ഗാബറോൺ : തെക്കൻ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ കഴിഞ്ഞ രണ്ട് മാസത്തിലേറെ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞത് 350 ലേറെ കാട്ടാനകളാണ്. മനുഷ്യർക്കിടെയിൽ കൊവിഡ് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് ഈ മിണ്ടാപ്രാണികൾക്ക് കൂട്ടത്തോടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്താണ്. വിഷം നൽകിയതിന്റെ സൂചനയില്ല. പ്രദേശത്ത് വരൾച്ചയുമില്ല. വേട്ടയാടപ്പെട്ടിട്ടില്ലെന്നും വ്യക്തമാണ്. പിന്നെന്താണ് 350 ലേറെ ആനകൾ കൂട്ടത്തോടെ ചരിയാൻ കാരണമെന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്. ഏതെങ്കിലും മാരക വൈറസാണോ ഇനി ഈ സംഭവത്തിന് പിന്നിൽ ? തികച്ചും അസ്വഭാവികമായ ഈ സംഭവത്തെ പറ്റി സമഗ്ര അന്വേഷണത്തിന് ഒരുങ്ങുകയാണ് ബോട്സ്വാന.
ലാബ് ടെസ്റ്റ്
കാനഡ, സൗത്ത് ആഫ്രിക്ക, സിംബാവെ എന്നിവിടങ്ങളിലെ മൂന്ന് ലബോറട്ടറികളിലേക്ക് ചരിഞ്ഞ ആനകളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കാനുള്ള ഒരുക്കത്തിലാണ് ബോട്സ്വാന. ബോട്സ്വാനയിലെ ഒകാവാൻഗോ മേഖലയിലാണ് കഴിഞ്ഞ രണ്ട് മാസമായി ആനകളുടെ ജഡങ്ങൾ കണ്ടെത്തിയത്. ആഫ്രിക്കൻ ആനകളിൽ മൂന്നിലൊന്നും കാണപ്പെടുന്നത് ബോട്സ്വാനയിലാണ്.
ദുരൂഹത
എല്ലാ പ്രായത്തിലുള്ള ആനകളെയും തീർത്തും അവശരും മൃതപ്രായരായും കണ്ടെത്തിയതായി പ്രദേശത്ത് എലിഫെന്റ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടന നടത്തിയ ഏരിയൽ സർവേയുടെ റിപ്പോർട്ടിൽ പറയുന്നു. ബോട്സ്വാനയിലെ മൃഗസംരക്ഷക സംഘടനകൾ മേയിൽ തന്നെ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. മേയ് മാസത്തിൽ ഇവർ നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ഏരിയൽ സർവേയ്ക്കിടെ കണ്ടെത്തിയത് 169 ആനകളുടെ ജഡമാണ്. പിന്നീട് അന്വേഷണം ഊർജിതമാക്കുകയും ചരിഞ്ഞ ആനകളുടെ എണ്ണം 350 ലേറെയാണെന്ന് കണ്ടെത്തുകയുമായിരുന്നു. ആനകൾ വേട്ടയാടപ്പെട്ടതല്ലെന്ന കാര്യം സർക്കാർ മേയ് മാസത്തിൽ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇനി സയനേഡ് പോലുള്ള വിഷം നൽകി ആരെങ്കിലും മനഃപൂർവം കൊന്നതാണെങ്കിൽ തന്നെ ആനകളെ കൂടാതെ മറ്റുള്ള ജീവികൾക്കും ജീവഹാനി സംഭവിക്കുമായിരുന്നു.
രോഗബാധയാണോ ?
കഴിഞ്ഞ വർഷം 100 ഓളം ആനകൾ ബോട്സ്വാനയിൽ ആന്ത്രാക്സ് ബാധിച്ച് ചരിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ആന്ത്രാക്സ് ബാധയല്ലെന്ന് വിദഗ്ദർ പറയുന്നു. എന്നാൽ മറ്റേതെങ്കിലും തരത്തിലുള്ള രോഗമാകാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല. മനുഷ്യരിലേക്ക് പകരുന്ന ഏതെങ്കിലും രോഗമാണോ ആനകൾ ചരിയാൻ കാരണമായതെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്ന് അധികൃതർ പറയുന്നു. ജലസ്രോതസുകളോ മണ്ണോ ആകാം ഒരു പക്ഷേ, അത്തരത്തിലൊരു രോഗം പടരാൻ കാരണമായതെന്നും വരാം.
മുഖമിടിച്ച് വീഴുന്നു
മുഖമിടിച്ച് വീണ നിലയിലാണ് ചരിഞ്ഞ ആനകളെയെല്ലാം കണ്ടെത്തിയിരിക്കുന്നത്. അവശനിലയിൽ കാണപ്പെട്ട ചില ആനകൾ വൃത്താകൃതിയിൽ ചുറ്റി നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആനകളുടെ നാഡീവ്യൂഹങ്ങൾ തകരാറിലായതാകാം ഇതിന് കാരണമെന്ന് വിരൽ ചൂണ്ടുന്നു.
വേട്ടയാടൽ പതിവ്
ലോകത്ത് ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമാണ് ബോട്സ്വാന. 130,000 ഓളം ആനകൾ ഇവിടെയുണ്ടെന്നാണ് കണക്ക്. ഒകാവാൻഗോ മേഖലയിൽ മാത്രം ഏകദേശം 15,000 ആനകളുണ്ട്.
ബോട്സ്വാനയിൽ ആനകൾക്ക് നേരെ വൻ വേട്ടയാടൽ നടന്നിരുന്നു. എന്നാൽ എണ്ണം പെരുകിയതോടെ ആനകളെ കൊന്നുതള്ളാൻ ബോട്സ്വാനയിലെ സർക്കാർ തന്നെ നേരത്തെ ഉത്തരവിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |