തിരുവനന്തപുരം : തലസ്ഥാനത്ത് കഴിഞ്ഞ ദിവസം പിടിയിലായ സ്വര്‍ണക്കടത്തിന്റെ പിടിവള്ളികള്‍ നീങ്ങുന്നത് കൂടുതല്‍ പേരിലേക്കെന്ന് സൂചന. കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് കണ്ടെത്തിയിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി. വകുപ്പില്‍ ജോലി നോക്കുന്ന സ്വപ്‌ന സുരേഷ് എന്ന യുവതിയെയാണ്. നിലവില്‍ ഇവര്‍ കെ.എസ്.ഐ.ടിയിലാണ് ജോലിചെയ്യുന്നത്. ഓപ്പറേഷണല്‍ മാനേജര്‍ എന്നതാണ് പദവി. ഇവിടെ ജോലി ലഭിക്കുന്നതിന് മുന്‍പ് സ്വപ്ന യു.എ.ഇ. കോണ്‍സുലേറ്റില്‍ എക്‌സിക്യുട്ടീവ് സെക്രട്ടറിയായിരുന്നു. അന്വേഷണം തനിക്കെതിരെയാണെന്ന് അറിഞ്ഞതോടെ യുവതി ഒളിവിലാണിപ്പോള്‍.
വലിയ അളവിലാണ് സ്വപ്‌നയും സംഘവും സ്വര്‍ണം കടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. യു.എ.ഇ. കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നതിന്റെ അനുഭവത്തില്‍ നയതന്ത്ര ബാഗേജിലെത്തുന്ന വസ്തുക്കളില്‍ പരിശോധന കുറവാണെന്ന തിരിച്ചറിവാണ് ഈ വഴി സ്വര്‍ണകടത്തിന് ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന് കരുതുന്നു. ശരീരത്തിലും മറ്റും ചെറിയ അളവില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തുന്നവരെ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിക്കുമ്പോള്‍ സ്വപ്‌നയുടെ സംഘം കിലോക്കണക്കിനാണ് പുഷ്പം പോലെ കള്ളക്കടത്ത് നടത്തിയത്. ഒരു ഇടപാടില്‍ നിന്നുമാത്രം 25 ലക്ഷത്തില്‍പരം രൂപയാണ് ഇവര്‍ സമ്പാദിച്ചിരുന്നത്. അതേ സമയം ഇത്രയും സാമ്പത്തിക ശേഷിയുണ്ടായിട്ടും സര്‍ക്കാരിന് കീഴിലെ ഐ.ടി വകുപ്പില്‍ ജോലിനോക്കിയത് എന്തിനെന്ന് കൂടുതല്‍ അന്വേഷണം നടത്തേണ്ടി വരും. അതുപോലെ തന്നെ ഇത്ര വലിയ അളവില്‍ കടത്തിയ സ്വര്‍ണം ആര്‍ക്കായിരുന്നു കൈമാറിയതെന്നും അന്വേഷണം വേണ്ടി വരും. ഇതിനൊക്കെ മറുപടി നല്‍കണമെങ്കില്‍ സ്വപ്‌ന സുരേഷിനെ പിടികൂടിയാല്‍ മാത്രമേ കഴിയൂ.
കള്ളക്കടത്തില്‍ സ്വപ്‌നയ്ക്ക് കൂട്ടാളിയായി സരിത്ത് എന്ന യുവാവും ഉണ്ടായിരുന്നു.സരിത്തായിരുന്നു വിമാനത്താവളത്തില്‍ ദുബായ് കോണ്‍സുലേറ്റിലേക്ക് എന്ന പേരില്‍ എത്തുന്ന ബാഗേജുകള്‍ കൈപ്പറ്റിയിരുന്നത്. നേരത്തെ പലതവണ ഇത്തരത്തില്‍ ഇരുവരും ചേര്‍ന്ന് സ്വര്‍ണം കടത്തിയതായും സൂചനയുണ്ട്. സരിത്ത് ഇപ്പോള്‍ കസ്റ്റഡിയിലുണ്ട്. ഇന്ന് രാവിലെ കൊച്ചിയിലെത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഈ സമയം ഉദ്യോഗസ്ഥരെ സരിത്ത് ഭീഷണിപ്പെടുത്തിയിരുന്നു. കോണ്‍സുലേറ്റിലെ പി.ആര്‍.ഒ എന്നാണ് ഇയാള്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ ഇയാള്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ ജീവനക്കാരനല്ലെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |