ലണ്ടൻ : ലോകപ്രശസ്ത ബ്രിട്ടീഷ് സംവിധായകൻ സർ അലൻ പാർക്കർ അന്തരിച്ചു. 76 വയസായിരുന്നു. ഫെയിം, ബഗ്സി മലോൺ, എവിറ്റ തുടങ്ങി ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒട്ടനവധി ചിത്രങ്ങളുടെ സംവിധായകനാണ്.
മിഡ്നൈറ്റ് എക്സ്പ്രസ്, മിസിസിപ്പി ബേണിംഗ്, ദ കമ്മിറ്റ്മെന്റ്സ്, ഏഞ്ചലാസ് ആഷസ്, ഏഞ്ചൽ ഹാർട്ട്, ബേർഡി തുടങ്ങിയവയാണ് രണ്ട് തവണ ഓസ്കാർ നോമിനേഷൻ ലഭിച്ച പാർക്കറുടെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ. ദൂർഘനാളായി വാർദ്ധക്യ സഹജമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന പാർക്കർ ഇന്നലെ ലണ്ടനിലാണ് അന്തരിച്ചത്. ലിസ മോറൻ പാർക്കർ ആണ് ഭാര്യ. അഞ്ച് മക്കളുണ്ട്.
ദ ഡയറക്ടേഴ്സ് ഗിൽഡ് ഒഫ് ഗ്രേറ്റ് ബ്രിട്ടന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായ പാർക്കർ, യു.കെ ഫിലിം കൗൺസിലിന്റെ ആദ്യ ചെയർമാൻ ആയിരുന്നു. 1995ൽ കമ്മാൻഡർ ഒഫ് ദ ഓർഡർ ഒഫ് ദ ബ്രിട്ടീഷ് എമ്പയർ, 2002ൽ നൈറ്റ്‌ഹുഡ് എന്നീ പദവികൾ നൽകി ആദരിച്ചു. മികച്ച സംവിധായകനുള്ള ഓസ്കാർ സ്വന്തമാക്കാൻ കഴിയാതെ പോയെങ്കിലും പാർക്കറുടെ ചിത്രങ്ങൾക്ക് 6 ഓസ്കാറും 10 ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
1944ൽ ലണ്ടനിൽ ജനിച്ച പാർക്കർ പരസ്യമേഖലയിൽ കോപ്പി റൈറ്റർ ആയാണ് തന്റെ കരിയർ ആരംഭിച്ചത്. എന്നാൽ ഞൊടിയിടയിൽ തന്നെ പരസ്യമേഖലയിലെ തിരക്കഥാ രചയിതാവായും സംവിധായകനായും പാർക്കർ വളർന്നു.
1974ൽ ബി.ബി.സിയ്ക്ക് വേണ്ടി സംവിധാനം ചെയ്ത ' ദ ഇവാക്വീസ് ' മികച്ച ഏകാംഗ നാടകത്തിനുള്ള ബാഫ്റ്റ പുരസ്കാരം നേടി. പാർക്കർ തന്റെ ചിത്രങ്ങളിലൂടെ സ്വന്തമാക്കിയിട്ടുള്ള 19 ബാഫ്റ്റ പുരസ്കാരങ്ങളിൽ ആദ്യത്തേതായിരുന്നു അത്. ബ്രിട്ടീഷ് സിനിമയ്ക്ക് നൽകിയ അതുല്യ സംഭാവനകളുടെ പേരിൽ 1984ൽ ബാഫ്റ്റ പാർക്കറിന് മൈക്കൽ ബാൽക്കൺ പുരസ്കാരം നൽകി ആദരിച്ചു. 2013ൽ ബാഫ്റ്റ ഫെല്ലോഷിപ്പും ലഭിച്ചു.
കെവിൻ സ്പെയ്സി, കെയ്റ്റ് വിൻസ്‌ലെറ്റ് എന്നിവർ അഭിനയിച്ച് 2003ൽ പുറത്തിറങ്ങിയ ' ദ ലൈഫ് ഒഫ് ഡേവിഡ് ഗെയ്‌ൽ ' ആണ് പാർക്കർ അവസാനമായി സംവിധാനം ചെയ്ത ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |