'ഒന്ന് കളക്ടറെ അറിയിക്കണേ... പൊലീസിനെയും പത്രക്കാരെയും വിളിക്കണേ.. ഞങ്ങളെ രക്ഷിക്കണേ..' അലറിക്കരയുന്ന നഴ്‌സിന്റെ ശബ്ദം പൊട്ടിക്കരച്ചിലിലാണ് നിലയ്ക്കുന്നത്. സ്വജീവൻ പണയപ്പെടുത്തി സേവനത്തിനിറങ്ങിയ നഴ്സിനെ ഈയവസ്ഥയിൽ എത്തിച്ച കുമ്മിയാട്ടമാണ് കഴിഞ്ഞ ദിവസം കുമ്മല്ലൂരിൽ അരങ്ങേറിയത്. കുമ്മിയാട്ട കലാകാരന്മാർ മറ്റാരുമല്ല, പത്തോളം വരുന്ന കൊവിഡ് രോഗികൾ.
കുമ്മല്ലൂരെന്ന ഗ്രാമം ചാത്തന്നൂരിടുത്താണ്. അവിടെ കൊവിഡ് ചികിത്സാലയമായി പ്രവർത്തിക്കുന്ന അസീസിയാ മെഡിക്കൽ കോളേജ് ഹോസ്റ്റലിലായിരുന്നു കലാപരിപാടി. 58 കിടക്കളുള്ള ഇവിടെ 56 രോഗികളുണ്ട്. സർക്കാർ ഡോക്ടറെ കൂടാതെ 18 ജീവനക്കാരുമുണ്ട്. വ്യാഴാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. രോഗികൾക്കായി പുറത്തുനിന്ന് ഒരാൾ കൊണ്ടുവന്ന ഭക്ഷണപ്പൊതി പരിശോധിച്ച ജീവനക്കാർ കണ്ടത് മദ്യവും പാൻപരാഗും സിഗരറ്റും. മദ്യവും ബീഡിയുമൊക്കെ മാറ്റി ഭക്ഷണം ബന്ധപ്പെട്ട രോഗികൾക്ക് കൈമാറി. ഇതറിഞ്ഞ ചെറുപ്പക്കാരനായ രോഗി വൈകുന്നേരത്തോടെ അസഭ്യവർഷവുമായി ജീവക്കാർക്ക് നേരെ കയർത്തടുത്തു. ചീത്തവിളിയെന്ന് പറഞ്ഞാൽ കൊവിഡ് വൈറസ് പോലും തലതല്ലി ചാകുന്ന ചീത്ത. കൊണ്ടുവന്ന സഞ്ചി അതേപടി കൊടുക്കാത്തതിന്റെ പേരിൽ കാണിച്ചുതരാമെന്ന ആക്രോശത്തോടെ കുമ്മിയാട്ടം തുടങ്ങി. നിനക്കെല്ലാം ഇപ്പോൾ കൊവിഡ് പരത്തുമെന്ന് പറഞ്ഞ് കലാകാരൻ ഓടിയടുത്തപ്പോൾ ജീവനക്കാർ പ്രാണരക്ഷാർത്ഥം ഓടി.
പരിപാടി പൊടിപൊടിക്കവേ പൊലീസെത്തി. പൊലീസായാലും കൊവിഡിനെ പേടിക്കണമല്ലോ. ഒടുവിൽ അകത്തുകയറാതെ അനൗൺസ് ചെയ്ത് കുമ്മിയാട്ടക്കാരനെയും സംഘത്തെയും അകത്തുകയറ്റി. അപ്പോഴും കുമ്മിയാട്ടക്കാരന്റെ രോഷം നിലച്ചില്ല. പേടിച്ചുവിറച്ച നഴ്‌സുമാരും സംഘവും കുത്തിയിരുന്ന് നേരം വെളുപ്പിച്ചു.
രണ്ടാം ദിവസം ഏഴുപേരുമായെത്തിയ കുമ്മിയാട്ടക്കാരൻ കൊവിഡ് പരത്തുമെന്ന ആക്രോശവുമായി മുറ്റത്തേക്കിറങ്ങി. ഡോക്ടറെയും ജീവനക്കാരെയും വെല്ലുവിളിച്ചു. പുറത്തിറങ്ങുമെന്ന ഭീഷണിയായതോടെ ആരോ ഗേറ്റ് കുറ്റിയിട്ടു. മീൻ കറി മുതൽ മദ്യം വരെ വേണമെന്ന ആവശ്യവുമായി ഏറെനേരം വെല്ലുവിളി തുടർന്നു. വീണ്ടും പൊലീസെത്തി. പൊലീസ് കർക്കശമെന്ന് തോന്നിയപ്പോൾ കുമ്മിയാട്ടക്കാർ അകത്തുകയറി.
ജീവൻ പണയം വച്ചാണ് ഡോക്ടർമാരും നഴ്‌സുമാരും ആരോഗ്യ പ്രവർത്തകരുമെല്ലാം നാടിനെ നോക്കുന്നത്. അവരെ വെല്ലുവിളിക്കുന്നത് എത്ര മോശമാണ്. അവർക്കും കുടുംബവും കുഞ്ഞുങ്ങളുമുണ്ട്. നല്ല ഭക്ഷണമോ വിശ്രമമോ ഇല്ലാതെയാണ് ഇവർ പ്രവർത്തിക്കുന്നത്. ഗതികെട്ട് രാജിവച്ചാലോ എന്ന് ചോദിക്കുന്നവരുമുണ്ട്. ദൈവത്തെപ്പോലെ കാണേണ്ടവരെ ഇങ്ങനെ മടുപ്പിക്കാമോ ?
കുമ്മല്ലൂരിന് സമാനമായ പ്രശ്നങ്ങൾ പലയിടത്തുമുണ്ട്. ഇതിനെതിരെ സർക്കാരും സംഘടനകളും ഒറ്റക്കെട്ടായി ഇടപെടേണ്ടിയിരിക്കുന്നു. ഇതുപോലെ ഒരു നഴ്‌സും ഇനി കരയാൻ ഇടവരരുത്. നാടിനെ ദുരന്തഭൂമിയാക്കരുത്.. ഈ കൊല്ലത്തുകാരെന്താ ഇങ്ങനെ...?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |