പത്തനംതിട്ട: പുളിക്കീഴിലെ എ.എസ്.ഐക്ക് പിന്നാലെ മലയാലപ്പുഴ എസ്. എച്ച്.ഓയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 22 നാണ് പരിശോധനയ്ക്ക് സ്രവം ശേഖരിച്ചത്. ഇന്നലെയാണ് പരിശോധനാ ഫലം വന്നത്. സ്രവം പരിശോധനയ്ക്ക് നൽകിയ ശേഷം നിരവധി പേരുമായി ഇദ്ദേഹം സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നു. കുമ്പഴ ക്ലസ്റ്ററിൽ നിന്നുള്ളവരുടെ സമ്പർക്കത്തിലൂടെ മലയാലപ്പുഴ പഞ്ചായത്തിൽ രണ്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആക്കിയിരുന്നു. എസ്.എച്ച്.ഓ അടക്കമുള്ളവർ ഇവിടെ പട്രോളിംഗ് നടത്തിയിരുന്നു. ഇവിടെ നിന്നാകാം കൊവിഡ് ബാധിച്ചതെന്നു സംശയിക്കുന്നു. ഇതോടെ സ്‌റ്റേഷൻ അടയ്‌ക്കേണ്ട സ്ഥിതിയാണ് . അതേ സമയം, കോന്നി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ് . 35 പൊലീസുകാരുടെയും സഹായികളായ 7 പേരുടേയും സ്രവമായിരുന്നു പരിശോധനയ്ക്കയച്ചത്. സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ച അടൂർ പൊലീസ് സ്റ്റേഷനിലെ സി.ഐ യും എസ്.ഐയും ഉൾപ്പടെയുള്ളവരുടെ കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവാണ്. പൊലീസ് സ്റ്റേഷനിൽ മൊഴിയെടുക്കാനും പരാതി നല്കാനും എത്തിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇവർ നിരീക്ഷണത്തിൽ പോയത്.
ഇവരുടെ സ്രവ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |