തിരുവനന്തപുരം: കൊവിഡ് കൂടുതൽ പടരുന്നത് നഗരങ്ങളിലായതിനാൽ അവിടങ്ങളിൽ നിയന്ത്രണവും പ്രതിരോധവും കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്തെ സ്ഥിതി എറണാകുളത്തും കോഴിക്കോട്ടും ആവർത്തിക്കാൻ പാടില്ല. സംസ്ഥാന ശരാശരിയെക്കാൾ മുകളിലാണ് കൊച്ചിയിൽ പരിശോധനയിൽ പോസിറ്റീവാകുന്നവരുടെ എണ്ണം. ഇത് ആശങ്ക സൃഷ്ടിക്കുന്നു. അവിടെ ടെസ്റ്റുകളുടെ എണ്ണം കൂട്ടും. അശ്രദ്ധ കാണിച്ചാൽ ഏത് നിമിഷവും സാമൂഹിക വ്യാപനം ഉണ്ടായേക്കാം. ബ്രേക്ക് ദി ചെയിനുമായി മുന്നോട്ട് പോകും. മഹാമാരി വളരെ വേഗം പടർന്ന് പിടിക്കുന്നത് നഗരങ്ങളിലാണ്. ഇവിടങ്ങളിൽ ജനസാന്ദ്രത കൂടുതലായതാണ് കാരണം. ഗ്രാമങ്ങളിലും പാെതുവേ ജനസാന്ദ്രത കൂടുതലാണ്. ഇതും വലിയ തോതിൽ രോഗം പടർന്ന് പിടിക്കാനിടയാക്കും. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൈകൾ വൃത്തിയാക്കിയുമിരുന്നാൽ രോഗം പടരുന്നത് തടയാനും ട്രിപ്പിൽ ലോക്ക്ഡൗൺ ഒഴിവാക്കാനുമാകും. രോഗം ഭേദമായാലും ഏഴ് ദിവസം വീടുകളിൽ തന്നെ കഴിയുന്നുവെന്ന് ഉറപ്പാക്കണം. രോഗിയും വീട്ടുകാരും മാത്രമല്ല, വാർഡുതല സമിതിയും ഉറപ്പ് വരുത്തണം.
ക്വാറന്റൈൻ വീടുകളിൽ പൊലീസിന്റെ മിന്നൽ പരിശോധന
വയനാട്ടിൽ കേരളത്തിന് വെളിയിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ പ്രത്യേക അറിയിപ്പില്ലാതെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മിന്നൽ പരിശോധന നടത്തുന്നു. ഇത് നല്ല മാതൃകയാണ്. ഇതേ രീതിയിൽ എല്ലാ ജില്ലകളിലും ഇത്തരത്തിൽ പരിശോധന നടത്തും. വിദേശത്ത് നിന്നും വരുന്നവർ പി.പി.എ കിറ്റുകളും മാസ്കും വിമാനത്താവളങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്നു. ഇത് ശരിയായ രീതിയല്ല. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരും.
66 സി.എെ.എസ്.എഫുകാർക്ക് കൊവിഡ്
അർദ്ധസൈനികരിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നു. 66 സി.എെ.എസ്.എഫുകാർക്കും 23 സൈനികർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാൻ മുതിർന്ന ഓഫീസർമാരാേട് ആവശ്യപ്പെട്ടു. ഇവർക്ക് ആവശ്യമായ സഹായം കേരള പൊലീസും നൽകും.
ക്രിമിനൽ കേസുകളിൽ കുറ്റാരോപിതരാകുന്നവർക്ക് പരിശോധനാഫലം വൈകുന്നുവെന്ന പരാതിയുണ്ട്. 48 മണിക്കൂറിനുള്ളിൽ ഇവരുടെ ഫലം ലഭ്യമാക്കാൻ നിർദ്ദേശം നൽകി. കേരളത്തിലേക്ക് തിരിച്ചെത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾ 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയണം. ഇത് ഉറപ്പാക്കേണ്ടത് കൊണ്ടുവരുന്ന കരാറുകാരും ഏജന്റുമാരുമാണ്. അവർ തയ്യാറായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |