ന്യൂയോർക്ക്: എല്ലാവരും മാസ്ക് ധരിക്കുകയാണെങ്കിൽ ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള അവസരമൊരുക്കാമെന്ന വാഗ്ദാനവുമായി ട്വിറ്റർ. പോസ്റ്റ് ചെയ്ത ട്വീറ്റുകൾ പിന്നീട് എഡിറ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്ന് ട്വിറ്റർ ഉപയോക്താക്കൾ ഏറെനാളായി ആവശ്യപ്പെട്ടിരുന്ന കാര്യമാണ്. എന്നാൽ ഇത്രയും കാലമായി അത് നടപ്പിലാക്കുന്നതിൽ ട്വിറ്റർ വിമുഖത പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാവരും മാസ്ക് ഉപയോഗിക്കുന്ന കാലത്ത് എഡിറ്റ് ബട്ടൺ ഉൾക്കൊള്ളിക്കാമെന്ന ഓഫറുമായി ട്വിറ്ററെത്തിയത്. അതേസമയം, 'എല്ലാവരും എന്നാൽ എല്ലാവരും' തന്നെയെന്നാണ് ട്വിറ്റർ പിന്നീട് മറ്റൊരു ട്വീറ്റിൽ വിശദീകരിക്കുന്നത്.
തമാശരൂപേണയാണ് ട്വിറ്റർ ഇക്കാര്യം ആദ്യം ട്വീറ്റ് ചെയ്തതെങ്കിലും നിരവധി ആളുകളാണ് ഇതിനോട് ഗൗരവമായി പ്രതികരിച്ചത്. പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുന്ന ഉത്തരവുകൾക്കെതിരെ ആളുകൾ പലവിധത്തിലാണ് പ്രതിഷേധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ട്വിറ്ററിൽ ചർച്ചകൾ നടന്നത്.
തെറ്റായ വിവരങ്ങൾ പ്രചരിക്കപ്പെടാൻ ഇടയാക്കിയേക്കാമെന്നതിനാൽ എഡിറ്റ് ബട്ടൺ അനുവദിക്കാനാകില്ലെന്നാണ് ട്വിറ്റർ മുൻകാലങ്ങളിൽ എടുത്തിരുന്ന നിലപാട്. അത് ഇക്കൊല്ലം ആദ്യം കമ്പനി സി.ഇ.ഒ ജാക് ദോർസെ വ്യക്തമാക്കുകയും ചെയ്തിരുന്നു.