പത്തനംതിട്ട: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാധികാരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് പന്തളംകൊട്ടാരം. കേരളത്തിലെ എല്ലാ ഭക്തജനങ്ങൾക്കും സന്തോഷം പകരുന്നൊരു വിധിയാണിത്.ഇതിലൂടെ പണ്ട് ഇന്ത്യാ ഗവണ്മെന്റുമായി തിരുവിതാംകൂർ രാജാവ് ഒപ്പിട്ട കവനന്റിന് ഇന്നും വിലയുണ്ടെന്ന് രാജ്യത്തെ പരമോന്നത കോടതി വ്യക്തമാക്കി. ഇത് സന്തോഷമുളള കാര്യമാണ്.
കേരളത്തിൽ ഭക്തജനങ്ങളുടെ കൂട്ടായ്‌മ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഈ കേസ് ഓർമ്മിപ്പിക്കുന്നു. ക്ഷേത്രഭരണം ക്ഷേത്രവിശ്വാസികൾക്കാകണമെന്ന ദീർഘകാലമായുളള ആവശ്യം തത്വത്തിൽ അംഗീകരിക്കുന്നതാണ് ഈ വിധി. കഴിഞ്ഞകാലങ്ങളിൽ ഹൈന്ദവ വിശ്വാസികളോട് ശത്രുതാ മനോഭാവത്തോടെ പെരുമാറുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. സുപ്രീംകോടതിയുടെ ഈ വിധി ഇനി വരാനുളള നിരവധി വിധികൾക്ക് സഹായകമാകും. ഒൻപത് വർഷം നീണ്ടുനിന്ന നിയമ യുദ്ധത്തിന് നേതൃത്വം നൽകിയ ശ്രീപത്മനാഭ ദാസരായ തിരുവിതാംകൂർ രാജകുടുംബാംഗങ്ങളെയും അതിന് സഹായമായ സംഘടനകളെയും വണങ്ങുന്നുവെന്നും പന്തളം കൊട്ടാരം നിർവ്വാഹകസംഘം പ്രസിഡന്റ് ശശികുമാർ വർമ്മ, സെക്രട്ടറി പി.എൻ.നാരായണ വർമ്മ എന്നിവർ പ്രസ്‌താവനയിലൂടെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |