ന്യൂഡൽഹി: റാഫേൽ വിമാനങ്ങൾ ഇന്ത്യയിലെത്തിയിട്ടും സർക്കാരിനെതിരെ ചോദ്യങ്ങൾ നിരത്തി വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രംഗത്ത്. ഓരോ വിമാനത്തിനും 526 കോടി രൂപയ്ക്ക് പകരം 1670 കോടി രൂപ ചിലവാക്കുന്നത് എന്തുകൊണ്ടെന്നാണ് രാഹുലിന്റെ പ്രധാന ചോദ്യം. 126 ന് പകരം 36 വിമാനങ്ങൾ വാങ്ങിയത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിക്കുന്നു.
എച്ച്.എ.എല്ലിന് പകരം അനിൽ അംബാനിക്ക് 30,000 കോടിയുടെ കരാർ നൽകിയത് എന്തുകൊണ്ടെന്നും രാഹുൽ കേന്ദ്രസർക്കാരിനോട് ആരാഞ്ഞു. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് രാഹുൽ ഉന്നയിച്ച ചോദ്യങ്ങളാണ് വിമാനങ്ങൾ ഇന്ത്യയിലെത്തിയതിന് പിന്നാലെ അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്.
അതിനിടെ റാഫേൽ പോർവിമാനങ്ങൾ ഇന്ത്യയിലെത്തി. അംബാല വ്യോമത്താവളത്തിൽ പറന്നിറങ്ങിയ അഞ്ചു വിമാനങ്ങൾ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ആർ.കെ ബദൗരിയ സ്വീകരിച്ചു. ഇന്ത്യയുടെ പരമാധികാരത്തെ ഭീഷണിപ്പെടുത്തുന്നവർ ആശങ്കപ്പെടണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചൈനയ്ക്ക് പരോക്ഷ മുന്നറിയിപ്പ് നൽകി.
റാഫേലിന്റെ വരവ് പ്രതിരോധശേഷിയിൽ വിപ്ലവമുണ്ടാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു. പുതുയുഗപ്പിറവിയാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഫ്രഞ്ച് സർക്കാരിനും രാജ്നാഥ് സിംഗ് നന്ദി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |