ന്യൂഡൽഹി: ചൈനയുടെ മുന്നറിയിപ്പ് വകവയ്‌ക്കാതെ അതിർത്തിയിൽ സൈനിക നീക്കം എളുപ്പമാക്കാനുള്ള റോഡ് നിർമ്മാണ പദ്ധതികൾ വേഗത്തിലാക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നിർദ്ദേശം നൽകി. അതിർത്തി റോഡുകളുടെ നിർമ്മാണം നിശ്‌ചിത സമയത്ത് പൂർത്തിയാക്കുമെന്ന് പ്രതിരോധമന്ത്രി പങ്കെടുത്ത അവകലോകന യോഗത്തിൽ ബോർഡർ റോഡ് ഓർഗനൈസേഷൻ(ബി.ആർ.ഒ) മേധാവി ലഫ്. ജനറൽ ഹർപൽ സിംഗ് അറിയിച്ചു. പ്രതിരോധ, ആഭ്യന്തര, ഗതാഗത മന്ത്രാലയങ്ങളുടെ ഏകോപനത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും അതിർത്തിയിലെ സംഭവ വികാസങ്ങൾ ബാധിക്കില്ലെന്നും ഹർപൽ സിംഗ് വ്യക്തമാക്കി.
വടക്കൻ ലഡാക്കിൽ ദൗലത്ത് ബേഗ് ഓൾഡി വ്യോമത്താവളവുമായി ബന്ധിപ്പിച്ച് ബി.ആർ.ഒ നിർമ്മിക്കുന്ന റോഡാണ് ഇപ്പോഴത്തെ ചൈനീസ് പ്രകോപനത്തിനുള്ള പ്രധാന കാരണം. എന്നാൽ അതിർത്തിയിൽ പ്രകോപനം തുടരുമ്പോഴും ജാർഖണ്ഡിൽ നിന്ന് തൊഴിലാളികളെ എത്തിച്ച് ബി.ആർ.ഒ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തിയ നിമു മേഖലയിൽ മാത്രം കവചിത വാഹനങ്ങളുടെ നീക്കത്തിന് സഹായകമാകുന്ന മൂന്നു പാലങ്ങളാണ് മൂന്നു മാസം കൊണ്ട് പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |