തിരുവനന്തപുരം : കഴിഞ്ഞദിവസം തലസ്ഥാനത്തെ വിമാനത്താവളത്തിൽ പിടികൂടിയ മുപ്പത്തിയഞ്ച് കിലോ സ്വർണം കടത്തിയതിന് ഒത്താശചെയ്തു നൽകിയത് സംസ്ഥാനത്തെ ഒരു സർക്കാർ ഉദ്യോഗസ്ഥയെന്ന് സൂചന. ഐ.ടി വകുപ്പിലെ ഈ ഉദ്യോഗസ്ഥയ്ക്ക് സ്വർണകടത്തിൽ പങ്കുള്ളതായും, ഇവർ ദുബായ് കോൺസുലേറ്റിനെ സ്വാധീനിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇത് സംബന്ധിച്ച സൂചന കസ്റ്റംസിന് ലഭിച്ചതായി അറിയുന്നു.
കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ഏറ്റവും വലിയ സ്വർണവേട്ടയ്ക്ക് തിരുവനന്തപുരം വിമാനത്താവളം സാക്ഷ്യം വഹിച്ചത്. ദുബായിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലെത്തിയ ഡിപ്ലോമാറ്റിക് ലഗേജിൽ നിന്ന് 15 കോടി രൂപ വില വരുന്ന 35 കിലോയിലേറെ സ്വർണമാണ് പിടിച്ചത്. ജൂൺ 30ന് ദുബായിലെ ഇന്ത്യൻ കോൺസലേറ്റിന്റെ അനുമതിയോടെ തിരുവനന്തപുരത്തെ ഒരു സുപ്രധാന ഓഫീസിലേക്ക് അയച്ച ലഗേജിൽ ഡോർ ലോക്ക്, ഹാൻഡിൽ തുടങ്ങിയ വസ്തുക്കൾക്കൊപ്പം റോളുകളും റിംഗുകളുമാക്കിയാണ് സ്വർണം വച്ചിരുന്നത്.
അതേസമയം സ്വർണകടത്തുമായി ബന്ധമൊന്നുമില്ലെന്ന് ഇന്ത്യയിലെ യുഎഇ കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കോൺസുലേറ്റിൽ മുൻപ് ജോലി ചെയ്തിരുന്നയാളാണ് ഇതിന് പിന്നിലെന്നും, മോശം പെരുമാറ്റം കാരണം ഇയാളെ നേരത്തെ ജോലിയിൽ നിന്നും പുറത്താക്കിയിരുന്നുവെന്നും വാർത്താക്കുറിപ്പിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ യു.എ.ഇ കോൺസുലേറ്റിലെ മുൻ പി.ആർ.ഒയെ കൊച്ചിയിലേക്ക് കൊണ്ടുപോയി. മുമ്പും പാർസൽ വഴി സ്വർണക്കടത്ത് ഉണ്ടായോ എന്ന് ഉദ്യോഗസ്ഥർ പരിശോധിക്കും. വിശദമായ അന്വേഷണത്തിന് ശേഷം പി.ആർ.ഒയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. സ്വർണമടങ്ങിയ കാർഗോ കസ്റ്റംസ് പരിശോധിക്കും എന്ന ഘട്ടമെത്തിയപ്പോൾ ഇയാൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |