എടപ്പാൾ: 'കൈതോലപ്പായ വിരിച്ച്" എന്ന പ്രശസ്തമായ നാടൻ പാട്ടിന്റെ രചയിതാവ് ജിതേഷ് കക്കിടിപ്പുറം (53) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെയാണ് ജിതേഷിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
നാടകരചന, കഥാപ്രസംഗം, ഗാനരചന തുടങ്ങിയ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കക്കിടിപ്പുറം സ്വദേശിയായ ജിതേഷ് പെയിന്റിംഗ് തൊഴിലാളിയായിരുന്നു. 600 ഓളം ഗാനങ്ങളെഴുതിയിട്ടുണ്ട്. തൃശൂർ കരിന്തലക്കൂട്ടം നാട്ടറിവ് പഠന കേന്ദ്രത്തിന്റെ 2018 ലെ കണ്ണമുത്തൻ സംസ്ഥാന ഫോക് ലോർ അവാർഡ് ലഭിച്ചിട്ടുണ്ട്. മൃതദേഹം ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് ടെസ്റ്റിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
കൈതോലപ്പായ മടക്കി ജിതേഷ് യാത്രയായി
പൊന്നാനി: ചേട്ടന്റെ മകളുടെ കാത് കുത്തൽ കണ്ട് ഉള്ളുലഞ്ഞപ്പോഴാണ് 'കൈതോല പായ വിരിച്ച് പായേലൊരുപറ നെല്ലുമളന്ന് കാതുകുത്താൻ ഇപ്പോ വരും...അന്റമ്മാമന്മാര് പൊന്നോ....." എന്ന വരികൾ ജിതേഷിന്റെ മനസിൽ തറഞ്ഞത്. പിന്നീടത് കേരളം നെഞ്ചിലേറ്റുകയും ചുണ്ടിലൊപ്പുകയും ചെയ്തപ്പോൾ നാടൻപാട്ടുകളുടെ രാജാവായി ആ വരികൾ വളർന്നു. പക്ഷേ അന്നും അവന്റെ പിറവി അജ്ഞാതമായി തുടർന്നു.
മലയാളി മനസിന്റെ വരികളായി മാറിയ ആ നാടൻ പാട്ടിന്റെ പിറവി ജിതേഷ് കക്കിടിപ്പുറത്തിലൂടെയാണെന്ന് നാടറിഞ്ഞത് 26 വർഷങ്ങൾക്കിപ്പുറമായിരുന്നു. സ്വകാര്യ ചാനൽഷോയിലെ പരിപാടിക്കിടെ ജിതേഷ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്നാണ് ആസ്വാദകലോകം ഈ കലാകാരനെ തിരിച്ചറിഞ്ഞത്. 1992ലാണ് 'കൈതോല പായ" പിറന്നത്.
അറുനൂറോളം നാടൻപാട്ടുകൾ രചിച്ചിട്ടുണ്ട്. 'കഥ പറയുന്ന താളിയോലകൾ ' എന്ന നാടകം എഴുതുകയും ഗാനരചന, സംഗീതം, സംവിധാനം എന്നിവ നിർവഹിച്ചു. കേരളോത്സവ മത്സരവേദികളിൽ നടൻ, എഴുത്തുകാരൻ, കഥാപ്രാസംഗികൻ, മിമിക്രിക്കാരൻ എന്നീ നിലകളിലും ജിതേഷ് നിറസാന്നിദ്ധ്യമായിരുന്നു. 'പന്ത്" എന്ന സിനിമയ്ക്കായി പാട്ടെഴുതുകയും പാടി അഭിനയിക്കുകയും ചെയ്തു. കുട്ടികൾക്കായി ലളിതഗാനങ്ങൾ, ഏകാങ്ക നാടകങ്ങൾ, പാട്ട് പഠിപ്പിക്കൽ, ഉടുക്കുകൊട്ട് പാട്ട് തുടങ്ങിയ മേഖലയിലും സജീവ സാന്നിദ്ധ്യമായിരുന്നു.
ഏതുനേരവും ചുണ്ടിൽ പുത്തൻവരികൾക്ക് ജന്മമേകുന്ന ജിതേഷ് കക്കിടിപ്പുറം ഗ്രാമത്തിന്റെ സ്വന്തം പാട്ടുകാരനായിരുന്നു. അച്ഛനും അമ്മയും ഒന്നാന്തരം നാടൻ പാട്ടുകാരായിരുന്നു. അവരുടെ വായ്ത്താരിയിൽ നിന്നാണ് ജിതേഷിലെ പാട്ടുകാരൻ രൂപപ്പെട്ടത്. പെയിന്റിംഗ് തൊഴിലാളിയായ ജിതേഷ് ആലങ്കോട് കക്കിടിപ്പുറം സ്വദേശിയാണ്. അതിനിടെ 'ആതിരമുത്തൻ" എന്ന നാടൻപാട്ട് സംഘവുമായി ഊരുചുറ്റുകയും ചെയ്യും. നാടൻപാട്ടുകളുടെ രചനയിൽ മുഴുകുമ്പോഴാണ് പച്ചപ്പിന്റെയും മനുഷ്യന്റെയും മണമുള്ള ഒരുപിടി പാട്ടുകൾ മലയാളത്തിന് സമ്മാനിച്ച ജിതേഷ് നിത്യ മൗനത്തിലേക്ക് യാത്രയാവുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |