തിരുവനന്തപുരം : കൊവിഡ് പ്രതിരോധം കൂടുതൽ ശക്തമാക്കാൻ ശ്വാസകോശ പ്രശ്നങ്ങളുള്ളവരെ കണ്ടെത്തി ആന്റിജൻ (സ്രവ) പരിശോധന നടത്തണമെന്ന് വിദഗ്ദ്ധസമിതി സർക്കാരിന് ശുപാർശ ചെയ്തെങ്കിലും തീരുമാനമായില്ല.
അതിവ്യാപനം രൂക്ഷമായ പൂന്തുറ മേഖലയിലും പൊന്നിയിലും ചുമയോ ശ്വാസതടസമോ ഉള്ളവരിൽ ശ്രവപരിശോധന നടത്തിയപ്പോഴാണ് കൂടുതൽ കേസുകൾ കണ്ടെത്താനായത്. മറ്റിടങ്ങളിലും ഈ രീതിയിൽ പരിശോധന നടത്തിയാൽ കേസുകളുടെ എണ്ണം കൂടും. കിറ്റുകൾക്ക് ഉൾപ്പെടെ പരിമിതിയുള്ളതിനാൽ ശ്വാസകോശ പ്രശ്നങ്ങളുള്ളവരുടെ മേഖലകൾ കണ്ടെത്തിയുള്ള പരിശോധനയാണ് പ്രയോഗികം.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുൾപ്പെടെയും സ്വകാര്യ ആശുപത്രികളിലും ശ്വാസതടസം, ചുമയോടു കൂടിയ പനി എന്നിവയ്ക്ക് ചികിത്സതേടുന്നവരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കണം. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നും വിദഗ്ദ്ധർ പറയുന്നു.
നെഗറ്റീവ് പരിശോധന വേണ്ട
പോസിറ്റീവായാൽ പത്ത് ദിവസത്തിന് ശേഷമോ, ലക്ഷണം ഇല്ലാതായിട്ട് പത്ത് ദിവസം കഴിഞ്ഞോ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പടരില്ലെന്നാണ് ഐ.സി.എം.ആർ പറയുന്നത്. അതിനാൽ പോസിറ്റീവാകുന്ന രോഗികളെ പത്ത് ദിവസത്തെ പരിചരണത്തിന് ശേഷം വിട്ടയയ്ക്കാം. ഇത്തരത്തിൽ സംസ്ഥാനത്ത കൊവിഡ് ഡിസ്ചാർജ് പ്രോട്ടോക്കോൾ പരിഷ്കരിക്കണമെന്ന നിർദേശവും വിദഗ്ദ്ധസമിതി മുന്നോട്ടുവച്ചിട്ടുണ്ട്. അങ്ങനയെങ്കിൽ രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അനാവശ്യ പരിശോധനകൾ ഒഴിവാക്കാനാകും.
നിലവിൽ നില ഭദ്രം
ചികിത്സയിലുള്ള 3444 പേരിൽ ഭൂരിഭാഗവും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലാണ്. മറ്റ് രോഗങ്ങളുമുള്ളവരെയാണ് കൊവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്. 29 രോഗികളാണ് ഐ.സി.യുവിൽ ഉള്ളത്. 9 പേരാണ് വെന്റിലേറ്ററിൽ. ആകെ രോഗികളുടെ പത്ത് ശതമാനം പോലും ഗുരുതരാവസ്ഥയിലില്ല.
'ചുമയും ശ്വാസതടവുമായി എത്തുന്നവരെ നിബന്ധമായും സ്രവ പരിശോധനയ്ക്ക് വിധേയമാക്കണം. വൈറസ് സമൂഹത്തിലേക്ക് പടർന്നിരിക്കുന്ന പശ്ചാത്തലത്തിൽ ഇത് അനിവാര്യമാണ്.'
- ഡോ.പദ്മനാഭ ഷേണായി
റുമറ്റോളജിസ്റ്റ്, കൊച്ചി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |