തിരുവനന്തപുരം: ജില്ലയിൽ കടൽമത്സ്യങ്ങളുടെ ലഭ്യത ഇല്ലാതായതോടെ ആശ്രയമാകേണ്ട ശുദ്ധജലമത്സ്യങ്ങൾ കിട്ടാക്കനി. രാത്രിമുതൽ പുലർച്ചവരെ വലയെറിഞ്ഞാലും ലഭിക്കുന്നത് ദാരിദ്ര്യത്തിന്റെ അവശേഷിപ്പുകൾ മാത്രമാണെന്നാണ് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പറയുന്നത്. പ്രധാന മത്സ്യ ഇനങ്ങളൊന്നും കാണാൻപോലും കിട്ടുന്നില്ല. മലിനീകരണവും അശാസ്ത്രീയ മത്സ്യബന്ധനവുമാണ് തിരിച്ചടിക്ക് കാരണമെന്നും ഇവർ പറയുന്നു.
കായലിന്റെ അടിത്തട്ടിലെ മണൽപ്പരപ്പിലാണ് കരിമീൻ അടക്കമുള്ള മത്സ്യങ്ങൾ പ്രജനനം നടത്തുന്നത്. നിരോധിക്കപ്പെട്ട തോട്ട പൊട്ടിക്കൽ മിക്കയിടത്തും വ്യാപകമായതോടെ ഇവയുടെ മുട്ടകളും കുഞ്ഞുങ്ങളുമെല്ലാം നാമാവശേഷമാകുകയാണ്. ഇതുതന്നെയാണ് മറ്ര് മത്സ്യങ്ങളുടെയും അവസ്ഥ. ഇതിനോടൊപ്പം രൂക്ഷമായ മണലെടുപ്പും കണ്ടൽക്കാടുകളുടെ നശീകരണവും മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയിൽ സാരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. രൂക്ഷമായ മാലിന്യനിക്ഷേപവും മറ്റൊരു തിരിച്ചടിയാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് തന്നെ ഇതര ജില്ലകളിലേക്ക് മത്സ്യം കയറ്റി അയയ്ക്കുന്ന വിപണന കേന്ദ്രങ്ങൾ വർക്കല താലൂക്കിലെ പല കായലുകൾ കേന്ദ്രീകരിച്ച് ഉണ്ടായിരുന്നു. ഇന്ന് അവയും ഗതകാല സ്മരണകൾ അയവിറക്കി കേഴുകയാണ്. ലേലംവിളികൾ കൊണ്ട് നിറഞ്ഞ കായലോരങ്ങൾ ഇന്ന് വിജനമായി.
പദ്ധതികളും പാളി
കാര്യമായ പഠനങ്ങൾ നടത്താതെ വർഷങ്ങൾക്കു മുമ്പ് ഫിഷറീസ് വകുപ്പ് വിവിധ പദ്ധതികളുടെ പേരിൽ ലക്ഷക്കണക്കിന് ചെമ്മീൻ കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിച്ചിരുന്നു. എന്നാൽ ഇതെല്ലാം പാഴായെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. 2016ലും മത്സ്യകൃഷി വ്യാപിപ്പിക്കാൻ ഫിഷറീസ് വകുപ്പ് ചില പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ഇതും ചെമ്മീൻ കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിക്കുന്നത് മാത്രമായി ഒതുങ്ങി.
മത്സ്യകുഞ്ഞുങ്ങളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ പരിശോധിക്കുന്നതിനുള്ള മോണിറ്ററിംഗ് സംവിധാനത്തിലുണ്ടായ പാകപ്പിഴകളും തിരിച്ചടിയായി.
ലഭ്യത കുറഞ്ഞത്....
01. കരിമീൻ
02. ആറ്റുകൊഞ്ച്
03. പൂമീൻ,
04. തൊണ്ണൻ
05. തേട്
06.ഞണ്ട്
07.കക്ക
08.ചിപ്പി
പ്രതിസന്ധിയിൽ
01.ഇലകമൺ
02.ഹരിഹരപുരം
03. കാപ്പിൽ
04. ചെറുന്നിയൂർ
05. പുത്തൻ കടവ്
06. മൂങ്ങോട്
07. കുളമുട്ടം
08. അകത്തുമുറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |