരുന്നു. മാതാപിതാക്കൾക്കും കടുത്ത എതിർപ്പായിരുന്നു. എന്നാൽ ഇതിലൊന്നും ഭയപ്പെട്ട് ജീവിക്കാൻ തനിക്ക് കഴിയില്ലെന്ന നിലപാടാണ് ദ്യുതി സ്വീകരിച്ചത്.
സ്വവർഗപങ്കാളിയെ സ്വീകരിക്കുന്നത് തെറ്റാണെന്ന് താൻ കരുതുന്നില്ലെന്ന് സംവാദത്തിൽ ദ്യുതി വ്യക്തമാക്കി. തന്റെ ഗ്രാമത്തിൽ നിന്നുള്ള തന്നേക്കാൾ പ്രായം കുറഞ്ഞ പെൺകുട്ടിയെയാണ് ദ്യുതി പങ്കാളിയാക്കിയിരിക്കുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ഭയന്നാൽ സ്വന്തം ജീവിതത്തിലെ സന്തോഷമാണ് ഇല്ലാതാകുന്നതെന്ന് ദ്യുതി പറയുന്നു.
ശരീരത്തിൽ പുരുഷ ഹോർമോണിന്റെ അംശം കൂടിയതിനാൽ മത്സര വേദികളിൽനിന്ന് തന്നെ വിലക്കിയതിനെതിരെ അന്താരാഷ്ട്ര കായികകോടതിയിൽ പൊരുതി വിജയിച്ച കഥയാണ് ദ്യുതിയുടേത്. 2008 ലെ കൊച്ചി നാഷണൽ ഒാപ്പൺ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് ദ്യുതി കായിക രംഗത്ത് തന്റെ വരവ് അറിയിച്ചത്. ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ 100 മീറ്ററിൽ സ്വർണം നേടിയ ഏക ഇന്ത്യക്കാരിയായ ദ്യുതിയാണ് 100 മീറ്ററിലെ ദേശീയ റെക്കാഡിന് ഉടമ. 2018 ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 100 മീറ്ററിലും 200 മീറ്ററിലും വെള്ളി മെഡൽ ദ്യുതി നേടിയിരുന്നു.
'എനിക്കുവേണ്ട എല്ലാ പിന്തുണയും എന്റെ പങ്കാളി നൽകുന്നുണ്ട്. ആളുകൾ ഞങ്ങളെ മോശമായ രീതിയിൽ കാണുന്നുണ്ടാകാം. പല പേരുകൾ വിളിക്കുന്നുണ്ടാകാം. അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഞങ്ങളുടെ ജീവിതം ഞങ്ങൾ സന്തോഷത്തോടെ ആസ്വദിക്കുന്നു."
ദ്യുതി ചന്ദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |