കൊച്ചി: ഭൗമസൂചിക പദവിക്ക് പിന്നാലെ ലേലവിപണിയും സജീവമായതോടെ മറയൂർ ശർക്കരയ്ക്ക് നല്ലകാലം വരവായി. കർഷകർക്ക് മികച്ചവില കിട്ടുമെന്നതിനൊപ്പം ചെറുകിട കച്ചവടക്കാർക്ക് നേരിട്ട് ശർക്കര വാങ്ങാനാകുമെന്നതുമാണ് ലേലവിപണിയുടെ പ്രയോജനം. വ്യാജൻ വാങ്ങി വഞ്ചിതരാകേണ്ടിവരില്ലെന്നതാണ് ഉപഭോക്താക്കൾക്കുള്ള നേട്ടം. ആറ്റുനോറ്ര് കാത്തിരുന്ന ലേലവിപണി യാഥാർത്ഥ്യമായതോടെ മറയൂരിലെ കരിമ്പുകൃഷിക്ക് പുത്തനുണർവേകുമെന്നാണ് വിലയിരുത്തൽ.
പ്രതികൂല കാലവസ്ഥയും വിലക്കുറവും കാരണം കൃഷി ഉപേക്ഷിച്ചവരും പുതിയ സാഹചര്യത്തിൽ തിരിച്ചുവരും. മറയൂർ- കാന്തല്ലൂർ മേഖലയുടെ കാർഷികാനുബന്ധ വ്യവസായം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
മറയൂർ കരിമ്പ് ഉത്പാദക വിപണന സഹകരണസംഘമാണ് ശർക്കരലേലം സംഘടിപ്പിക്കുന്നത്. ഈ മാസം 3ന് നടന്ന ആദ്യലേലത്തിൽ 8000 കിലോ ശർക്കര നേരിട്ട് വിറ്റു. കിലോ 58 രൂപ വരെ വിലകിട്ടി. ലേലം മുറുകുമ്പോൾ വിലയും കൂടും. 80 രൂപ വരെ വിലയെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മാർച്ചിൽ ആരംഭിക്കാനിരുന്ന ലേലവിൽപ്പന കൊവിഡ് കാരണം നീണ്ടുപോയതാണ്.
ആദ്യലേലം വിജയപ്രദമായതോടെ ഇനിയുള്ള എല്ലാ വ്യാഴാഴ്ചകളിലും ഉച്ചക്ക് 2 ന് മറയൂർ ബാബുനഗറിലെ സംഘം ഹാളിൽ ലേലം നടക്കും. 1000 രൂപ നിരദദ്രവ്യം കെട്ടിവച്ച് പങ്കെടുക്കാം. കർഷകർക്ക് രൊക്കം പണം നൽകും. കിലോഗ്രാമിന് 50 പൈസയാണ് സൊസൈറ്റിയുടെ കമ്മീഷൻ. ഇടനിലക്കാരുടെ ചൂഷണം അവസാനിക്കുന്നതോടെ മറയൂർ ശർക്കരയുടെ തലവരതന്നെ മാറിമറിയുമെന്നാണ് കർഷകർ പറയുന്നത്.
ഭൗമസൂചിക പദവി
ഏതെങ്കിലും ഒരുപ്രദേശത്ത് പരമ്പാരഗതരീതിയിൽ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയും പ്രത്യേക രുചിയുമുള്ള ഉൽപ്പന്നങ്ങൾക്കാണ് ഭൗമസൂചിക പദവി ലഭിക്കുന്നത്. കാർഷിക സർവകലാശാലയുടെ ബൗദ്ധീക സ്വത്തവകാശ സെല്ലാണ് ഈ പദവി നൽകുന്നത്. 2019 ലാണ് മറയൂർ ശർക്കരയ്ക്ക് ഭൗസൂചിക പദവി ലഭിച്ചത്.
ലേലത്തിൽ വിറ്റത് 8000 കിലോ
കൂടിയ വില 58 രൂപ
കരിമ്പുകൃഷി
ഇടുക്കി ജില്ലയിലെ മറയൂർ, കാന്തല്ലൂർ മേഖലയിലെ 900 കർഷകരാണ് കരിമ്പുകൃഷിയിലും ശർക്കര ഉൽപ്പാദനത്തിലുമുള്ളത്. 1800 ഏക്കറിലാണ് കൃഷി. പാലക്കാട്, പന്തളം, പത്തനംതിട്ട മേഖലയിലും കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിലും കരിമ്പ് കൃഷിയുണ്ടെങ്കിലും മറയൂർ ശർക്കരക്ക് ഔഷധഗുണം കൂടുതലുണ്ടെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |