പരിയാരം (കണ്ണൂർ): നിരോധിത കറൻസികളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഭവത്തിൽ ദുരൂഹതയുടെ ചുരുളഴിക്കാൻ പ്രത്യേക അന്വേഷണ സംഘം. തളിപ്പറമ്പ ഡിവൈ.എസ്.പി: ടി.കെ.രത്‌നകുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. പരിയാരം സി.ഐ: കെ.വി. ബാബു, എസ്.ഐ. എം.പി. ഷാജി എന്നിവർക്ക് പുറമെ തളിപ്പറമ്പ എസ്.ഐ. സഞ്ജയ് കുമാറും ഡിവൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളുമടങ്ങുന്നതാണ് ടീം.
ഉത്തരേന്ത്യൻ സംഘത്തെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ച ഇരിങ്ങലിലെ വീട്ടിൽ നിന്ന് തിങ്കളാഴ്ച 1.6 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തതുൾപ്പെടെയുള്ള സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചത്. പരിയാരം പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. അവയിലൊരിടത്തും നിരോധിത കറൻസി ഇടപാടിനെക്കുറിച്ച് പറയുന്നില്ല. കുറഞ്ഞവിലയ്ക്ക് സാനിറ്റൈസർ മെഷീൻ കേരളത്തിൽ ലഭ്യമാണെന്നറിഞ്ഞ് എത്തിയ ഉത്തരേന്ത്യൻ സംഘത്തെ ഇവിടെയുള്ള ഒൻപതംഗ സംഘം തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചുവെന്നാണ് ഒരു കേസ്. നിസാം, അമീർ തുടങ്ങി കണ്ടാലറിയാവുന്ന ഒൻപതു പേരാണ് പ്രതികൾ 1615 ഗ്രാം കഞ്ചാവ് വീട്ടിൽ നിന്ന് കണ്ടെടുത്തതിനാണ് രണ്ടാമത്തെ കേസ്. എന്നാൽ കഞ്ചാവ് എത്തിച്ചത് ആരാണെന്നതു സംബന്ധിച്ച വ്യക്തതയില്ല. മുംബൈ, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വന്നവരാണ് തട്ടിക്കൊണ്ടു പോകലിനിരയായവർ. ഇവരെ കൊവിഡ് പശ്ചാത്തലത്തിൽ വിശദമായി ചോദ്യം ചെയ്യാൻ കഴിയില്ലെന്നത് പൊല്ലാപ്പായി തുടരുകയാണ്. പരിയാരത്തെ ക്വാറന്റൈയിൻ കേന്ദ്രത്തിൽ കഴിയുകയാണിവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |