
കൊച്ചി: ക്യാമ്പസ് രാഷ്ട്രീയത്തിന്റെ കത്തിക്കിരയായ എസ്.എഫ്.ഐ പ്രവർത്തകൻ എം. അഭിമന്യുവിന്റെ മരണത്തിൽ വിചാരണ വീണ്ടും നീളും. പ്രാരംഭവാദത്തിന്റെ ഭാഗമായി എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ ഇന്നലെ കുറ്റപത്രം വായിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഭാഗം സമയം തേടിയതിനെ തുടർന്ന് കേസ് ഫെബ്രുവരി 6ലേക്ക് മാറ്റി. കൊല നടന്ന് ഏഴര വർഷമായിട്ടും വിചാരണ തുടങ്ങാത്തത് കേസിനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.
എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാംവർഷ രസതന്ത്ര വിദ്യാർത്ഥിയായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യു 2018 ജൂലായ് രണ്ടിനാണ് കൊല്ലപ്പെട്ടത്. ''നാൻ പെറ്റ മകനേ, എൻ കിളിയേ..."" എന്ന് അമ്മ ഭൂപതി അന്ന് തൊണ്ടപൊട്ടി നിലവിളിപ്പോൾ, നീതി വേഗം നടപ്പാകുമെന്നാണ് സമൂഹം സാന്ത്വനിപ്പിച്ചത്. എന്നാൽ, വിവിധ കാരണങ്ങളാൽ വിചാരണ നീണ്ടു. നടിയെ ആക്രമിച്ച കേസിന്റെ മാരത്തൺ വിചാരണ ഇതേകോടതിയിൽ നടന്നതായിരുന്നു പ്രധാന തടസം. കൊവിഡും സുപ്രധാന രേഖകളുടെ തിരോധാനവും നടപടികൾ വൈകിപ്പിച്ചു.
സമയപരിധി പിന്നിട്ടു
വിചാരണ വേഗത്തിലാക്കാൻ അമ്മയ്‌ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നു. വിധി പറയാൻ ഹൈക്കോടതി അനുവദിച്ച സമയപരിധി പിന്നിട്ടിട്ട് രണ്ടുമാസമായി. ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 26 പേരാണ് കേസിലെ പ്രതികൾ. ഇവർ ജാമ്യത്തിലാണ്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത 16 പേരുടെ വിചാരണയാണ് ആദ്യഘട്ടത്തിൽ നടക്കേണ്ടത്. നെട്ടൂർ സ്വദേശി സഹൽ ഹംസയാണ് കുത്തിയതെന്ന് കണ്ടെത്തിയിരുന്നു. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ആണ്.
വെല്ലുവിളികൾ
ഏഴു വർഷത്തെ കാലതാമസമാണ് പ്രധാന പ്രശ്നം. 125 സാക്ഷികളുള്ള കേസിൽ ഒട്ടേറെപേർ ഇപ്പോൾ വിദേശത്താണ്
കുറ്റപത്രവും പോസ്റ്റുമോർട്ടം റിപ്പോർട്ടുമടക്കം പത്തിലധികം രേഖകൾ കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്ന് അപ്രത്യക്ഷമായത് ഗുരുതരവിഷയമായിരുന്നു
ഹൈക്കോടതി നിർദ്ദേശപ്രകാരം പുന:സൃഷ്ടിച്ച പകർപ്പുകളാണ് വിചാരണയ്‌ക്ക് ഉപയോഗിക്കുന്നത്
കൊലക്കത്തി വെണ്ടുരുത്തി പാലത്തിൽ നിന്ന് വെള്ളത്തിലിട്ടെന്നാണ് പ്രതികളുടെ മൊഴി. അത് കണ്ടെത്താനായിട്ടില്ല
വിചാരണ നടക്കട്ടെ, വിധി വരട്ടെ. ഞങ്ങൾ കാത്തിരിക്കുന്നു
- എം. പരിജിത്,
അഭിമന്യുവിന്റെ
സഹോദരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |