ഹോങ്‌കോംഗ്: വരുംദിനങ്ങളിൽ ഹോങ്‌കോംഗിലെ മൊബൈൽ സ്‌റ്റോറുകളിൽ നിന്ന് ടിക്‌ടോകിനെ പിൻവലിക്കാനൊരുങ്ങി ആപ്പ് വികസിപ്പിച്ച കമ്പനിയായ ബൈറ്റ് ഡാൻസ് ലിമിറ്റഡ്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന ആപ്പുകൾക്കെതിരെ നിയമ നടപടിക്ക് ഹോങ്‌കോംഗ് ഭരണകൂടം നടപടിക്ക് ഒരുങ്ങുന്ന സാഹചര്യത്തിലാണ് ചൈനയുടെ നിയന്ത്രണത്തിലുളള ഹോങ്‌കോംഗിൽ നിന്ന് ആപ്പിനെ പിൻവലിക്കുന്നത്. അടുത്തകാലത്തായി ഉണ്ടായ ഹോങ്‌കോംഗിലെ സംഭവങ്ങളാണ് ഇവിടെ നിന്നും പിന്മാറാൻ കാരണമായതെന്ന് കമ്പനി വക്താവ് അറിയിച്ചിട്ടുണ്ട്. ഫേസ്‌ബുക്ക്,ഗൂഗിൾ, ട്വിറ്റർ ഉൾപ്പടെ ബഹുരാഷ്ട്ര കമ്പനികൾ നിയമ നടപടിക്ക് എതിരെ ഹോങ്‌കോംഗ് ഭരണകൂടത്തോട് പ്രതിഷേധിച്ചിരുന്നു.
അതേസമയം അമേരിക്കയിലും ടിക്ടോക് ഉൾപ്പടെ ചൈനീസ് ആപ്പുകൾ നിരോധിക്കുന്നത് സജീവ ആലോചനയിലാണെന്ന് അമേരിക്കൻ സ്റ്റേറ്റ്സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു.ഉപഭോക്താക്കളുടെ ഡാറ്റ ടിക്ടോക് കൈകാര്യം ചെയ്യുന്നതിൽ അമേരിക്കൻ നിയമ വിദഗ്ധർ ആശങ്ക അറിയിച്ചിട്ടുണ്ട്. അമേരിക്കയിൽ മാത്രം പത്ത് കോടി യുവാക്കളാണ് ടിക്ടോക് നിലവിൽ ഉപയോഗിക്കുന്നത്. എന്നാൽ ചൈനയിൽ ആപ്പ് നിലവിൽ ലഭ്യമല്ല. ആഗോള പ്രേക്ഷകരെയാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നാണ് കമ്പനിയുടെ ഇതിനുളള വാദം.
2019 സെപ്‌റ്റംബർ മാസത്തിൽ വന്ന ഒരു കണക്കനുസരിച്ച് 74 ലക്ഷം ജനങ്ങളുളള ഒരു നഗരത്തിൽ 18 ലക്ഷം പേർ ടിക്‌ടോക് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ചൈനീസ് ഭരണകൂടത്തെ വിമർശിച്ച് ഹോങ്‌കോംഗ് പ്രക്ഷോഭ സമയത്തും, ത്സിൻ ജിയാംഗിലെ മുസ്ളിങ്ങളെ പീഡിപ്പിക്കുന്ന ചൈനീസ് ഭരണകൂടത്തിന്റെ നയങ്ങളും, ഇന്ത്യ-ചൈന അതിർത്തി സംഘർഷവും ടിക്ടോക് വീഡിയോകൾ പ്രചരിപ്പിച്ചതിന് ചൈനീസ് ഭരണകൂടവും ടിക്‌ടോകും തമ്മിൽ അത്ര നല്ല ബന്ധമായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |