SignIn
Kerala Kaumudi Online
Friday, 14 August 2020 2.33 AM IST

'ഞാൻ ദിവ്യ ഗോപിനാഥ്, ഡോക്ടറാണ്, അതിനുശേഷം പൊലീസിലെത്തിയതാണ്'; പൂന്തുറയിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ നഗരത്തിലെ പുതിയ ഡി.സി.പി. ശാന്തമാക്കിയത് ഇങ്ങനെ

pponthura

തിരുവനന്തപുരം: കൊവിഡ് സൂപ്പർ സ്‌പ്രെഡിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പൂന്തുറ മേഖല അതീവ ജാഗ്രതയിലാണ്. ഇതിനിടയിൽ കടുത്ത നിയന്ത്രണങ്ങൾക്കെതിരെ ഇന്നലെ ജനം കൂട്ടത്തോടെ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. രോഗവ്യാപനം കൂടുതലുള്ള ഒരു സ്ഥലത്ത് സാമൂഹിക അകലം പാലിക്കാതെ ജനങ്ങൾ കൂട്ടത്തോടെ പൊതുനിരത്തിലറങ്ങിയത് ആരോഗ്യപ്രവർത്തകരെയും പൊലീസുകാരെയുമൊക്കെ കൂടുതൽ സമ്മർദ്ദത്തിലാക്കി.

ഈ സാഹചര്യത്തെ നിയന്ത്രണവിധേയമാക്കാൻ ഡി.സി.പി ഡോ.ദിവ്യ ഗോപിനാഥ് നൽകിയ ബോധവത്കരണത്തെക്കുറിച്ച് രാജേഷ് സിന്ദു എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. എല്ലാവർക്കും ഇതുപോലൊരു ബോധവത്ക്കരണം സാദ്ധ്യമല്ലെന്നും, പലരും ഇതിൽ രാഷ്ട്രീയം കലർത്തി തങ്ങളുടെ കടമ മറക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറിപ്പിലൂടെ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഞാൻ ഡോ. ദിവ്യ ഗോപിനാഥ്. ഡോക്ടറാണ്. അതിനുശേഷം പോലീസിലെത്തിയതാണ്...."
ഇന്ന് പൂന്തുറയിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തോട് നഗരത്തിലെ പുതിയ എ.സി.പി. സംസാരിച്ചു തുടങ്ങിയത് ഇങ്ങനെയാണ്. തുടർന്ന് ഏറെ ശാന്തയായി ആളുകളെ അവർ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. അതിനു തൊട്ടുമുൻപ് സംസാരിച്ച വ്യക്തിയും- അതാരെന്നറിയില്ല- ഇതേവിധത്തിലാണ് രോഗത്തെപ്പറ്റിയും നിയന്ത്രണ നടപടികൾ കൈക്കൊള്ളേണ്ടിവന്നതിനെപ്പറ്റിയും ജനങ്ങളോട് വിശദീകരിച്ചത്. സാമൂഹിക അകലം തെല്ലും പാലിക്കാതെയാണെങ്കിൽ‍പോലും അവിടെ കൂടിയവർ അതത്രയും ക്ഷമയോടെ കേട്ടു, അവരുടെ പ്രതിഷേധത്തിന്റെ കാരണങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ഡോ. ദിവ്യ സംസാരിക്കാൻ തുടങ്ങിയപ്പോൾതന്നെ ആളുകളോട് ഒരു കൈ അകലം പാലിച്ചു നിൽക്കണമെന്നു പറഞ്ഞപ്പോഴും ആരും എതിർപ്പൊന്നും പറഞ്ഞുകേട്ടില്ല. ഇതാണ് യഥാർഥ ബോധവൽക്കരണം. ആളുകളിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്നു നടത്തേണ്ടത്. ഇന്നുവരെ, കഴിഞ്ഞ നാലുമാസത്തോളമായി കോവിഡുമായി ബന്ധപ്പെട്ടു നടത്തിവരുന്ന ബോധവൽക്കരണങ്ങളൊന്നും സാമാന്യ ജനങ്ങളിൽ നല്ലൊരു പങ്കിലേക്കും എത്തിയിട്ടില്ലെന്നുതന്നെവേണം കരുതാൻ. അത്രമാത്രം കൗതുകത്തോടെയും പുതുതായി കേൾക്കുന്നതുപോലെയുമാണ് പൂന്തുറയിലെ ജനങ്ങൾ ഡോ. ദിവ്യയുടെ വാക്കുകൾ കേട്ടത്. കോവിഡ് പോലുള്ള മഹാമാരികളുടെ കാലത്ത് നിയമനടപടികളോളം തന്നെ പ്രസക്തവും അത്യാവശ്യവുമാണ് കരുതലോടെയുള്ള ഐ.ഇ.സി ക്യാംപെയ്ന്‍ എന്നതിലേക്കുകൂടിയാണ് ഇത് വിരൽ‍ചൂണ്ടുന്നത്.
ഇത്തരമൊരു ബോധവൽക്കരണം, പക്ഷേ, എല്ലാവർക്കും സാധിച്ചെന്നു വരില്ല. സാധിക്കുന്നവരുണ്ട്. അത് അതതുമേഖലകളിലെ ജനങ്ങളുമായി അടുത്തിടപഴകുന്നവരാണ്. പുരോഹിതരോ രാഷ്ട്രീയ നേതാക്കളോ അധ്യാപകരോ ജനപ്രതിനിധികളോ കാണും ഇതിനു യോഗ്യരായി. അവർ സ്വന്തം താൽപര്യങ്ങൾ‍ക്ക് അതീതരായി ഇത്തരമൊരു ദൗത്യം ഏറ്റെടുക്കേണ്ടതുണ്ട്. കോവിഡ് മഹാമാരി വസൂരിയും കോളറയും പോലെ നമ്മെ മുച്ചൂടും മുടിക്കാതിരിക്കാൻ അതു കൂടിയേ തീരൂ. ദൗർ‍ഭാഗ്യമെന്നു പറയട്ടെ, പക്ഷേ, പലരും ഇതിൽ‍ രാഷ്ട്രീയം കലർത്തി തങ്ങളുടെ കടമ മറക്കുകയാണ് ചെയ്യുന്നത്.
പൂന്തുറക്കാരുടെ ആശങ്കയ്ക്കും അടിസ്ഥാനമുണ്ട്. പൂന്തുറയാണ് രോഗവ്യാപനത്തിന്റെ കേന്ദ്രമെന്ന പ്രചാരണമുണ്ടായതിനു പിന്നാലെ പൂന്തുറക്കാർക്ക് എല്ലായിടത്തുനിന്നും വെറുപ്പിന്റെ അനുഭവങ്ങളുണ്ടായെന്നാണ് അവർ പറയുന്നത്. ആശുപത്രികളിൽപോലും പൂന്തുറക്കാരെ കയറ്റാതായത്രെ. കുമരിച്ചന്തയിലെ മീൻവിൽപനക്കാരനിൽ നിന്നാണ് രോഗം കൂടുതൽ പേരിലേക്ക് പകർന്നതെന്ന വിവരം പുറത്തുവന്നതിനുശേഷം, ഇന്നലെ മുതൽ തിരുവനന്തപുരം നഗരത്തിൽ മീൻവിൽപനക്കാർ അനുഭവിക്കുന്ന അവഗണനയുണ്ട്. അവരാണ് രോഗവാഹകരെന്ന രീതിയിലാണ് ആളുകളുടെ പെരുമാറ്റം. പല റെസിഡൻഷ്യൽ ഏരിയകളിലേക്കും മീൻവിൽപനക്കാർക്ക് നിരോധനം ഏർപ്പെടുത്തിക്കഴിഞ്ഞു. മീൻ വാങ്ങാൻ ആളുകൾ തയ്യാറാകുന്നില്ലെന്നു വന്നു. കോഴിക്ക് വില കുതിച്ചുയർന്നു തുടങ്ങി. രോഗം ബാധിച്ച, അല്ലെങ്കിൽ സമ്പർക്ക് വ്യാപനത്തിനു കാരണക്കാരായ മറ്റേതൊരു വിഭാഗത്തിനും നേരിടേണ്ടി വന്നിട്ടില്ലാത്ത തരത്തിലുള്ള അവഗണനയ്ക്കാണ് തിരുവനന്തപുരത്തെ മീൻവിൽപനക്കാർ, അവർ പൂന്തുറക്കാരല്ലെങ്കിൽപോലും ഇരയായിരിക്കുന്നത്.
കഴിഞ്ഞദിവസം പൂന്തുറ മേഖലയിൽ റോന്തുചുറ്റിയ തോക്കേന്തിയ കമാൻഡോകൾക്കും ആംബുലൻസിനും പോലീസിനുമൊപ്പം സഞ്ചരിച്ച അനൗൺസ്‌മെന്റ് വാഹനത്തിൽ നിന്ന് ഉയർന്നുകേട്ട വാചകങ്ങൾ ഇങ്ങനെയായിരുന്നു: "അനാവശ്യമായി വീടിനു പുറത്തിറങ്ങിയാൽ അവരെ കമാൻഡോസിന്റെ സഹായത്തോടെ പിടിച്ച് ആംബുലൻസിൽ കയറ്റി ദൂരസ്ഥലങ്ങളിലുള്ള ക്വാറന്റൈൻ സെന്ററുകളിലേക്ക് കൊണ്ടുപോകുന്നതാണ്, അവിടെ പാർപ്പിക്കുന്നതാണ്." കോവിഡിനെപ്പറ്റി, അതിന്റെ വ്യാപനരീതിയെപ്പറ്റി, അപകടത്തെപ്പറ്റി വേണ്ടവിധത്തിൽ മനസ്സിലാക്കിയിട്ടില്ലാത്ത ജനങ്ങൾ ഇത്തരമൊരു അനൗൺസ്‌മെന്റ് കേട്ടാൽ എങ്ങനെയാണ് ചിന്തിക്കുക?
രണ്ടുമാസത്തിലേറെ ജോലിയും കൂലിയുമില്ലാതെ സർക്കാരിന്റെ സൗജന്യറേഷൻ ആശ്രയിച്ചുമാത്രം ജീവിച്ചവർ ലോക്ഡൗണിൽ ഇളവുലഭിച്ചപ്പോൾ ഒരുമിച്ച് തെരുവിലേക്കിറങ്ങി. അവരെ അപ്പോൾ ആരും തടഞ്ഞില്ല, ബോധവൽക്കരിച്ചില്ല. നഗരത്തിലുൾപ്പെടെ ലോക്ഡൗൺകാലത്ത് പണിയെടുക്കാതെ കൂലിവാങ്ങി എല്ലിനിടയിൽ കയറിയവരുൾപ്പെടെ വിഴിഞ്ഞത്തും കുമരിച്ചന്തയിലുമൊക്കെ മീൻവാങ്ങാൻ തിക്കിത്തിരക്കി. ഇക്കൂട്ടത്തിൻ‍ ക്വാറന്‍റൈൻ‍ ലംഘിച്ചവരുമുണ്ടായിരുന്നു. കുറച്ചുദിവസം പാലും മീനും കഴിച്ചില്ലെങ്കിൽ ചത്തുപോകുന്ന അവരുടെ ആഘോഷം തങ്ങളുടെ വരുമാനമായിക്കണ്ട്, അതുവരെ അടച്ചുപൂട്ടി ചാക്കരിക്കഞ്ഞികുടിച്ചു കിടന്നവരും വെളിയിലിറങ്ങി. ലോക്ഡൗണും അടച്ചിട്ടിരിപ്പുമൊക്കെ ചിക്കൻ ബിരിയാണിക്കു കോപ്പുള്ളവർക്കുകൊള്ളാം, മറ്റുള്ളവർക്ക് ചാക്കരിക്കുള്ള വക വേണമെങ്കിൽ പുറത്തിറങ്ങി വെയിലും കോവിഡും കൊണ്ടാലേ പറ്റൂ എന്നതാണ് സ്ഥിതി. അവരുടെ ആ അവസ്ഥക്ക് യാതൊരു വിലയും കൊടുക്കാതെ സമൂഹത്തിലെ എലൈറ്റ് ക്ലാസ് ലോക്ഡൗൺ അനന്തര ദിനങ്ങൾ അർമാദിച്ചു.
ഇതിനിടയിൽ, പൂന്തുറയാണ് രോഗത്തിന്റെ പ്രഭവകേന്ദ്രമെന്നും പൂന്തുറക്കാരാണ് രോഗം പടർത്തുന്നതെന്നുമൊക്കെ പുറത്ത് പ്രചരിച്ചപ്പോൾ, അധികാരികളുടെ ഭീഷണി തങ്ങൾക്കുമീതേ പതിച്ചപ്പോൾ അവർ പ്രതിരോധത്തിലായി. ഈ അവസരം ചിലർ മുതലെടുത്തിട്ടുണ്ട്. കലക്കവെള്ളത്തിൽ മീൻപിടിക്കാനിറങ്ങിയ അവർ ഈ ആളുകളെ പലതും പറഞ്ഞ് കൂടുതൽ ക്ഷുഭിതരാക്കിയിട്ടുണ്ട്. അങ്ങനെയാണ് പൂന്തുറയിൽ അനിഷ്ട സംഭവങ്ങൾക്ക് വഴിതെളിഞ്ഞത്. കേരളത്തിലെ മറ്റുസ്ഥലങ്ങളിലും ഇവർതന്നെയാണ് ജനങ്ങളെ പ്രകോപിപ്പിച്ച് തെരുവിലിറക്കിയതെന്നത് ഇന്നത്തെ മറ്റു സംഭവങ്ങൾ തന്നെ തെളിവ്. ആളുകളുടെ ആശങ്ക അകറ്റുകയോ അവരെ സമാധാനിപ്പിക്കുകയോ രോഗം പകരാതെ നോക്കുകയോ അല്ല, മറിച്ച് വെടക്കാക്കി തനിക്കാക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
പൂന്തുറയിൽ പക്ഷെ, എ.സി.പി ഡോ. ദിവ്യഗോപിനാഥ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെ പുരോഹിതരുടെ സഹായത്തോടെ ആളുകളെ വിളിച്ചുകൂട്ടി നടത്തിയ ബോധവൽക്കരണത്തോടെ സ്ഥിതിഗതികൾ കുറേയൊക്കെ ശാന്തമായി. റോഡിൽ പടിഞ്ഞിരുന്ന് ഡോ. ദിവ്യയുടെ വാക്കുകൾ കേൾക്കുന്ന ആളുകൾ തന്നെ ഇതിനു തെളിവ്. ഇതേ ബോധവൽക്കരണം മറ്റുള്ളവർക്കും ചെയ്യാമായിരുന്നു. അവർ അതുചെയ്യാതെ ആളുകളെ തെരുവിലിറക്കി. അതുതന്നെയാണ് കേരളത്തിൽ ഉടനീളം ഇപ്പോൾ ചിലർ ചെയ്തുകൊണ്ടിരിക്കുന്നത്.
പോലീസിന് മർക്കടമുഷ്ടികൊണ്ടുമാത്രമല്ല വാക്കുകൾകൊണ്ടും ആളുകളെ നിയന്ത്രിക്കാനാകുമെന്ന് ഡോ. ദിവ്യ തെളിയിച്ചിരിക്കുന്നു. നാളെ ചിലപ്പോൾ വേറേയാരുടെയെങ്കിലുമൊക്കെ കുത്തിത്തിരിപ്പുമൂലം സ്ഥിതിഗതികൾ വീണ്ടും മാറിയേക്കാം. എങ്കിലും തോക്കേന്തിയ കമാൻഡോകളും മൈക്കേന്തിയ ഡോ. ദിവ്യയും നമ്മോടു ചിലതൊക്കെ പറഞ്ഞുതരുന്നുണ്ട്. പൂന്തുറക്കാരും.
(ഡോ. ദിവ്യ സംസാരിക്കുന്നതിന്റെയും പൂന്തുറയിലൂടെ അനൗൺസ്‌മെന്റ് വൈഹനം കടന്നുപോകുന്നതിന്റെയും കമാൻഡോകൾ റൂട്ട് മാർച്ച് നടത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ കൈവശമുണ്ട്. അവയെ അടിസ്ഥാനമാക്കി എഴുതിയത്)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID 19, TRIVANDRUM, POONTHURA, DR DIVYA GOPINATH, FACEBOOK POST, TC RAJESH SINDHU
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.