ബംഗളുരു: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും, സന്ദീപ് നായരും പിടിയിലാകുമ്പോൾ അഭിനന്ദിക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയെ(എൻ.ഐ.എ) തന്നെയാണ്. കേസ് ഏറ്റെടുത്തതിന്റെ പിറ്റേ ദിവസമാണ് എൻ.ഐ.എ അന്വേഷണ സംഘം കൃത്യമായി വലവിരിച്ച് തങ്ങൾ സുരക്ഷിതരാണെന്ന മിഥ്യാബോധത്തിൽ ബംഗളുരുവിൽ ഒളിച്ചുകഴിഞ്ഞ സന്ദീപിനെയും സ്വപ്നയേയും പിടികൂടിയിരിക്കുന്നത്.
രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങൾ പ്രതിരോധിക്കുന്നതും അത്തരം പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തുകയും അതിനു പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടുകയാണ് അടിസ്ഥാനപരമായി എൻ.ഐ.എയുടെ ചുമതല. സ്വർണക്കടത്ത് കേസിൽ തീവ്രവാദ ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചതോടെയാണ് കേസന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ തങ്ങൾ തീരുമാനിച്ചതെന്ന് കേന്ദ്ര സർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു.
വിഷയം രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. കേസിലെ തീവ്രവാദ ബന്ധത്തെ കുറിച്ച് വിവരം ലഭിച്ചതോടെ എൻ.ഐ.എ ഉണർന്ന് പ്രവർത്തിക്കുകയായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടൽ കൂടി സ്വർണക്കടത്ത് കേസിൽ ഉണ്ടായത് ഏജൻസിയുടെ പ്രവർത്തനം ഊർജ്ജിതമാക്കിയെന്ന് വേണം കരുതാൻ.
തീവ്രവാദ സംഘടനയായ ഐസിസിന് ആവശ്യവുമായ പണം ലഭിക്കുന്നത് സ്വര്ണക്കടത്തിലൂടെയാണെന്ന വിവരവും എൻ.എൻ.എ മനസിലാക്കിയിരുന്നു. ഐസിസ് റിക്രൂട്ട്മെന്റിനും ഈ പണം ഉപയോഗിക്കുന്നതായി സൂചന ലഭിച്ചിരുന്നു. അതുപോലെതന്നെ രാജ്യവിരുദ്ധ നീക്കങ്ങൾക്കായുള്ള പണം കണ്ടെത്താനും ഇവർ സ്വർണക്കടത്ത് നടത്തുന്നുവെന്നും രഹസ്യാന്വേഷണ ഏജൻസികൾ തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഹൈദരാബാദിലുള്ള തീവ്രവാദ സംഘത്തിലേക്കാണ് ഈ പണം എത്തുന്നതെന്നും അനുമാനമുണ്ട്.
ഇപ്പോഴത്തെ സ്വർണക്കടത്ത് കേസിൽ ഒതുങ്ങാതെ, വ്യാപക അറസ്റ്റുകൾ നടക്കാനുള്ള സാദ്ധ്യതയിലേക്കും കേന്ദ്ര സർക്കാർ വിരൽ ചൂണ്ടുന്നു. രാഷ്ട്രീയ പശ്ചാത്തലമുള്ള ചിലരുടെ നീക്കങ്ങളും എൻ.ഐ.എ നിരീക്ഷിച്ചുവരികയാണെന്ന് അറിയാൻ കഴിയുന്നത്. സ്വർണം എന്താവശ്യത്തിനാണ് കേരളത്തിലേക്ക് എത്തിയതെന്നും കേരളത്തിലേക്ക് സ്വർണം എത്തുന്ന വഴിയെക്കുറിച്ചും ഏജൻസി അന്വേഷിക്കും.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പേര് പുറത്ത് വന്നതിന് പിന്നാലെ 6 ദിവസത്തിന് ശേഷമാണ് സ്വപ്നയും സന്ദീപും ഇപ്പോൾ എൻ.ഐ.എയുടെ പിടിയിലായിരിക്കുന്നത്. സ്വപ്നയും സന്ദീപുമായി നാളെ എൻ.ഐ.എ ഉദ്യോഗസ്ഥർ ബംഗളുരുവിൽ നിന്നും തിരിക്കും.ഇതിന് ശേഷം മറ്റന്നാൾ ഇവരെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. പ്രതികൾ പിടിയിലായ വിവരം എൻഐഎ അറിയിച്ചതായി കസ്റ്റംസും സ്ഥിരീകരിച്ചിട്ടുണ്ട്. എൻ.ഐ.എ സംഘം ബംഗളൂരുവിൽ നിന്നാണ് സ്വപ്ന സുരേഷിനെയും സന്ദീപിനെയും പിടികൂടിയത് സ്വർണക്കടത്ത് കേസിൽ രണ്ടാം പ്രതിയാണ് കസ്റ്റഡിയിലായ സ്വപ്ന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |