ന്യൂഡൽഹി: അറിയുന്നതും അറിയാത്തതുമായ 100ലേറെ കൊലക്കേസുകൾ. അവയിൽ ഒന്നിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു ഈ ആയുർവേദ ഡോക്‌ടർ. 16 വർഷത്തെ ശിക്ഷക്കൊടുവിൽ പരോൾ അനുവദിച്ചതും പുറത്തിറങ്ങി മുങ്ങി. പൊലീസ് അന്വേഷിച്ച് കണ്ടെത്തുമ്പോൾ ഡൽഹിയിൽ ഒരിടത്ത് കല്യാണമൊക്കെ കഴിഞ്ഞ് സുഖമായി കഴിയുന്നു കക്ഷി. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ ദേവേന്ദർ ശർമ്മ എന്ന ആയുർവേദ ഡോക്‌ടറാണ് ആ കൊടും ക്രിമിനൽ. 1984ൽ തന്റെ 26ആം വയസ്സിൽ ഇയാൾ ആയുർവേദ ഡോക്‌ടറായി. രാജസ്ഥാനിൽ പ്രാക്‌ടീസും തുടങ്ങി. ഈ സമയം ഒരു ഗ്യാസ് ഏജൻസിക്കായി 11 ലക്ഷം രൂപ ഇയാൾ നിക്ഷേപിച്ചു. എന്നാൽ ഏജൻസി പൂട്ടി കൂട്ടുകാർ മുങ്ങി. ഇതോടെ വ്യാജ ഏജൻസി തുടങ്ങി.
ഇക്കാലത്ത് കുറച്ച് ആളുകളെ കൂട്ടി ഗ്യാസ് ലോറികൾ വഴിയിൽ തടഞ്ഞ് നിർത്തി ഡ്രൈവറെ വധിച്ച ശേഷം ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ച് വിറ്റു. 24ഓളം പേരെ ഇക്കാലത്ത് കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. വൈകാതെ വൃക്ക വ്യാപാര റാക്കറ്റുമായി ബന്ധം സ്ഥാപിച്ച ശർമ്മ ഡോ.അമിത് എന്ന കുപ്രസിദ്ധ വൃക്ക വ്യാപാരിയെ പരിചയപ്പെടുന്നു. ഇങ്ങനെ 125ഓളം അനധികൃത ഓപ്പറേഷനുകൾ ഇയാൾ നടത്തി. ഒരു ഓപ്പറേഷന് 7 ലക്ഷം രൂപയായിരുന്നു നിരക്ക്.
പിന്നീട് ദേവേന്ദർ ശർമ്മയും സംഘവും വാഹനങ്ങൾക്കായി കാർ ഡ്രൈവർമാരെ കൊലപ്പെടുത്തി തുടങ്ങി. കാർ സ്വന്തമാക്കിയ ശേഷം മറിച്ചുവിറ്റിരുന്നു. മരണമടയുന്ന ഡ്രൈവർമാരുടെ ശരീരം ഉത്തർപ്രദേശിലെ ഹസാരാ കനാലിലെ മുതലകൾക്ക് ഇട്ടുകൊടുത്തിരുന്നു. വൈകാതെ ഇത്തരത്തിൽ ഒരു കേസിൽ പിടിയിലായതോടെ 2004ൽ ഇയാൾ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലുമായി.
തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ പരോളിലിറങ്ങി മുങ്ങിയ ശർമ്മയെ ഡൽഹി ക്രൈംബ്രാഞ്ച് സൂചനകൾ ലഭിച്ചതിനെ തുടർന്ന് പിടികൂടുകയായിരുന്നു. റിയൽ എസ്‌റ്രേറ്റ് വിൽപനക്കാരനായായിരുന്നു 62കാരൻ ദേവേന്ദർ ശർമ്മയുടെ ഒളിവ് ജീവിതം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |