ജില്ലയിൽ പാഠപുസ്തക വിതരണം പൂർത്തിയാകുന്നു
കോഴിക്കോട് : ഓൺലൈൻ ക്ലാസുകൾക്കൊപ്പം ഇനി പുസ്തകം നോക്കിയും പഠിക്കാം. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ പാഠപുസ്തക വിതരണം പൂർത്തിയായി. 31,68,413 പുസ്തകങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്. കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് പാഠപുസ്തക വിതരണം നടന്നത്. കെ.ബി.പി.എസിൽ നിന്ന് ജില്ലാ ഡിപ്പോകളിലെത്തിച്ച് സ്‌കൂൾ സൊസൈറ്റിക്കാവശ്യമുള്ള പുസ്തകങ്ങൾ നൽകിയാണ് വിതരണം പൂർത്തിയാക്കിയത്. 333 സൊസൈറ്റികളിലേക്കാണ് പുസ്തകങ്ങൾ നൽകിയത്. വടകര ഹബ്ബിൽ എത്തിച്ച പുസ്തകങ്ങൾ തരം തിരിച്ചത് കുടുംബശ്രീയാണ്. നിലവിൽ വടകര മുനിസിപ്പാലിറ്റി കണ്ടെയ്ൻമെന്റ് സോണായതിനാൽ ഹബ്ബ് താൽക്കാലികമായി അടച്ച നിലയിലാണ്. ഇതിനാൽ അൺ എയ്ഡഡ് സ്‌കൂളുകളിലേക്ക് പുസ്തകങ്ങൾ വിതരണം ചെയ്യാൻ സാധിച്ചില്ല. 1,97,237 പുസ്തകങ്ങളാണ് ഇത്തരത്തിൽ വിതരണം ചെയ്യാനുള്ളത്. ഹബ്ബ് തുറക്കാൻ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവയും വിതരണം ചെയ്യും. സാധാരണ മൂന്ന് മുതൽ നാല് മാസം വരെ നീളുന്ന പുസ്തക വിതരണം ഈ വർഷം ഒന്നര മാസത്തിനകം പൂർത്തിയായി. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലേക്കുള്ള പാഠപുസ്തക വിതരണം പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |