ന്യൂഡൽഹി: ഇന്ത്യയിൽ സജീവമായി പ്രവർത്തിക്കുന്നത് 12.15 ലക്ഷം രജിസ്‌റ്റേഡ് കമ്പനികളെന്ന് കേന്ദ്ര കോർപ്പറേറ്റ കാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ജൂണിലെ കണക്കുപ്രകാരം മൊത്തം 20.14 ലക്ഷം കമ്പനികളാണ് ഇന്ത്യയിലുള്ളത്. വിവിധ കാരണങ്ങളാൽ 7.46 ലക്ഷം കമ്പനികൾ ജൂണിൽ പ്രവർത്തനം നിറുത്തി.
2,242 കമ്പനികൾ നിർജീവ സ്ഥിതിയിലും 6,706 കമ്പനികൾ പാപ്പരായ അവസ്ഥയിലുമാണ്. 43,770 കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. പൂട്ടിയപ്പോയ കമ്പനികളിൽ 6.90 ലക്ഷം കമ്പനികളാണ് പൂർണമായി പ്രവർത്തനം അവസാനിപ്പിച്ചത്. 10,980 കമ്പനികൾ പാപ്പരായി. 25,725 കമ്പനികൾ ലയിക്കുകയോ ഏറ്റെടുക്കപ്പെടുകയോ ചെയ്‌തതാണ്.
പുതുതായി ജൂണിൽ 10,954 കമ്പനികൾ പ്രവർത്തനം തുടങ്ങി. 2019 ജൂണിൽ ആരംഭിച്ച പുതിയ കമ്പനികൾ 9,619 ആയിരുന്നു. 126.55 ശതമാനമാണ് ഇത്തവണ മേയ് മാസത്തെ അപേക്ഷിച്ച് ജൂണിലെ വർദ്ധന. ലിമിറ്റഡ് ലയബിലിറ്റി പാർട്‌ണർഷിപ്പ് (എൽ.എൽ.പി) ഇനത്തിൽ 2,273 കമ്പനികൾ ജൂണിൽ രജിസ്‌റ്റർ ചെയ്‌തു. കഴിഞ്ഞവർഷം ജൂണിൽ എണ്ണം 2,979 ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |