തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി സി.പി.ഐ നേതൃത്വത്തിനോട് വിശദീകരിച്ചു. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം സി.പി.ഐയെ അറിയിച്ചു. കേസിൽ ആരെയും സംരക്ഷിക്കില്ലെന്നാണ് മുഖ്യമന്ത്രി സി.പി.ഐ മന്ത്രിമാരെ അറിയിച്ചു. സി.പി.ഐയുടെ ഭാഗത്തുനിന്ന് കൂടുതൽ വിമർശനമുണ്ടാകാതിരിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നടപടി.
സ്വർണക്കടത്തുകേസിൽ സർക്കാരിന്റെ പ്രതിച്ഛായ കൂടുതൽ നഷ്ടമാക്കില്ലെന്ന ആത്മവിശ്വാസം സി.പി.ഐ നേതാക്കളോട് മുഖ്യമന്ത്രി പങ്കുവച്ചു. ശിവശങ്കറിനപ്പുറത്തേക്ക് കേസും വിവാദവും വളരില്ലെന്ന ആത്മവിശ്വാസമാണ് മുഖ്യമന്ത്രി സി.പി.ഐ നേതാക്കളോട് പങ്കിട്ടത്. വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ സി.പി.ഐയെ കൂടി ഒപ്പം നിർത്തി മുന്നോട്ടുപോകാനാണ് മുഖ്യമന്ത്രി തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായാണ് സി.പി.ഐ മന്ത്രിമാരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയത്. കേസിൽ ആരെയും സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് സി.പി.ഐ മന്ത്രിമാർ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അറിയിച്ചിട്ടുണ്ട്.
സ്വർണക്കടത്ത് വിവാദത്തിൽ ഇടതുമുന്നണിയിൽ കലാപം ഉയർത്താൻ സി.പി.ഐ തയ്യാറെടുക്കവെയാണ് അടിയന്തരമായി മുഖ്യമന്ത്രി ഇടപെട്ടത്. വിഷയം പാർട്ടിയ്ക്കകത്ത് ചർച്ച ചെയ്‌തില്ലെങ്കിലും കൊവിഡ് പ്രതിരോധത്തിൽ സർക്കാർ കെട്ടിപൊക്കിയ ഇമേജ് തകർന്നെന്ന നിലപാടായിരുന്നു സി.പി.ഐയിലെ പ്രമുഖ നേതാക്കൾക്കുണ്ടായിരുന്നത്. ഇക്കാര്യം പാർട്ടിയിലെ പല പ്രമുഖരും പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനെ അറിയിച്ചിരുന്നു.
പ്രതിപക്ഷത്തിന്റെ കയ്യിൽ ആയുധം കൊടുക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നായിരുന്നു സി.പി.ഐയിലെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. മന്ത്രിസഭയിലെ സി.പി.ഐ അംഗങ്ങൾക്കും സർക്കാർ നടപടിയിൽ കടുത്ത എതിർപ്പുണ്ടായിരുന്നു.
ശിവശങ്കറിനെതിരെ രണ്ട് ദിവസം കഴിഞ്ഞും നടപടിയുണ്ടായില്ലെങ്കിൽ സി.പി.ഐ മന്ത്രിമാർ നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് തങ്ങളുടെ എതിർപ്പ് അറിയിക്കാനും സർക്കാരിനെതിരെ പരസ്യപ്രതികരണം നടത്താനും മുതിർന്നിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ട് ചീഫ് സെക്രട്ടറിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |