ന്യൂയോർക്ക് : ഇന്റർനെറ്റ് ലോകം കണ്ട ഏറ്റവും വലിയ ട്വിറ്റർ ഹാക്കിംഗുകളിലൊന്നിന്റെ പിന്നിലെ ' മാസ്‌റ്റർമൈൻഡ് ' യു.എസിലെ ഫ്ലോറിഡ സ്വദേശിയായ 17 കാരനെന്ന് പൊലീസ്. ഫ്ലോറിഡയിലെ താമ്പ സ്വദേശിയായ ഗ്രഹാം ക്ലാർക്ക് എന്ന കൗമാരക്കാരനാണ് പൊലീസിന്റെ പിടിയിലായത്.
ഇലോൺ മസ്ക്, ജോ ബൈഡൻ, അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ, ബിൽ ഗേറ്റ്സ്, ജെഫ് ബെസോസ്, കാന്യേ വെസ്‌റ്റ്, കിം കർദഷിയാൻ, വാറൻ ബഫറ്റ് തുടങ്ങിയ വി.ഐ.പികളുടെ അക്കൗണ്ടാണ് ഗ്രഹാം ഉൾപ്പെടെയുള്ള സംഘം ഹാക്ക് ചെയ്തത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് ഗ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രമുഖരുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഗ്രഹാമും സംഘവും ബിറ്റ്കോയിൻ ആവശ്യപ്പെടുകയായിരുന്നു. ഐഫോൺ, ആപ്പിൾ എന്നിവയുടെ കോർപ്പറേറ്റ് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പ്രമുഖരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ആ അക്കൗണ്ടുകളിൽ നിന്നും സംഘം ട്വീറ്റ് ചെയ്യുകയായിരുന്നു. ' നിങ്ങൾ എത്രത്തോളം ബിറ്റ്കോയിൻ ഡൊണേഷൻ വാലറ്റിലേക്ക് അയയ്ക്കുന്നുവോ അത് ഇരട്ടിയായി മടക്കി നൽകും..' ഇങ്ങനെയായിരുന്നു ട്വീറ്റ്.
സംഘത്തിന്റെ അജ്ഞാത ബിറ്റ്കോയിൻ അക്കൗണ്ടിലേക്കാണ് പണം അയയ്ക്കാൻ ആവശ്യപ്പെട്ടിരുന്നത്. ഇത്തരത്തിൽ ഒറ്റ ദിവസം കൊണ്ട് ബിറ്റ്കോയിൻ രൂപത്തിൽ 100,000 ഡോളറാണ് ഗ്രഹാമും സംഘവും തട്ടിയെടുത്തതെന്ന് ഹിൽസ്ബറോ കൗണ്ടി സ്‌റ്റേറ്റ് അറ്റോർണി ആൻഡ്രൂ വാറൻ പറഞ്ഞു. ട്വിറ്റർ ജീവനക്കാരുടെ കമ്പ്യൂട്ടർ സംവിധാനത്തിൽ കടന്നുകൂടിയാണ് ഗ്രഹാമും സംഘവും തട്ടിപ്പ് നടത്തിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അധികൃതർ അക്കൗണ്ടുകൾ ലോക്ക് ചെയ്യുകയും ട്വീറ്റുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഗ്രഹാമിന്റെ സഹായികളായ യു.കെ സ്വദേശി മേസൺ ജോൺ ഷെപ്പേർഡ് (19 ), ഓർലാന്റോ സ്വദേശി നിമ ഫസേലി ( 22 ) എന്നിവരും അറസ്‌റ്റിലായിട്ടുണ്ട്. ജൂലായ് 15ന് നടന്ന ഈ ഹാക്കിംഗ് പരമ്പര സോഷ്യൽ മീഡിയ ചരിത്രത്തിലെ തന്നെ ഏറ്റവും വലുതായാണ് കണക്കാക്കപ്പെടുന്നത്. ഒരു ട്വിറ്റർ ജീവനക്കാരന്റെയും സഹായം ഗ്രഹാമിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |