തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് എൻ.ഐ.എ ഏറ്റെടുത്തിരിക്കെ വിവാദങ്ങളുടെ പുകമറയുയര്‍ത്തുന്നവര്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കൊവിഡ് ദുരന്തകാലത്തുപോലും നാടിനെയും നാട്ടുകാരെയും കുരുതി കൊടുത്തുകൊണ്ട് ഹീനമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്ന ബി.ജെ.പി ‐ യു.ഡി.എഫ് കൂട്ടുകെട്ടിനെ ജനം തിരിച്ചറിയുമെന്നും കോടിയേരി വിമർശിച്ചു.
സ്വര്‍ണം കൊണ്ടുവന്ന നയതന്ത്ര ബാഗ് വിട്ടുകൊടുക്കാന്‍ ഇടപെട്ടത് സംഘപരിവാര്‍ പ്രവര്‍ത്തകനായ ഒരു ക്ലിയറിംഗ് ഏജന്‍റാണ് എന്നത് നിസാരമല്ല. ബാഗ് തടഞ്ഞുവച്ചാല്‍ പണിപോകും എന്ന് ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തി. വിട്ടുകൊടുക്കില്ല എന്ന് കണ്ടപ്പോള്‍ ബാഗ് തിരിച്ചയക്കാനും സമ്മര്‍ദ്ദം ചെലുത്തി. ഇതിനുപിന്നാലെയാണ് സ്വര്‍ണം കൊണ്ടുവന്നത് നയതന്ത്രബാഗിലല്ല എന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ പ്രസ്താവന വന്നത്. നയതന്ത്രബാഗ് ക്ലിയര്‍ ചെയ്യാന്‍ ഏജന്‍റിന്‍റെ ആവശ്യമില്ല. എന്നിട്ടും ബി.എം.എസ് നേതാവായ അതില്‍ ഇടപെട്ടു. സ്വര്‍ണക്കടത്ത് കേസിലെ ആസൂത്രകരിലേക്കും ഗൂഢാലോചനകാരിലേക്കും വിരല്‍ ചൂണ്ടുന്ന ഈ ഇടപെടലിനെ വെള്ളപൂശാനാണോ മുരളീധരന്‍റെ പ്രസ്താവന എന്ന സംശയം അസ്ഥാനത്തല്ലെന്നാണ് കോടിയേരിയുടെ ആരോപണം.
ഇതിനുപിന്നാലെയാണ് സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗിലാണ് എന്ന എന്‍.ഐ.യുടെ പ്രസ്താവന പുറത്തുവരുന്നത്. അതോടെ മുരളീധരന്‍ സംശയത്തിന്‍റെ നിഴലിലാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്‍റെ വിദേശകാര്യ സഹമന്ത്രിയുടെ കസേരയിലിരിക്കുന്നത് ഉചിതമാണോയെന്ന് അദ്ദേഹം ആലോചിക്കുന്നത് ഉത്തമമായിരിക്കുമെന്നും കോടിയേരി പറഞ്ഞു.
മറ്റ് കള്ളക്കടത്ത് കേസുകളുടെ ഗതി ഈ കേസിനുണ്ടാകരുത്. എന്നു മാത്രമല്ല, മറ്റു കേസുകളുടെ പിന്നാമ്പുറങ്ങളിലേക്കുകൂടി ഇതിലൂടെ കടക്കാനാവണമെന്നും അദ്ദേഹം പറഞ്ഞു. ഈ സ്വര്‍ണക്കടത്ത് പുറത്തു വന്നയുടന്‍ പലര്‍ക്കുമെതിരെ വിരല്‍ചൂണ്ടി തെളിവുണ്ടെന്ന് അവകാശപ്പെട്ടവര്‍ ഏറെയാണ്. അവരെല്ലാം തെളിവുകള്‍ അന്വേഷകര്‍ക്ക് കൈമാറണം. യു.എ.പി.എയിലെ 43 എഫ് അതിന് അവസരം നല്‍കുന്നുവെന്നും കോടിയേരി ഓർമ്മിപ്പിച്ചു.
കസ്റ്റംസ് അന്വേഷിക്കുമ്പോഴും സമാന അവസരം ഉണ്ടായിരുന്നു. അന്ന് അവര്‍ അത് ചെയ്തില്ല ഇനിയെങ്കിലും അതിന് തയ്യാറാകണം. കള്ളതെളിവുനല്‍കിയാല്‍ ശിക്ഷയുണ്ട്. ഇനിയും തെളിവുകള്‍ നല്‍കാന്‍ ഇക്കുട്ടര്‍ തയ്യറായില്ലെങ്കില്‍ ഇവര്‍ ഇതുവരെ വിളിച്ചുപറഞ്ഞതൊക്കെ കള്ളമായിരുന്നു എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ലെന്നും കോടിയേരി പറഞ്ഞു.
സ്വപ്നയുടെ വക്കാലത്ത് ഏറ്റിരിക്കുന്നത് സംഘപരിവാര്‍ സംഘടനയായ ഹിന്ദു ഇക്കണോമിക് ഫോറത്തിന്‍റെ നേതാവായ വക്കീലാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഈ കേസിലെ പ്രതിയുടെ സംരക്ഷണത്തിന് രാജ്യസ്നേഹം പ്രസംഗിക്കുന്ന സംഘപരിവാര്‍ സംഘടനയുടെ നേതാവുതന്നെ നേരിട്ടിറങ്ങിപുറപ്പെട്ടത് ശ്രദ്ധേയമാണ്. വിവാദങ്ങളെ അതിജീവിച്ച് പാർട്ടിയും മുന്നണിയും സർക്കാരും മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |