ന്യൂഡൽഹി: ആപ്പിളിനുവേണ്ടി ഐഫോണുകൾ നിർമ്മിക്കുന്ന തായ്‌വാൻ കമ്പനിയായ ഫോക്‌സ്‌കോൺ ഇന്ത്യയിൽ 100 കോടി ഡോളർ (ഏകദേശം 7,520 കോടി രൂപ) നിക്ഷേപിക്കും. ചെന്നൈ ശ്രീപെരുംപുതൂരിലെ പ്ളാന്റ് വിപുലീകരണത്തിനാണ് പണം ചെലവഴിക്കുക. ചൈനയിൽ നിന്ന് ഐഫോൺ നിർമ്മാണം മറ്ര് രാജ്യങ്ങളിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ നടപടികളുടെ പശ്‌ചാത്തലത്തിലാണ്, ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപമൊഴുക്കാൻ ഫോക്‌സ്‌കോൺ തീരുമാനിച്ചതെന്ന് കരുതുന്നു.
കൊവിഡ് വ്യാപനത്തിൽ ആരോപണ നിഴലിലായ ചൈനയിൽ നിന്ന് കൂടൊഴിയാൻ ആഗോള കമ്പനികൾ ശ്രമിക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കവും വ്യാപാരയുദ്ധം പുനരാരംഭിച്ചതും ആപ്പിളിന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഗാൽവാൻ വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിലെ ബന്ധം ഉലഞ്ഞ പശ്ചാത്തലത്തിലാണ് ഫോക്‌സ്കോണിന്റെ നിക്ഷേപനീക്കമെന്ന പ്രത്യേകതയുമുണ്ട്.
അടുത്ത മൂന്നുവർഷത്തിനകമായിരിക്കും ഫോക്‌സ്‌കോൺ നിക്ഷേപം പൂർത്തിയാക്കുക. ഇക്കാലയളവിൽ പുതുതായി 6,000 തൊഴിലുകളും ഫോക്‌സ്‌കോൺ സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ വിപണിയിലേക്കുള്ള ഐഫോൺ എക്‌സ്.ആർ ഉൾപ്പെടെ ഒട്ടേറെ മോഡലുകൾ ശ്രീപെരുംപുത്തൂരിലാണ് നിർമ്മിക്കുന്നത്. ഇന്ത്യൻ സ്‌മാർട്‌ഫോൺ വിപണിയിൽ ഒരു ശതമാനമാണ് ആപ്പിളിന്റെ വിഹിതം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |