ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി രണ്ടാഴ്ചയ്‌ക്കകം ഒഴിയുമെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഫർണിച്ചർ തുടങ്ങിയ സാധനങ്ങൾ പാക്ക് ചെയ്‌തു. ചിലത് പുതിയ വീട്ടിലേക്ക് മാറ്റി. 10 ദിവസത്തിനകം ഒഴിയും. പരമാവധി രണ്ടാഴ്ചയെന്നും ചന്ദ്രചൂഡ് വ്യക്തത വരുത്തി. കേന്ദ്രസർക്കാർ അലോട്ട് ചെയ്‌ത തീൻ മൂർത്തി മാർഗിലെ വസതിയിലേക്കാണ് മാറുന്നത്. റിട്ടയേർഡ് ജഡ്‌ജിക്ക് ആറുമാസം താമസിക്കാൻ ഇത്തരത്തിൽ വസതി അനുവദിക്കാറുണ്ട്. 2024 നവംബറിലാണ് ചന്ദ്രചൂഡ് വിരമിച്ചത്. ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയായ 5,കൃഷ്‌ണ മേനോൻ മാർഗിലെ ഔദ്യോഗിക വസതിയിൽ തുടർന്നതോടെ ഒഴിപ്പിക്കൽ നടപടിക്ക് സുപ്രീംകോടതിയിലെ ഭരണവിഭാഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പെൺമക്കളുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി
നെമാലിൻ മയോപതി എന്ന മെഡിക്കൽ അവസ്ഥയിലൂടെ കടന്നുപോകുകയാണ് ചന്ദ്രചൂഡിന്റെ പെൺമക്കളായ പ്രിയങ്കയും മാഹിയും. 2021-22 കാലത്ത് പ്രിയങ്കയെ 44 ദിവസം ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. വീട്ടിൽ ഉയർന്ന നിലവാരമുള്ള ശുചിത്വം ഉറപ്പാക്കേണ്ടതുണ്ട്. തനിക്കു മാത്രമല്ല,ചീഫ് ജസ്റ്റിസുമാരായിരുന്ന യു.യു. ലളിതിനും എൻ.വി. രമണയ്‌ക്കും ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിൽ താമസിക്കാൻ കൂടുതൽ സമയം അനുവദിച്ചിരുന്നു. അതിനു ശേഷം മറ്റൊരു വസതിയും കേന്ദ്രം അവർക്ക് അലോട്ട് ചെയ്‌തിരുന്നുവെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |