ബീജിംഗ്: ഹൂസ്റ്റണിലെ കോൺസുലേറ്റ് മൂന്നുദിവസത്തിനകം അടച്ചുപൂട്ടാൻ അമേരിക്ക ബീജിംഗിന് നിർദേശം നൽകിയതിന് തൊട്ടുപിന്നാലെ പ്രതികാര നടപടിയുമായി ചൈന. തെക്കുപടിഞ്ഞാറൻ നഗരമായ ചെങ്ഡുവിലെ യു.എസ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ ചൈന ഉത്തരവിട്ടു.
'യു.എസിന്റെ യുക്തിരഹിതമായ നടപടികളോട് നിയമാനുസൃതവും, ഉചിതവുമായ പ്രതികരണമാണ് ഈ നടപടി. ഈ പ്രശ്നങ്ങൾക്ക് ഉത്തരവാദി അമേരിക്ക തന്നെയാണ്'- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ബീജിംഗിലെ എംബസിക്ക് പുറമേ ചൈനയിലും ഹോങ്കോങ്ങിലുമായി അഞ്ച് കോൺസുലേറ്റുകളാണ് യു.എസിനുള്ളത്.
ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ അമേരിക്ക ഉത്തരവിട്ടതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രയുദ്ധം കൂടുതൽ വഷളാകുന്നത്. ചാരവൃത്തി ആരോപിച്ചായിരുന്നു അമേരിക്കയുടെ നടപടി. കൊവിഡ് വാക്സിൻ വിവരങ്ങൾ ചൈന ചോർത്തിയെന്ന് യു.എസ് ആരോപിച്ചിരുന്നു. കൂടുതൽ ചൈനീസ് കോൺസുലേറ്റുകൾ അടക്കാൻ ഉത്തരവിടുന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ടെന്ന് ട്രംപ് നേരത്തെ വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ യു.എസിന് തിരിച്ചടി നൽകുമെന്ന് ചൈന വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |