പേരൂർക്കട: റേഷൻ കടയ്ക്കു മുന്നിലുണ്ടായ സംഘർഷത്തിനിടെ സ്ത്രീ ഉരുണ്ടുവീണ് പരിക്കേറ്റ സംഭവത്തിൽ കടയുടമയ്‌ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ആറ് മണിക്കായിരുന്നു സംഭവം. വട്ടിയൂർക്കാവ് കട്ടച്ചൽ സ്വദേശി സുനിതയ്ക്കാണ് (48) ദുരനുഭവമുണ്ടായത്. വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിൽ വേട്ടമുക്ക് റോഡിൽ പ്രവർത്തിക്കുന്ന ഒരു റേഷൻ കടയിൽ നിന്നു കാർഡ് പ്രകാരമുള്ള അരിയും കടലയും വാങ്ങാൻ എത്തിയതായിരുന്നു ഇവർ. സ്റ്റോക്ക് കുറവായതിനാൽ അരി കുറച്ചുമാത്രമേ നൽകാനാകൂ എന്നു കടക്കാരൻ അറിയിച്ചു. കടല ആവശ്യപ്പെട്ടപ്പോൾ പോർട്ടബിലിറ്റി പ്രകാരം കടല നൽകാനാകില്ലെന്നും പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. തുടർന്ന് റേഷൻഷോപ്പ് ഉടമയുടെ ബന്ധുവും സുനിതയുടെ ബന്ധുവും തമ്മിൽ ഉന്തും തള്ളുമായി. വഴക്കൊഴിവാക്കാൻ ചെന്ന സുനിത ഇതിനിടെ ഉരുണ്ടുവീണു. കടക്കാരൻ തന്നെ പിടിച്ചുതള്ളിയെന്നും ഇതു തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നും കാണിച്ച് സുനിത വട്ടിയൂർക്കാവ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |