കൊച്ചി: സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയുടെ പേര് തിരുത്തി ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ). ദുബായിലെ വ്യവസായിയും എറണാകുളം സ്വദേശിയുമായ ഫാസിൽ ഫരീദ് അല്ലെന്നും തൃശൂർ കൈപ്പമംഗലം സ്വദേശിയാ തൈപ്പറമ്പില്‍ വീട്ടില്‍ ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതിയെന്നുമാണ് എൻ.ഐ.എ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. എഫ്.ഐ.ആറില്‍ പേരും മേല്‍വിലാസവും തെറ്റായി കൊടുത്തത് തിരുത്തണമെന്ന ആവശ്യവുമായി സമര്‍പ്പിക്കപ്പെട്ട അപേക്ഷ കോടതി അംഗീകരിച്ചതിനാലാണിത്.
അന്താരാഷ്ട്ര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ സഹായത്തോടെ ഇയാളെ നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് എൻ.ഐ.എ ഇപ്പോൾ. കേസിലെ ഫൈസൽ ഫരീദിന്റെ പങ്ക് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് എൻ.ഐ.എ അന്വേഷണ സംഘം വ്യക്തമാക്കി.
നയതന്ത്ര പരിരക്ഷയോടെ സ്വര്‍ണമുള്ള ബാഗ് അയക്കാന്‍ വ്യാജ രേഖ നിര്‍മ്മിച്ചതിലുള്ള ഇയാളുടെ പങ്കിനെക്കുറിച്ചാണ് എൻ.ഐ.എ പ്രധാനമായും അന്വേഷിക്കുന്നത്. ഹൈക്കോടതിയില്‍ ഉൾപ്പെടെ സമർപ്പിക്കപ്പെട്ട എൻ.ഐ.എയുടെ റിപ്പോർട്ടിൽ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് അറ്റാഷെയുടെ മേൽവിലാസത്തിൽ സ്വർണം അടങ്ങുന്ന ബാഗ് അയച്ചത് ഫാസില്‍ ഫരീദാണെന്ന് കാണിച്ചിരുന്നു.
ഇതോടൊപ്പം ദുബായ് വ്യവസായിയെ മൂന്നാം പ്രതിയാക്കി എന്‍.ഐ.എ എഫ്.ഐ.ആറും റജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തിലാണ് വിലാസവും പേരും തെറ്റായാണ് രേഖപ്പെടുത്തിയതെന്ന് എന്‍.ഐ.എയ്ക്ക് വ്യക്തമായത്. തുടർന്ന്, എഫ്.ഐ.ആറിൽ ഇവ രണ്ടും തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏജൻസി പ്രത്യേക കോടതിയില്‍ അപേക്ഷ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |