പദ്‌മരാജൻ എന്ന വിസ്‌മയം മലയാള സിനിമയ്‌ക്ക് സമ്മാനിച്ച മഹത്തരമായ സൃഷ്‌ടി തന്നെയാണ് തൂവാനത്തുമ്പികൾ. കേന്ദ്രകഥാപാത്രമായ ജയകൃഷ്‌ണന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം മോഹൻലാലിന്റെ അഭിനയ ജീവിതത്തിലും നാഴികകല്ലായി മാറി. സിനിമയിലെ ഓരോ കഥാപാത്രത്തെയും അവിസ്‌മരണീയമാകും വിധത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് പദ്‌മരാജന്റെ ക്രാഫ്‌റ്റ്മാൻഷിപ്പ്. അശോകൻ അവതരിപ്പിച്ച റിഷിയും, ബാബു നമ്പൂതിരിയുടെ തങ്ങളുമെല്ലാം ഇന്നും പ്രേക്ഷകരുടെ മനസിൽ മായാതെ നിൽക്കുന്നതിനു കാരണം ആ സംവിധാന വൈദഗ്‌ദ്ധ്യം തന്നെയാണ്. 33 വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു ജൂലായ് 31നാണ് തൂവാനത്തുമ്പികൾ പ്രേക്ഷകന് മുന്നിലെത്തിയത്.
സിനിമയിലെ ഓരോ ഓർമ്മയും തനിക്ക് ഏറെ പ്രയപ്പെട്ടതാണെന്ന് പറയുകയാണ് നടൻ അശോകൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് തൂവാനത്തുമ്പികളുടെ ചിത്രീകരണ വിശേഷങ്ങൾ അദ്ദേഹം പങ്കുവയ്‌ക്കുന്നത്. മോഹൻലാലുമൊത്തുള്ള ഗാനചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവവും അശോകൻ വിവരിക്കുന്നുണ്ട്.
അശോകന്റെ വാക്കുകൾ-
'മോഹൻലാൽ ഒരു കംപ്ളീറ്റ് ആക്‌ടറാണ്; അത് ഞാൻ പറയാതെ തന്നെ നിങ്ങൾക്കെല്ലാവർക്കും അറിയാം. പക്ഷേ പലർക്കും മോഹൻലാൽ എന്ന വ്യക്തിയെ കുറിച്ചും അദ്ദേഹത്തിന്റെ ക്ഷമയെ കുറിച്ചും അധികമറിയില്ല. തൂവാനത്തുമ്പികൾ ഷൂട്ട് ചെയ്യുന്ന അവസരത്തിൽ ഒരു ചെറിയ അനുഭവം ഉണ്ടായിട്ടുണ്ട്. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു സീനും പാട്ടുമായിരുന്നു എടുത്തുകൊണ്ടിരുന്നത്. നിയന്ത്രിക്കാൻ അവാത്തവിധമുള്ള ജനസമൂഹം അവിടെയുണ്ടായിരുന്നു. മോഹൻലാലിന്റെ ഫാൻസ് തന്നെ ധാരാളമുണ്ടായിരുന്നു. പൊലീസുകാർക്ക് ഇവരെ കൺട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടായി. ഷൂട്ടിംഗ് തടസമാകുന്ന സന്ദർഭങ്ങൾ. ദേവാലയമായതു കാരണം നിയന്ത്രിക്കാൻ പൊലീസുകാർക്കും പരിധിയുണ്ടായിരുന്നു. 'ബഹളം വയ്‌ക്കരുത് ഷൂട്ട് കഴിഞ്ഞ് ഞാൻ അങ്ങോട്ട് വരാം' എന്ന് മോഹൻലാൽ ഇടയ്‌ക്ക് പറയുന്നുമുണ്ടായിരുന്നു. പക്ഷേ ബഹളം തുടർന്നുകൊണ്ടേയിരുന്നു.
ഇടയ്‌ക്ക് ഒരു ഷോട്ട് കഴിഞ്ഞ ഗ്യാപ്പിൽ ഞങ്ങൾ ഒന്ന് ഫ്രീയായി വന്നപ്പോൾ; ബഹളക്കാർക്കിടയിൽ നിന്ന് ഒരാൾ ഓടി വന്ന് മോഹൻലാലിന്റെ കൈയിൽ കയറി പിടിച്ചു. അയാൾ തോളിൽ കൈയിടുകയും, ഷർട്ടിൽ പിടിക്കുകയുമെല്ലാം ചെയ്‌തതോടെ മോഹൻലാൽ ഞെട്ടിപ്പോയി. ദേഷ്യം വന്ന ലാൽ അയാളുടെ കോളറിൽ കയറി പിടിച്ച് 'എന്താടാ ചെയ്‌തേ' എന്ന് ചോദിച്ചു. നീയാണോ ബഹളം വച്ചതെന്ന് അദ്ദേഹം യുവാവിനോട് ക്ഷുഭിതനായി.
അയാളുടെ മറുപടി ഇങ്ങനെയായിരുന്നു- 'ചേട്ടാ ക്ഷമിക്കണം. മനപൂർവം ചെയ‌്തതല്ല. എന്റെ കുറച്ച് ഫ്രണ്ട്സുമായിട്ടുള്ള പന്തയത്തിന്റെ പേരിൽ ചെയ്‌തു പോയതാണ്. ലാലേട്ടന്റെ കൈയിൽ ഒന്ന് പിടിക്കുകയോ, തൊടുകയോ ചെയ്യാൻ പറ്റുമോ എന്നായിരുന്നു പന്തയം. അതിന്റെ പുറത്താണ് വന്നത്, ക്ഷമിക്കണം'.
ഇതുകേട്ടതും മോഹൻലാൽ കൂളായി. വന്ന ദേഷ്യം പെട്ടെന്ന് മാറിയിട്ട് അയാളെ സമാധനിപ്പിച്ച് വിടുകയായിരുന്നു. അങ്ങനെയുള്ള സ്വഭാവം കൂടിയുണ്ട് ലാലിന്'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |