
തിരുവനന്തപുരം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും എത്രത്തോളം വിദ്വേഷമുണ്ടെന്ന് പേരുമാറ്റത്തിലൂടെ വ്യക്തമാണെന്നും തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളെപ്പോലും തുരങ്കംവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
പാവങ്ങളുടെ അത്താണിയായ തൊഴിലുറപ്പ് പദ്ധതിയെ എല്ലാത്തരത്തിലും നിർവീര്യമാക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനങ്ങൾക്കുമേൽ വലിയ സാമ്പത്തിക ബാദ്ധ്യത അടിച്ചേൽപ്പിക്കുന്ന തരത്തിലാണ് ബില്ലിലെ ഉള്ളടക്കം. ആവശ്യാധിഷ്ടിത (ഡിമാൻഡ് ഡ്രിവൺ) പദ്ധതിയിൽ നിന്ന് വിഹിതം അടിസ്ഥാനമാക്കിയ പദ്ധതിയായി (അലോക്കേഷൻ ബേസ്ഡ്) മാറ്റാനാണ് ബില്ലിന് പിന്നിലുള്ള അജൻഡ. തൊഴിൽരഹിതർ ആവശ്യപ്പെടുന്നതിനനുസരിച്ചുള്ള തൊഴിൽ ലഭ്യമാക്കാൻ കഴിയുന്ന രീതിയിലായിരുന്നു നിലവിലെ ഘടന. ഓരോ സാമ്പത്തിക വർഷവും സംസ്ഥാനങ്ങൾക്കുള്ള വിഹിതം കേന്ദ്രം മുൻകൂട്ടി നിശ്ചയിക്കുന്ന രീതിയിലേക്കാണ് മാറ്റം കൊണ്ടുവരുന്നത്.
നിലവിൽ പദ്ധതിയിൽ വേതന ഘടകത്തിന്റെ 100 ശതമാനവും കേന്ദ്രം വഹിക്കുന്ന നിലയിലും ഭൗതിക ഘടകത്തിന്റെ ചെലവുകൾ 75: 25 എന്ന അനുപാതത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പങ്കിടുന്ന നിലയിലുമായിരുന്നു. ഈ രണ്ട് ഘടകങ്ങളിലും 60: 40 എന്ന അനുപാതത്തിൽ കേന്ദ്രവും സംസ്ഥാനവും പങ്കിടണമെന്നാണ് ബില്ലിലെ പുതിയ വ്യവസ്ഥ. ബിൽ നിയമമാവുന്നതോടെ കേരളത്തിനുള്ള കേന്ദ്ര ബഡ്ജറ്റ് വിഹിതത്തിൽ വലിയ കുറവുണ്ടാകും. മൊത്തം ചെലവിന്റെ 60 ശതമാനം മാത്രം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന നിലയുണ്ടാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |