ബ്രെഷ്യയെ 6-2ന് കീഴടക്കി അറ്റലാന്റ സെരി എയിൽ രണ്ടാം സ്ഥാനത്ത്
റോം : ഇറ്റാലിയൻ സെരി എയിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ദുർബലരായ ബ്രെഷ്യയെ രണ്ടിനെതിരെ ആറ് ഗോളുകൾക്കൊണ്ട് മൂടിയ അറ്റലാന്റ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു.
കഴിഞ്ഞ വാരം ലീഗിലെ മുമ്പന്മാരായ യുവന്റസിനെ 2-2ന് സമനിലയിൽ തളച്ചിരുന്ന അറ്റലാന്റയുടെ മറ്റൊരു അവിസ്മരണീയ പ്രകടനമാണ് ബ്രെഷ്യയ്ക്ക് എതിരെ കണ്ടത്. ഹാട്രിക് നേടിയ ക്രൊയേഷ്യൻ താരം മരിയോ പസാലിച്ചായിരുന്നു അറ്റലാന്റയുടെ കുന്തമുന. രണ്ടാം മിനിട്ടിൽ ഗോളടി തുടങ്ങിയ പസാലിച്ച് 55,58 മിനിട്ടുകളിലും വലകുലുക്കി.25-ാം മിനിട്ടിൽ ഡിറൂണും 28-ാം മിനിട്ടിൽ മാലിനോവ്സ്കിയും 30-ാം മിനിട്ടിൽ സപാറ്റയും സ്കോർ ചെയ്തിരുന്നു.എട്ടാം മിനിട്ടിൽ ടൊറേഗ്രോസേയിലൂടെ സമനില പിടിച്ചിരുന്ന ബ്രെഷ്യയ്ക്ക് അഞ്ചുമിനിട്ടിനിടയിൽ മൂന്നുഗോളുകൾ കിട്ടിയത് കനത്ത പ്രഹരമായി. 83-ാം മിനിട്ടിൽ സ്പാലെക്കാണ് ബ്രെഷ്യയുടെ രണ്ടാം ഗോൾനേടിയത്.
ഇൗവിജയത്തോടെ അറ്റലാന്റയ്ക്ക് 33 മത്സരങ്ങളിൽ നിന്ന് 70 പോയിന്റായി. ഒന്നാമതുള്ള യുവന്റസിന് 32 മത്സരങ്ങളിൽ നിന്ന് 76 പോയിന്റാണുള്ളത്. 32 മത്സരങ്ങളിൽ നിന്ന് 68 പോയിന്റുമായി ഇന്റർ മിലാനാണ് മൂന്നാം സ്ഥാനത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |