കൊയിലാണ്ടി: നഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ട് 171 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ബൃഹത് കുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. സമീപ പഞ്ചായത്തുകളായ കോട്ടൂർ, നടുവണ്ണൂർ, തുറയൂർ എന്നിവയും ഗുണഭോക്താക്കളാണ്. ആദ്യ ഘട്ടത്തിൽ 85 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 86 കോടിയുമാണ് ചെലവ്. 'ജലം ജീവാമൃതം' പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബിയുടെ ഭാഗമായാണ് നടപ്പാക്കുന്നത്.
നഗരത്തിൽ മൂന്ന് ടാങ്കുകൾ പദ്ധതിയിൽ നിർമ്മിച്ചു. നടേരി വലിയമലയിലും പന്തലായനി കോട്ടക്കുന്നിലും 19 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കും ടൗണിൽ സിവിൽ സ്റ്റേഷന് സമീപം 35 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കുമാണ് നിർമ്മിച്ചത്. പൈപ്പിടൽ അവസാന ഘട്ടത്തിലെത്തിയതായി നഗരസഭാ ചെയർമാൻ കെ. സത്യൻ പറഞ്ഞു. പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ ജിക്ക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കിണറും 174 ദശലക്ഷം ലിറ്റർ ഉത്പാദന ശേഷിയുള്ള വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റുമാണ് മുഖ്യ ജല ശ്രോതസ്. കുടിവെള്ളമെത്തിക്കുന്ന ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |