1996ൽ പുറത്തിറങ്ങിയ അമേരിക്കൻ സിനിമയാണ് ' ദ ഗോസ്‌റ്റ് ആൻഡ് ദ ഡാർക്ക്നെസ് '. സ്‌റ്റീഫൻ ഹോപ്കിൻസ് സംവിധാനം ചെയ്ത ചിത്രത്തിൽ വാൽ കിൽമർ, മൈക്കൽ ഡഗ്ലസ് എന്നിവർക്കൊപ്പം ഇന്ത്യൻ സിനിമയിലെ അതുല്യ പ്രതിഭയായ ഓംപുരിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പേര് കേൾക്കുമ്പോൾ പ്രേതക്കഥയാണെന്ന് തോന്നാമെങ്കിലും ചിത്രത്തിലെ കേന്ദ്രബിന്ദു ഒരു അമാനുഷിക ശക്തിയല്ല. എന്നാൽ മനുഷ്യരെ മുൾമുനയിൽ നിറുത്തിയ രണ്ട് അസാധാരണ ജീവികളുടെ കഥയാണ് ദ ഗോസ്‌റ്റ് ആൻഡ് ദ ഡാർക്ക്നെസ്. ! രണ്ട് സിംഹങ്ങളാണ് അത്.
സാധാരണ സിംഹങ്ങൾ അല്ല. നരഭോജി സിംഹങ്ങൾ.! മനുഷ്യനെ പകയോടെ വേട്ടയാടിക്കൊല്ലുന്ന രണ്ട് സിംഹങ്ങൾ. കണ്ണിൽ ഇരയോടുള്ള അടങ്ങാത്ത അഭിനിവേശവുമായി കെനിയയിലെ സാവോ പ്രദേശത്തെ വിറപ്പിച്ച ആ രണ്ട് സിംഹങ്ങൾക്ക് നൽകിയ പേരാണ് ഗോസ്‌റ്റെന്നും ഡാർക്ക്നെസ് എന്നും. ഈ പേരുകളിലൂടെ തന്നെ ഇവർ നമ്മുടെ മനസിൽ ഭീതി നിറയ്ക്കുന്നു. ബോക്സ് ഓഫീസ് ഇളക്കി മറിച്ചില്ലെങ്കിലും മികച്ച സൗണ്ട് എഡിറ്റിംഗിനുള്ള 69ാമത് ഓസ്കാർ പുരസ്കാരം ഈ ചിത്രം കരസ്ഥമാക്കിയിരുന്നു. ഗോസ്‌റ്റ് ആൻഡ് ഡാർക്ക്നെസിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഈ ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതായാണ്. അതെ, സാവോയിലെ നരഭോജി സിംഹങ്ങൾ സത്യമായിരുന്നു. !
1898ൽ കെനിയയിലെ സാവോ നദിക്ക് കുറുകെ കെനിയ - ഉഗാണ്ട റെയിൽപാതയുടെ നിർമാണം നടക്കുന്ന സമയം. ബ്രിട്ടീഷുകാരായിരുന്നു നിർമാണത്തിന് നേതൃത്വം നൽകിയത്. ഏഷ്യയിൽ നിന്നുൾപ്പെടെ നിരവധി തൊഴിലാളികളെ ജോലിക്കായി എത്തിച്ചു. ഇന്ത്യയിൽ നിന്നും ആയിരക്കണക്കിന് തൊഴിലാളികളാണ് ഇവിടെയെത്തിയത്. ആദ്യമൊക്കെ ജോലി ഭംഗിയായി മുന്നോട്ട് പോയി. എന്നാൽ രണ്ട് ആൺ സിംഹങ്ങൾ ഈ പ്രദേശത്തെ മനുഷ്യരെ മാത്രം വേട്ടയാടാൻ തുടങ്ങിയതോടെ കാര്യങ്ങളുടെ ഗതി മാറി.
1898 മാർച്ച് മുതൽ ഡിസംബർ വരെയുള്ള ഒമ്പതുമാസക്കാലം കൊണ്ട് ഏകദേശം 135 കൺസ്ട്രക്ഷൻ തൊഴിലാളികളെ ഈ രണ്ട് സിംഹങ്ങളും ചേർന്ന് കൊന്നുതിന്നു. സിംഹങ്ങളെ പേടിച്ച് നിർമാണ പ്രവർത്തികൾ ഉപേക്ഷിച്ച് ജോലിക്കാർ ജീവനും കൊണ്ടോടി. അവസാനം നിർമാണം നിറുത്തി വയ്ക്കേണ്ട സ്ഥിതി വന്നു. നരഭോജി സിംഹങ്ങളെ വകവരുത്താനായി റോഡ് നിർമാണത്തിന്റെ ചുമതല വഹിച്ചിരുന്ന ലഫ്റ്റനന്റ് കേണൽ ജോൺ ഹെൻറി പാറ്റേഴ്സൺ തീരുമാനിച്ചു. ആർക്കും പിടികൊടുക്കാതിരുന്ന രണ്ട് നരഭോജി സിംഹങ്ങളെയും പാറ്റേഴ്സൺ വകവരുത്തി. ഡിസംബർ 9ന് ആദ്യത്തെ സിംഹത്തെയും 20 ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തേതിനെയും പാറ്റേഴ്സൺ കൊന്നു.
25 വർഷം സിംഹങ്ങളുടെ തോൽ പാറ്റേഴ്സൺ തന്റെ വീട്ടിൽ സൂക്ഷിച്ചു. പിന്നീട് 1924ൽ ഈ തോലുകൾ പാറ്റേഴ്സൺ 5,000 ഡോളറിന് ഷിക്കാഗോയിലെ ഫീൽഡ് മ്യൂസിയം ഒഫ് നാച്ചുറൽ ഹിസ്‌റ്ററിക്ക് വിറ്റു. സിംഹങ്ങളുടെ തോൽ ഉപയോഗിച്ച് മ്യൂസിയം അധികൃതർ അവയുടെ രൂപം പുനഃസൃഷ്‌ടിച്ചു. ഈ രൂപങ്ങളും അവയുടെ തലയോട്ടിയും ഇപ്പോൾ ഫീൽഡ് മ്യൂസിയം ഒഫ് നാച്ചുറൽ ഹിസ്‌റ്ററിയിൽ കാണാനാകും. ഏറ്റവും കൂടുതൽ പേരെ കൊന്നു തിന്ന സിംഹങ്ങൾ എന്ന ഖ്യാതിയുള്ള സാവോയിലെ നരഭോജികൾ എന്തുകൊണ്ടാണ് മനുഷ്യനെ മാത്രം ഇത്ര പകയോടെ വേട്ടയാടി കൊന്നു എന്നതിൽ കൃത്യമായ ഉത്തരമില്ല.
ദ ഗോസ്‌റ്റ് ആൻഡ് ദ ഡാർക്ക്നെസിൽ കേണൽ ജോൺ ഹെൻറി പാറ്റേഴ്സണിന്റെ വേഷം അവതരിപ്പിച്ചത് വാൽ കിൽമറാണ്. തൊഴിലാളികളുടെ നേതാവായ അബ്‌ദുള്ള എന്ന കഥാപാത്രത്തെ ഓംപുരിയും, ചാൾസ് റെമിംഗ്ടൺ എന്ന വേട്ടക്കാരന്റെ വേഷത്തിൽ മൈക്കൽ ഡഗ്ലസും എത്തുന്നു. ദ ഗോസ്‌റ്റ് ആൻഡ് ദ ഡാർക്ക്നെസിനെ കൂടാതെ 1959ൽ പുറത്തിറങ്ങിയ ' കില്ലേഴ്സ് ഒഫ് കിളിമഞ്ചാരോ ' എന്ന ബ്രിട്ടീഷ് സിനിമയും സാവോയിലെ നരഭോജികളെ ആസ്‌പദമാക്കിയുള്ളതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |