ബാഡ്മിന്റണിൽ അതിജീവനത്തിന്റെ പര്യായമാണ് എച്ച്. എസ്. പ്രണോയ് എന്ന തിരുവനന്തപുരത്തുകാരൻ. പരിക്കുകളും പ്രതിസന്ധികളും റാലികൾ പോലെ ഒന്നിനുപുറകെ ഒന്നായി വരുന്നുണ്ടെങ്കിലും അവയെ നേരിട്ട് തകർപ്പൻ സ്മാഷുകളും ഷോട്ടുകളും പായിച്ച് മുന്നേറുകയാണ് ഇന്ത്യൻ ബാഡ്മിന്റണിലെ ഈ മലയാളി എയ്സ്. സാധാരണ താരങ്ങളിൽ നിന്ന് വ്യത്യസ്തമായി അല്പം വൈകി പത്താം വയസിലാണ് ആദ്യമായി റാക്കറ്ര് കൈയിൽ എടുക്കുന്നത്. ബാഡ്മിന്റണ് അത്ര പ്രചാരമില്ലാത്ത കാലത്ത് തന്റെ റാക്കറ്റിനെ ഹൃദയത്തോട് ചേർത്ത് വെല്ലുവിളികൾ ഒന്നൊന്നായി അടിച്ചകറ്റി ഉയരങ്ങളിലേക്ക് കുതിച്ച പ്രണോയ് പുതുതാരങ്ങൾക്ക് എന്നും പ്രചോദനമാണ്. വിവാദങ്ങൾ, ബാഡ്മിന്റൺ, ജീവിതം, ലക്ഷ്യങ്ങൾ... പ്രണോയ് സംസാരിക്കുന്നു.
അച്ഛന്റെ കൈപിടിച്ച്
ബാഡ്മിന്റണെ പ്രാണനെപ്പോലെ സ്നേഹിക്കുകയും സ്ഥിരം കളിക്കുകയും ചെയ്യുന്ന അച്ഛൻ സുനിൽ കുമാറാണ് പ്രണോയ്യുടെ കൈയിൽ ആദ്യമായി റാക്കറ്റ് കൊടുക്കുന്നത്. ലോകമറിയുന്ന താരത്തിലേക്കുള്ള പ്രണോയ്യുടെ യാത്രയ്ക്ക് പിന്നിലെ ഇന്ധനവും പിതാവിന്റെ പിന്തുണ തന്നെയാണ്. ശംഖുമുഖത്താണ് ആദ്യകാലത്ത് സ്ഥിരമായി കളിച്ചിരുന്നത്. പിന്നീട് ക്ളബുകളിൽ പോയിത്തുടങ്ങി. കോച്ച് ശിവരാമകൃഷ്ണനാണ് അടിസ്ഥാനപാഠങ്ങൾ പകർന്നു നൽകിയത്. തുടർന്ന് കോച്ച് നരേന്ദ്രന്റെ ശിക്ഷണവും കിട്ടി. പത്താം ക്ലാസിന് ശേഷം ബാഡ്മിന്റൺ കരിയർ ആക്കണമോയെന്ന് തീരുമാനിക്കാൻ രണ്ടുവർഷം പ്രണോയിക്ക് വീട്ടുകാർ നൽകി. കളി തുടങ്ങി അധികം വൈകാതെ ഒ.എൻ.ജി.സിയിൽ ജോലി ലഭിച്ചത് കാര്യങ്ങൾ ഒന്നുകൂടെ എളുപ്പമാക്കി.
ഹലോ ഹൈദരാബാദ്
2008ൽ ഹൈദരാബാദിലെത്തിയതാണ് പ്രണോയ്യുടെ കളി ജീവിതത്തിൽ വഴിത്തിരിവായത്. 2010ലെ കോമൺവെൽത്ത് ഗെയിംസ് ലക്ഷ്യം വച്ച് സീനിയർ താരങ്ങൾക്ക് പരിശീലനം നൽകുന്നതിനൊപ്പം ആ സമയത്ത് മികച്ച പ്രകടനം നടത്തുന്ന രണ്ട് ജൂനിയർ താരങ്ങളേയും ക്യാമ്പിലേക്ക് വിളിച്ചിരുന്നു. അങ്ങനെയാണ് പതിനാറാം വയസിൽ പ്രണോയ് ഗാച്ചി ബൗളിയിലെ ഗോപിചന്ദ് അക്കാഡമിയിൽ എത്തുന്നത്. സായ് പ്രണീതായിരുന്നു ഇങ്ങനെ അവസരം ലഭിച്ച മറ്രൊരു താരം. അവിടെയെത്തിയതോടെ താൻ ഇതുവരെയും കളിച്ചിരുന്നതല്ല, ബാഡ്മിന്റൺ എന്ന് പ്രണോയിക്ക് മനസിലായി. അവിടെ ലഭിച്ച പരിശീലനവും ഉപദേശങ്ങളുമാണ് പ്രണോയ്യുടെ കരിയറിനെ ഉയരങ്ങളിലേക്ക് പറത്തിയത്. ആദ്യമൊക്കെ ഇടയ്ക്ക് പോയി പരിശീലനം നടത്തിയ ശേഷം തിരിച്ച് വീട്ടിൽ വരുമായിരുന്നു. തുടർന്ന് അത് മാറി സ്ഥിരമായി അവിടെ നിന്ന് പരിശീലനം തുടങ്ങി. രാജ്യത്തെ മികച്ച താരങ്ങൾക്കൊപ്പമുള്ള പരിശീലനം പ്രണോയ്ക്ക് ഏറെ ഗുണം ചെയ്തു. എപ്പോഴും മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്നാലേ അക്കാഡമിയിൽ തുടരാനാകൂ. അതിനാൽ തന്നെ ജയിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത് പ്രണോയ്യിലെ കളിക്കാരനെ തേച്ചു മിനുക്കി. 2010 ലെ യൂത്ത് ഒളിമ്പിക്സിൽ വെള്ളിയും ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടാനായതോടെ തന്റെ കരിയർ ഇതു തന്നെയെന്ന് പ്രണോയ് ഉറപ്പിച്ചു. അക്കാഡമിയിലെ പരിശീലനമാണ് ഈ നേട്ടങ്ങൾ സമ്മാനിച്ചതെന്ന കാര്യത്തിൽ പ്രണോയിക്ക് ഒരു സംശയവുമില്ല.
ഗോപിചന്ദ് എന്ന വൻമരം
കരിയറിൽ പ്രണോയ് ഏറ്രവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് പുല്ലേല ഗോപിചന്ദ് എന്ന പരിശീലകനോടാണ്. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും എല്ലാവർക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് ഗോപി സാറെന്നാണ് പ്രണോയ്യുടെ വിലയിരുത്തൽ. കളിയിലും ജീവിതത്തിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം നൽകുന്ന കരുത്ത് വളരെ വലുതാണ്. ഈയിടെ ഉണ്ടായ അർജുന വിവാദത്തിലും ഗോപിയെടുത്ത നിലപാട് പ്രണോയ്ക്ക് വലിയ സഹായമായി. ഇത്തവണയും അർജുനയിൽ പ്രണോയിക്ക് ശുപാർശ ലഭിച്ചില്ലെന്നറിഞ്ഞ ഗോപി ഖേൽരത്ന പുരസ്കാര ജേതാവെന്ന നിലയിൽ പ്രണോയ്ക്ക് വേണ്ടി സ്വന്തം നിലയിൽ ശുപാർശ ചെയ്തിരുന്നു. വിവരം അറിഞ്ഞയുടനെ ഗോപിചന്ദ് പ്രണോയ്യെ വിളിച്ച് സമാധാനിപ്പിച്ചിരുന്നു. വീട്ടുകാരെക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നത് പ്രിയ പരിശീലകനോടൊപ്പമാണ്. എന്റെ പ്രകടനങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും കോച്ചെന്ന നിലയിൽ അദ്ദേഹത്തിന് മറ്റെല്ലാവരെക്കാളും നന്നായി അറിയാം - പ്രണോയ് പറയുന്നു.
വിവാദങ്ങൾക്ക് വിട
വിചാരങ്ങളെക്കാൾ വികാരങ്ങൾ നയിക്കുന്ന സാധാരണ മനുഷ്യനാണ് പ്രണോയ്. ദേഷ്യം വന്നാൽ അത് പ്രകടിപ്പിക്കുകയും സന്തോഷം വന്നാൽ ചിരിക്കുകയും ചെയ്യുന്ന പ്രകൃതം. അതു കൊണ്ടാണ് ഇത്തവണയും ബാഡ്മിന്റൺ അസോസിയേഷൻ അർജുന പുരസ്കാരത്തിന് സമർപ്പിച്ച ശുപാർശ പട്ടികയിൽ തന്റെ പേരില്ലെന്നറിഞ്ഞപ്പോൾ പ്രണോയ് ശക്തമായി പ്രതികരിച്ചത്. പെട്ടെന്ന് അരിശം വരും, അതുപോലെ തണുക്കുകയും ചെയ്യും. ട്വിറ്ററിലൂടെയുള്ള തന്റെ പ്രതികരണം വേണ്ടിയിരുന്നില്ലെന്ന് പ്രണോയിക്കിപ്പോൾ തോന്നുന്നുണ്ട്. വിവാദമായപ്പോൾ ബാഡ്മിന്റൺ അസോസിയേഷനോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഏതായാലും അസോസിയേഷനുമായി സംസാരിച്ച് എല്ലാം രമ്യമായി പരിഹരിച്ചതിന്റെ സന്തോഷത്തിലാണിപ്പോൾ താരം.
പരിക്കിൽ നിന്നുള്ള പാഠങ്ങൾ
പരിക്കിനോട് പടവെട്ടിയാണ് പ്രണോയ്യുടെ യാത്ര. കുട്ടിക്കാലം മുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കരിയറിന്റെ തുടക്കകാലത്ത് പരിക്കുകൾ പറ്റുന്നതിനെക്കുറിച്ച് ആധികാരികമായി പറഞ്ഞു തരാൻ ആരുമില്ലായിരുന്നു. കേരളത്തിലെ പരിശീലനം പ്രധാനമായും കോർട്ടിൽ കളിക്കുന്ന രീതിയെക്കുറിച്ചാണ്. പരിക്കോ, റിക്കറിയോ ഒന്നും ഗൗരവമുള്ള വിഷയമാകുന്നില്ല. ഹൈദരാബാദിൽ എത്തിയപ്പോഴാണ് അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് പ്രണോയ് ബോധവാനാകുന്നത്. പരിക്ക് പറ്രാൻ ഏറെ സാദ്ധ്യതയുള്ള ശരീര പ്രകൃതമാണ്. കൂടുതൽ ടൂർണമെന്റുകളും മത്സരങ്ങളും ഇപ്പോഴുള്ളതിനാൽ ഫിറ്റായിരിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. കരിയറിലെ പ്രധാന സമയങ്ങളിൽ പരിക്ക് വില്ലനായെത്തിയെങ്കിലും തളർന്നു പോകാതെ അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നേറുകയായിരുന്നു പ്രണോയ്.
കടുവകളെ പിടിച്ച കിടുവ
ഗോലിയത്തിനെ വീഴ്ത്തിയ ദാവീദിനെപ്പോലെ ബാഡ്മിന്റൺ കോർട്ടിൽ പ്രണോയിക്ക് മുൻപിൽ പല വമ്പൻമാരും കടപുഴകിയിട്ടുണ്ട്. സാക്ഷാൽ ലിൻഡാനും ലീ ചോംഗ് വെയ്ക്കും ചെൻ ലോംഗിനുമെല്ലാം ഈ മലയാളിക്കരുത്തിന് മുന്നിൽ അടി തെറ്രി. ലിൻഡാനെ മൂന്ന് തവണയാണ് പ്രണോയ് വീഴ്ത്തിയത്. തന്റെ റോൾ മോഡലുകളായ സൂപ്പർതാരങ്ങളെ വീഴ്ത്തിയതിന്റെ ത്രില്ല് ഇപ്പോഴുമുണ്ട്. നല്ല ഹോം വർക്കുകൾ നടത്തി കളിക്കാനിറങ്ങിയതാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെ വിജയരഹസ്യം. ലിൻഡാനെ ആദ്യമായി തോൽപ്പിക്കുന്നതിന് നാലുമാസം മുമ്പ് നടന്ന മത്സരത്തിൽ അദ്ദേഹം പ്രണോയ്യെ കീഴടക്കിയിരുന്നു. ആ മത്സരത്തിൽ എതിരാളിയുടെ വീക്ക് പോയിന്റുകൾ പ്രണോയ് മനസിലാക്കി. തുടർന്ന് വീഡിയോ ദൃശ്യങ്ങളിലൂടെ ലിൻഡാന്റെ ദൗർബല്യങ്ങൾ കൂടുതൽ മനസിലാക്കി. അങ്ങനെയാണ് ലിൻഡാനെ പൂട്ടാൻ പറ്രിയത്. പിന്നീട് കാണുമ്പോൾ ലിൻഡാൻ ഹായ് പറയും. അതെനിക്ക് അവാർഡ് കിട്ടിയ പോലെയാണ്. ഇത്രയും വലിയൊരു താരം നമ്മളെയൊക്കെ വിഷ് ചെയ്യുന്നുവല്ലോ, പ്രണോയ് ചിരിച്ചുകൊണ്ട് പറഞ്ഞു. ലീ ചോംഗ് വെയ് കുറച്ചു കൂടി കടുപ്പമായിരുന്നു. എതിരാളിയെ പീക്ക് ടൈമിലാണ് പ്രണോയ് തോൽപ്പിച്ചത്. ആദ്യം ഏറ്റുമുട്ടിയപ്പോൾ ഒന്നും മനസിലായില്ല. ഗംഭീര കളി. ഒടുവിൽ വീഡിയോ ദൃശ്യങ്ങൾ കണ്ട് മനസിലാക്കി തളയ്ക്കുകയായിരുന്നു. ചെൻ ലോംഗിനിയെയും ഇതേ രീതിയിലാണ് കുടുക്കിയത്. എതിരിടുന്ന ആളിന്റെ വീക്ക് പോയിന്റ് ഏതാണെന്ന് പെട്ടെന്ന് കണ്ടെത്താനാകുമെന്നത് പ്രണോയ്യുടെ പ്ലസ് പോയിന്റാണ്.
കുറച്ചുകൂടി ശ്രദ്ധവേണം
സർക്കാരിന്റെ ഭാഗത്തു നിന്നുൾപ്പെടെ കേരളത്തിലെ കായിക രംഗത്ത് ശ്രദ്ധ ലഭിക്കുന്നുണ്ടെങ്കിലും അല്പം കൂടി പരിഗണന വേണമെന്നാണ് പ്രണോയ്യുടെ പക്ഷം, പ്രത്യേകിച്ചും അത്ലറ്റിക്സിന്. ഇന്ത്യയിലെ ഏറ്രവും മികച്ച അത്ലറ്റുകൾ കേരളത്തിൽ നിന്നുള്ളവരാണ്. പലർക്കും മികച്ച രീതിയിലുള്ള സ്പോൺസർഷിപ്പും സഹായവും ലഭിച്ചാൽ അന്താരാഷ്ട്ര തലത്തിൽ മെഡലുകൾ ഒരുപാട് ലഭിക്കുമെന്ന് ഉറപ്പാണ്. ബാഡ്മിന്റണെ സംബന്ധിച്ചാണെങ്കിൽ ഇവിടെയൊരു നല്ല അക്കാഡമിയില്ലെന്നത് വലിയൊരു പോരായ്മയാണ്. ധാരാളം കുട്ടികൾ ഈ ഗെയിമിലേക്ക് വരുന്നുണ്ടെങ്കിലും അവർക്ക് വലിയ നിലവാരത്തിലുള്ള പരിശീലനം നൽകാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇത് മാറണം. കൂടുതൽ സ്പോൺസർമാർ വരണം. സംസ്ഥാനത്തെ ബാഡ്മിന്റൺ രംഗത്തിന് തനിക്ക് കഴിയുന്ന വിധം എന്തെങ്കിലും ചെയ്യണമെന്നുണ്ടെന്ന് പ്രണോയ് പറയുന്നു. അക്കാഡമി ഉൾപ്പെടെ പരിഗണനയിലുണ്ട്. നല്ലൊരു കൈത്താങ്ങ് ലഭിച്ചാൽ അതിനൊപ്പം ഉണ്ടാകും. സർക്കാരിന്റെ പിന്തുണ പ്രതീക്ഷിക്കുന്നു. വളർന്നു വരുന്ന തലമുറയ്ക്ക് ബാഡ്മിന്റണിൽ തിളങ്ങാൻ അനുകൂലസാഹചര്യമാണുള്ളത്. പ്രധാനമായും ചിന്താരീതികളും കളിയോടുള്ള സമീപനവുമാണ് മാറ്റേണ്ടത്. ഒരു ജോലി കിട്ടാൻ വേണ്ടി മാത്രം കളി എന്ന രീതി മാറണം. ഈ രംഗത്ത് തന്റെ പേര് പതിപ്പിക്കണം എന്ന വാശിയോടെയായിരിക്കണം യുവതാരങ്ങൾ ബാഡ്മിന്റണിലേക്ക് വരേണ്ടത്.
കളിക്കുന്നത് ജയിക്കാൻ വേണ്ടി
പിതാവ് സുനിൽകുമാർ ഇരുപത് വർഷം എയർഫോഴ്സിൽ ജോലി ചെയ്തു. ഇപ്പോൾ ഐ.എസ്.ആർഒയിലാണ്. അമ്മ ഹസീന കെ.എസ്.എഫ്.ഇയിലും. സഹോദരി പ്രിയങ്ക. ഡൽഹിയിൽ വച്ചാണ് പ്രണോയ്യുടെ ജനനം. തന്റെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജിന്റെ സൂപ്പർ ഡയലോഗ് പോലെ തന്നെയാണ് ഈ ഇരുപത്തേഴുകാരന്റെ കളിയോടും ജീവിതത്തോടുമുള്ള സമീപനവും. 'പൊരുതി തോറ്രാൽ അങ്ങ് പോട്ടെ എന്ന് വയ്ക്കും..." പ്രണോയ്, പക്ഷേ കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രമാണ്...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |